Wednesday, November 27, 2024

ആകാശ സീമകള്‍ സ്വപ്‌നം കണ്ട മിന്നും താരം! കല്‍പ്പന ചൗള ഓര്‍മ്മയായിട്ട് ഇരുപത്തൊന്ന് വര്‍ഷം

ഇരുപത് വര്‍ഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി ഒന്നാം തിയതി ലോകം ഉണര്‍ന്നത് ഒരു വന്‍ ദുരന്തവാര്‍ത്തയെ എതിരേല്‍ക്കാനാണ്. ബഹിരാകാശത്തു നിന്നും ഭൂമിയിലേയ്ക്ക് തിരികെ വരികയായിരുന്നു കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടില്‍. അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ കെന്നഡി സ്‌പേസ് സെന്ററില്‍ രാവിലെ എത്താനായിരുന്നു കൊളംബിയയുടെ ലക്ഷ്യം. എന്നാല്‍ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

അന്തരീക്ഷത്തില്‍ പ്രവേശിച്ച് മുന്നോട്ടു ചലിക്കുന്നതിനിടെ തന്നെ കൊളംബിയ തീപിടിച്ചു തുടങ്ങി. ഒടുവില്‍ ഒരു നക്ഷത്രം പൊലിയുംപോലെ ടെക്‌സസിന്റെ ആകാശത്ത് ആ ബഹിരാകാശ വാഹനം മിന്നിപ്പൊലിഞ്ഞു.

സംഭവം നടന്നത് യുഎസിലാണെങ്കിലും അത് നോവിച്ചത് കോടിക്കണക്കിന് ഇന്ത്യന്‍ ഹൃദയങ്ങളെക്കൂടിയാണ്. കാരണം, കൊളംബിയ ബഹിരാകാശ ദുരന്തത്തില്‍ മരിച്ച ഏഴ് യാത്രികരില്‍ കല്‍പന ചൗളയുമുണ്ടായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരി എന്ന അഭിമാനകരമായ പെരുമ സ്വന്തമാക്കിയ കല്‍പ്പന ചൗള.

കല്‍പ്പനയുടെ ജീവിതയാത്ര

1962 മാര്‍ച്ച് 17നാണ് കല്‍പ്പന ചൗള ജനിച്ചത്. ഇന്ത്യക്കാരിയായി ജനിച്ചെങ്കിലും വിമാനങ്ങളോടും ആകാശയാത്രകളോടും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന കല്‍പ്പന 1988 ല്‍ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയില്‍ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ ശേഷം നാസ അമേസ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 1991 ഏപ്രിലില്‍ അമേരിക്കന്‍ പൗരയായി മാറി. തുടര്‍ന്ന് നാസയില്‍ ആസ്‌ട്രോനോട്ട് കോര്‍പ്‌സിന് അപേക്ഷിച്ചു. പുതിയ കാലത്ത് പോലും വലിയൊരു വിഭാഗത്തിനും സ്വപ്നം കാണാന്‍ സാധിക്കാത്ത കാര്യങ്ങളാണ് 80-90 കാലഘട്ടങ്ങളില്‍ കല്‍പന യഥാര്‍ഥ്യമാക്കിയത്.

1997 നവംബര്‍ 18 നായിരുന്നു കല്‍പ്പന ചൗളയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം. ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യന്‍ വംശജയായ ആദ്യ വനിതയാണ് കല്‍പ്പന ചൗള. എസ്ടിഎസ് -87 എന്ന ദൗത്യത്തിലെ ആറ് ബഹിരാകാശ യാത്രികരില്‍ ഒരാളായിരുന്നു ചൗള. ആദ്യയാത്രയില്‍ 375 മണിക്കൂറുകളോളം കല്‍പന ബഹിരാകാശത്തു ചെലവഴിച്ചു. 65 ലക്ഷം മൈല്‍ ദൂരം താണ്ടി. എസ്ടിഎസ് -107 ക്രൂവിന്റെ ഭാഗമായി 2001 ല്‍ കല്‍പ്പനയെ രണ്ടാമത്തെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തു.

2003 ജനുവരി 16നാണ് കല്‍പ്പന രണ്ടാം തവണ ബഹിരാകാശത്തേക്കു പറന്നുയര്‍ന്നത്. എന്നാല്‍ 2003 ഫെബ്രുവരി 1 ന് ടെക്‌സാസില്‍ സ്‌പേസ് ഷട്ടില്‍ കൊളംബിയ വിഘടിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനിടെ ദൗത്യം പരാജയപ്പെട്ടു. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ അതായത് ഷെഡ്യൂള്‍ ലാന്‍ഡിംഗിന് 16 മിനിറ്റ് മുമ്പ്, സ്‌പേസ് ഷട്ടില്‍ കൊളംബിയ എസ്ടിഎസ് -107 ഭൂമിയിലേയ്ക്കുള്ള പ്രവേശന സമയത്ത് കത്തിയമര്‍ന്നു. ഇതിനെ തുടര്‍ന്ന് 2003 ഫെബ്രുവരി 1 ന് ദൗത്യത്തിന്റെ ഭാഗമായിരുന്ന എല്ലാവരും മരണമടഞ്ഞു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാല്‍ ഈ ദൗത്യം വിഫലമായി. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണം.

അംഗീകാരങ്ങള്‍

2003 ല്‍ അന്നത്തെ സര്‍ക്കാര്‍ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ മെറ്റ്‌സാറ്റിനെ ”കല്‍പ്പന” എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. യുവ വനിതാ ശാസ്ത്രജ്ഞരെ അംഗീകരിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ 2004 ല്‍ കല്‍പ്പന ചൗള അവാര്‍ഡ് ഏര്‍പ്പെടുത്തി. കല്‍പ്പന ചൗളയുടെ സ്മരണയ്ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി തെരുവുകളും സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും കല്‍പ്പന ചൗള എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

ആകാശ സീമ കടന്ന ആദ്യ ഇന്ത്യന്‍ വനിത! ഇന്ത്യന്‍ ജനത കല്‍പ്പനയെ എന്നും ഓര്‍ക്കാന്‍ ഈ ഒരു കാരണം മാത്രം മതി. ഹരിയാനയുടെ മകള്‍ ബഹിരാകാശം കീഴടക്കിയ കഥ ഒരു തലമുറയുടെ സ്വപ്നങ്ങള്‍ക്കാണ് നിറം പകര്‍ന്നത്.

കല്‍പ്പനയുടെ അച്ഛന്‍ പറഞ്ഞത്

കല്‍പന മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ച് അച്ഛന്‍ ലൗല്‍ ചൗള പറഞ്ഞത് ഇങ്ങനെ:

‘ആദ്യമായി വിമാനം കാണുമ്പോള്‍ കല്‍പനയുടെ പ്രായം മൂന്നോ നാലോ വയസ്സു മാത്രമാണ്. വീടിന്റെ ടെറസില്‍ കളിക്കുമ്പോഴാണ് വിമാനം പറന്നുപോവുന്നത് കണ്ടത്. അവളുടെ ആവേശം കണ്ടതോടെ അടുത്തുള്ള ഫ്ളൈയിങ് ക്ലബിലേക്ക് കൊണ്ടുപോവുകയും ഒരു പൈലറ്റ് ഞങ്ങളെ സവാരിക്ക് കൊണ്ടുപോവുകയും ചെയ്തു. കല്‍പനയുടെ സന്തോഷം വാക്കുകള്‍ക്കതീതമായിരുന്നു. അവള്‍ക്കെന്നും പറക്കണമെന്നായിരുന്നു ആഗ്രഹം.

കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനു വേണ്ടി ദുരിതം അനുഭവിക്കരുതെന്ന് കരുതിയിരുന്ന ആളാണ് കല്‍പന. അവള്‍ തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരുന്നത് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. അവര്‍ക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കണം. അവരെ പഠിക്കാന്‍ അനുവദിക്കണം. പിന്തുണയ്ക്കണം. വിദ്യാഭ്യാസത്തില്‍ പൂര്‍ണശ്രദ്ധ പതിപ്പിക്കാന്‍ അവര്‍ക്കാവശ്യമായതെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം’ അദ്ദേഹം പറഞ്ഞു.

 

Latest News