2022 ഫെബ്രുവരി 24-ന് വ്ളാഡിമിര്‍ പുടിന്‍ 200,000 സൈനികരെ യുക്രെയ്നിലേക്ക് അയച്ചപ്പോള്‍, ദിവസങ്ങള്‍ക്കുള്ളില്‍ തലസ്ഥാനമായ കീവ് തകര്‍ക്കാമെന്നും സര്‍ക്കാരിനെ താഴെയിറക്കാമെന്നും അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. അപമാനകരമായ പല പിന്‍വാങ്ങലുകള്‍ക്കും ശേഷം, അദ്ദേഹത്തിന്റെ പ്രാരംഭ അധിനിവേശ പദ്ധതി വ്യക്തമായി പരാജയപ്പെടുകയാണുണ്ടായത്. പക്ഷേ യുക്രൈനുവേണ്ടിയുള്ള റഷ്യയുടെ യുദ്ധം ഇതുവരെ അവസാനിച്ചിട്ടുമില്ല.
പുടിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു?
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യൂറോപ്യന്‍ അധിനിവേശത്തെ ‘പ്രത്യേക സൈനിക നടപടി’ എന്നാണ് റഷ്യയുടെ നേതാവ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. യുക്രെയ്നിലുടനീളം സിവിലിയന്‍മാരെ ബോംബെറിഞ്ഞ് കൊല്ലുകയും 13 ദശലക്ഷത്തിലധികം ആളുകളെ വിദേശത്ത് അഭയാര്‍ത്ഥികളാക്കുകയോ സ്വന്തം രാജ്യത്തിനകത്ത് തന്നെ കുടിയിറക്കുകയോ ചെയ്ത നടപടിയെ സമ്പൂര്‍ണ്ണ യുദ്ധമെന്ന് പുടിന്‍ ഒരിക്കലും വിശേഷിപ്പിച്ചിട്ടില്ല.
‘യുക്രൈനെ സൈനികവല്‍ക്കരിക്കുക, നിര്‍വീര്യമാക്കുക, ബലപ്രയോഗത്തിലൂടെ അധിനിവേശം നടത്തുക’ എന്നതായിരുന്നു 2022 ഫെബ്രുവരി 24 ന് യുദ്ധം ആരംഭിക്കുമ്പോള്‍ മുതല്‍ പുടിന്റെ പ്രഖ്യാപിത ലക്ഷ്യം. എട്ട് വര്‍ഷത്തെ യുക്രേനിയന്‍ ഭീഷണിയില്‍ നിന്നും വംശഹത്യയില്‍ നിന്നും ആളുകളെ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. യഥാര്‍ത്ഥത്തില്‍ അടിസ്ഥാനമില്ലാത്ത ഒരു റഷ്യന്‍ പ്രചരണ അവകാശവാദം മാത്രമായിരുന്നു അത്. നാറ്റോ യുക്രെയ്‌നില്‍ കാലുറപ്പിക്കുന്നത് തടയുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യുക്രേനിയന്‍ നാസികള്‍ വംശഹത്യ നടത്തിയെന്ന അവകാശവാദവും റഷ്യ ഉന്നയിച്ചു. തുടര്‍ന്ന് യുക്രെയ്‌നിന്റെ നിഷ്പക്ഷ നില ഉറപ്പാക്കുക എന്ന മറ്റൊരു ലക്ഷ്യം കൂടി കൂട്ടിചേര്‍ത്തു. ഇതൊന്നും ഉറക്കെ പറഞ്ഞില്ലെങ്കിലും യുക്രെയ്‌നിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു പുടിന്റെ മറ്റൊരു ലക്ഷ്യം. പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാന്‍ റഷ്യന്‍ സൈന്യം രണ്ട് തവണ ശ്രമിക്കുകയും ചെയ്തിരുന്നു.
അധിനിവേശം ഒരു മാസം പിന്നിട്ടപ്പോള്‍ കൈവ്, ചെര്‍നിഹിവ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങലോടെ പുടിന്റെ പ്രചാരണ ലക്ഷ്യങ്ങളും നാടകീയമായി പിന്നോട്ട് പോയി. പിന്നീടുള്ള പ്രധാന ലക്ഷ്യം ‘ഡോണ്‍ബാസിന്റെ വിമോചനം’ ആയിത്തീര്‍ന്നു. യുദ്ധക്കളത്തിലുണ്ടായ തിരിച്ചടികള്‍ മൂലം നാല് യുക്രേനിയന്‍ പ്രവിശ്യകള്‍ കൂടി ലക്ഷ്യത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ പുടിന്‍ തീരുമാനിച്ചു. അവയിലൊന്നിന്റെയും പൂര്‍ണ നിയന്ത്രണം നേടാനായതുമില്ല.
എന്താണ് പുടിന്‍ നേടിയത്?
റഷ്യയുടെ അതിര്‍ത്തിയില്‍ നിന്ന് ക്രിമിയയിലേക്ക് ഒരു ലാന്‍ഡ് ബ്രിഡ്ജ് സ്ഥാപിച്ചു എന്നതാണ് പ്രസിഡന്റ് പുടിന് അവകാശപ്പെടാന്‍ കഴിയുന്ന ഏറ്റവും വലിയ വിജയം. അത് 2014-ല്‍ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. മരിയുപോള്‍, മെലിറ്റോപോള്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പിടിച്ചെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പക്ഷേ അതും നടന്നില്ല.
റഷ്യ പരാജയപ്പെട്ടോ?
ക്രിമിയയിലേക്കുള്ള ഒരു പ്രദേശിക ഇടനാഴി പിടിച്ചെടുക്കുന്നതിനുമപ്പുറം, റഷ്യയുടെ രക്തരൂക്ഷിതമായ ഈ യുദ്ധം പുടിനും അത് അഴിച്ചുവിട്ട രാജ്യത്തിനും ദുരന്തം മാത്രമാണുണ്ടാക്കിയത്. റഷ്യന്‍ സൈന്യത്തിന്റെ ക്രൂരതയെയും അപര്യാപ്തതയെയും തുറന്നുകാട്ടുന്നതിലും അധികമായി അത് ഒന്നും തന്നെ നേടിയിട്ടില്ല.
മരിയുപോള്‍ പോലുള്ള നഗരങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളും സിവിലിയന്മാര്‍ക്കെതിരെ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ വിശദാംശങ്ങളും ഉയര്‍ന്നുവന്നതോടെ റഷ്യ യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലായി. എന്നാല്‍ റഷ്യയെ ഏറ്റവും ദുര്‍ബലമാക്കിയത് നിരന്തരമായി നേരിടേണ്ടി വന്ന സൈനിക പരാജയങ്ങളാണ്. കൂടാതെ യുക്രൈന് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ പിന്തുണയും റഷ്യയെ തളര്‍ത്തി.
പുടിന് വ്യക്തിപരമായി സംഭവിച്ചത്
70 കാരനായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈനിക പരാജയങ്ങളില്‍ നിന്ന് സ്വയം അകന്നുനിന്നു. എന്നാല്‍ റഷ്യക്ക് പുറത്ത് അദ്ദേഹത്തിന്റെ അധികാരവും വ്യക്തി പ്രഭാവവും പാടേ തകര്‍ന്നു. മാത്രവുമല്ല, റഷ്യയുടെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള യാത്രകളും അദ്ദേഹം പരമാവധി കുറച്ചു. പുടിന്റെ നിലവിലെ ജനപ്രീതി അളക്കാനുള്ള ശ്രമങ്ങളും വന്‍പരാജയമാവുകയാണുണ്ടായത്.
പാശ്ചാത്യ ഉപരോധങ്ങളെ റഷ്യയുടെ സമ്പദ്വ്യവസ്ഥ അതിജീവിച്ചതായി പറയപ്പെടുന്നെങ്കിലും അതിന്റെ ബജറ്റ് കമ്മി കുതിച്ചുയരുകയും എണ്ണ, വാതക വരുമാനം ഗണ്യമായി കുറയുകയും ചെയ്തു.
തന്റെ നയങ്ങളോടുള്ള റഷ്യയിലെ ജനങ്ങളുടെ വിയോജിപ്പ് തടയാന്‍ ‘വ്യാജ വാര്‍ത്തകള്‍’ പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുമെന്നാണ് പ്രഖ്യാപനമുണ്ടായത്. റഷ്യയുടെ നേതൃത്വത്തെ എതിര്‍ത്തവര്‍ക്ക് ഒന്നുകില്‍ പലായനം ചെയ്യേണ്ടി വന്നു, അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ പോലെ ജയിലില്‍ അടയ്ക്കപ്പെട്ടു.
യുദ്ധം അവസാനിച്ചിട്ടില്ല
റഷ്യ തുടര്‍ച്ചയായി പരാജയം രുചിക്കുകയാണെങ്കിലും യുദ്ധം ഇതുവരെയും അവസാനിച്ചിട്ടില്ല. ഡോണ്‍ബാസിനായുള്ള പോരാട്ടം തുടരുകയാണ്. മറ്റ് പ്രധാന പ്രദേശങ്ങളുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ പുടിന്‍ ശ്രമിക്കുമെന്ന് നിരീക്ഷകര്‍ വിശ്വസിക്കുന്നു.
പുടിന് ഇനിയും സൈന്യത്തെ അണിനിരത്താനും യുദ്ധം വലിച്ചുനീട്ടാനും കഴിയും. റഷ്യ ഒരു ആണവശക്തി കൂടിയാണ്. ആവശ്യമെങ്കില്‍ റഷ്യയെ സംരക്ഷിച്ചുകൊണ്ടുതന്നെ അധിനിവേശ യുക്രേനിയന്‍ ഭൂമിയില്‍ കാലുറപ്പിക്കാനും ആണവായുധങ്ങള്‍ ഉപയോഗിക്കാനും തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ലഭ്യമായ എല്ലാ ആയുധ സംവിധാനങ്ങളും തങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കുമെന്നും പുടിന്‍ പറഞ്ഞിട്ടുണ്ട്.
യുക്രൈനിലെ നിലവിലെ അവസ്ഥയെക്കുറിച്ച്, 20 വര്‍ഷമായി യുക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി SJSM പറയുന്നതിങ്ങനെ…
തുടക്കത്തില്‍ വെടിവയ്പ്പിലൂടെയാണ് യുദ്ധം പുരോഗമിച്ചിരുന്നതെങ്കില്‍ നിലവില്‍ യുദ്ധം പുരോഗമിക്കുന്നത് കൂടുതലും റോക്കറ്റ് ആക്രമണത്തിലൂടെയാണ്. ഓരോ ആഴ്ചയും രണ്ടോ മൂന്നോ ദിവസം, അമ്പതില്‍ കുറയാത്ത റോക്കറ്റുകളാണ് റഷ്യ യുക്രൈനിലേയ്ക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു ദിവസം മാത്രം 71 റോക്കറ്റുകളാണ് റഷ്യ യുക്രൈനിലേയ്ക്ക് അയച്ചത്. എന്നാല്‍ യുക്രൈന്‍ സൈന്യത്തിന് അവയില്‍ ബഹുഭൂരിപക്ഷവും പ്രതിരോധിക്കാന്‍ കഴിയുന്നു എന്നതാണ് ആശ്വാസം. ഇപ്പോഴും ഓരോ ദിവസവും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൈറണുകളും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
മാനസികമായി തകര്‍ന്നവര്‍ ഏറെ
യുദ്ധം യുക്രൈന്‍ ജനതയിലെ നല്ലൊരു ശതമാനത്തെ മാനസികമായി ഏറെ തളര്‍ത്തിയതായി സിസ്റ്റര്‍ ലിജി പറയുന്നു. തന്റെ അടുക്കല്‍ നിരവധിയാളുകള്‍ കൗണ്‍സിലിംഗിനായി എത്തുന്നുണ്ടെന്നും രാത്രി-പകല്‍ ഭേദമന്യേ ഉയരുന്ന സൈറണുകളും അപകട വാര്‍ത്തകളും പലരേയും നിരാശയിലേയ്ക്കും ഭയത്തിലേയ്ക്കും തള്ളിവിടുന്നതായും സിസ്റ്റര്‍ പറഞ്ഞു. കൂടാതെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് അനാഥരായവരും ധാരാളം. ഒരു വര്‍ഷത്തോളമായി അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുകയാണ്.
പ്രതീക്ഷ പകരുന്ന കാര്യങ്ങള്‍
യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും അതിന്റെ വാര്‍ഷികത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ചെറിയ ചില പ്രതീക്ഷകള്‍ രാജ്യത്തുടനീളം കാണാനാകും. ഫെബ്രുവരി പകുതി വരെ, നാലു മുതല്‍ ആറു മണിക്കൂര്‍ വരെ മാത്രമാണ് ഇലക്ട്രിസിറ്റി ലഭ്യമായിരുന്നത്. എന്നാല്‍ ഫെബ്രുവരി 15 നുശേഷം 24 മണിക്കൂറും ഇലക്ട്രിസിറ്റി ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ സാധാരണ എല്ലാവര്‍ഷവും മൈനസ് 15 മുതല്‍ 20 വരെയായിരുന്നു തണുപ്പ്. എന്നാല്‍ അത്ഭുതകരമായി ഈ വര്‍ഷത്തെ മഞ്ഞുകാലം വളരെ മിതമായ രീതിയിലാണ് യുക്രൈനെ ബാധിച്ചത്. ഒരാഴ്ച മാത്രമാണ് മൈനസ് ഡിഗ്രി കാലാവസ്ഥയിലൂടെ യുക്രൈന്‍ കടന്നുപോയത്. ഫെബ്രുവരി മാസത്തില്‍ പ്ലസ് ഡിഗ്രി കാലാവസ്ഥ എന്നത് അത്ഭുതമാണ്. അതിനാണ് ഇപ്പോള്‍ ഈ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ദുരിതത്തിലൂടെ കടന്നുപോകുന്ന യുക്രൈനോട് പ്രകൃതി കാണിച്ച കരുണയാണ് കാലാവസ്ഥയിലെ ഈ അത്ഭുതാവഹമായ മാറ്റം എന്നുവേണം കരുതാന്‍. മഞ്ഞുകാലത്ത് മരവിച്ചു ജീവിക്കുന്ന യുക്രൈന്‍ ജനതയെ കൂടുതല്‍ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താം എന്ന റഷ്യയുടെ വ്യാമോഹവും ഇല്ലാതായി.
ഫെബ്രുവരി 24 ന് വലിയ ആക്രമണം?
യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫെബ്രുവരി 24 ന് വലിയ ആക്രമണം റഷ്യയില്‍ നിന്ന് ഉണ്ടാകുമെന്ന് മുന്നറിയിപ്പുകള്‍ യുക്രൈന്‍ ജനതയ്ക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും 2022 ഫെബ്രുവരി 24 ന് അപ്രതീക്ഷിതമായെത്തിയ റഷ്യന്‍ സൈന്യത്തെ അങ്കലാപ്പോടെ നേരിട്ട യുക്രൈനല്ല, 2023 ഫെബ്രുവരി 24 ആകുമ്പോള്‍ ഉള്ളതെന്ന് യുക്രൈന്‍ അധികാരികള്‍ ആത്മവിശ്വാസത്തോടെ പറയുന്നു. നിര്‍ണ്ണായകമായ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ്യത്തെ മീഡിയയും റഷ്യന്‍ ആക്രമണത്തെക്കുറിച്ച് കൃത്യവും വ്യക്തവുമായ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് പൊതുജനത്തെ സഹായിക്കുന്നു. യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ നഷ്ടങ്ങളും വേദനകളും ഏറെ ഉണ്ടായെങ്കിലും യുക്രൈന്‍ സൈന്യവും ജനതയും റഷ്യന്‍ ആക്രമണത്തെ നേരിടാന്‍ ശക്തി കൈവരിച്ചു എന്നു തന്നെയാണ് അവര്‍ അവകാശപ്പെടുന്നത്.