യുക്രൈന്‍ റഷ്യ യുദ്ധം തുടങ്ങിയപ്പോഴാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നും യുക്രൈനില്‍ പോയി വിദ്യാഭ്യാസം നേടുന്നു എന്നകാര്യം വ്യക്തമാകുന്നത്. യുദ്ധഭൂമിയില്‍ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ നിലനില്‍ക്കുമ്പോഴും എന്തുകൊണ്ട് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി യുക്രെയ്ന്‍ തെരഞ്ഞെടുത്തു എന്നതാണ് ആളുകളില്‍ ഉയരുന്ന സംശയം. യുഎസും പടിഞ്ഞാറന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും ചൈന പോലും പതിറ്റാണ്ടുകളായി ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാല്‍ യുക്രൈനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി യുക്രൈന്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്.
കേരളത്തില്‍ നിന്നും തെലങ്കാനയില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും യുക്രെയിനിലേക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നത്. ബിരുദ, ബിരുദാനന്തര കോഴുസുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഇന്ന് യുക്രെയ്നും ഉള്‍പ്പെടുന്നു. യുക്രെയ്നിലെത്തുന്ന 80 ശതമാനം വിദ്യാര്‍ത്ഥികളും മെഡിക്കല്‍, ഡെന്റല്‍, നഴ്സിംഗ് കോഴ്സുകളാണ് തെരഞ്ഞെടുക്കുന്നത്.
യുക്രെയ്നിലെ മെഡിക്കല്‍ വിദ്യാഭ്യാസം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സീറ്റ് നേടിയെടുക്കുന്നതിനേക്കാള്‍ എളുപ്പമാണ് യുക്രെയ്നില്‍ സീറ്റ് ലഭിക്കാന്‍ എന്നത് വിദ്യാര്‍ത്ഥികളെ അവിടേക്ക് ആകര്‍ഷിക്കുന്നു. അതുപോലെ തന്നെ ചെലവു കുറവാണെന്നതും വലിയ മേന്മയാണ്.
ഇന്ത്യയില്‍ മെഡിക്കല്‍ സീറ്റുകള്‍ പരിമിതമാണ്. അതുപോലെ തന്നെ കടുത്ത മത്സരവും നടക്കുന്നു. കുറച്ച് മാര്‍ക്കുള്ളവര്‍ക്ക് സീറ്റ് നേടാന്‍ പ്രയാസമായിരിക്കും. അങ്ങനെ പരാജയപ്പെടുന്നവര്‍ വിദേശത്തുള്ള ഓപ്ഷനുകളെ കുറിച്ച് അന്വേഷിച്ച് തുടങ്ങും. അവയില്‍ തന്നെ പഠനച്ചെലവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഒത്തുവരുന്നത് യുക്രെയ്നിലാണ് എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ യുക്രൈന്റെ സാക്ഷരതാ നിരക്ക് 99.97 ആണ്. ‘നിരക്ഷരതാ നിര്‍മാര്‍ജനം’ എന്ന പേരില്‍ അവിടെ സാക്ഷരതാ പദ്ധതി തന്നെ നടപ്പാക്കിയിരുന്നു.
തലസ്ഥാനമായ കീവില്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ സ്‌കൂള്‍. യുക്രൈനിലെ മെഡിക്കല്‍ കോളേജുകള്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളവയാണ്. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ളതിനാല്‍ അവിടെ നിന്ന് ലഭിക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയിലും സാധ്യതകളുണ്ട്. അവിടെ തന്നെ മാസ്റ്റേഴ്‌സ് കൂടി ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാല്‍ മിക്ക മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സാധാരണയായി 10 വര്‍ഷത്തെ വിസയാണ് തെരഞ്ഞെടുക്കുന്നത്. യുക്രെയ്‌നിലെ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. മെഡിക്കല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കാന്‍ ഒരു അടിസ്ഥാന പ്രവേശന പരീക്ഷയുണ്ട്. അത് വളരെ എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കും.
യുക്രെയ്ന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സര്‍വകലാശാലകളും സ്ഥാപനങ്ങളും 200 മുതല്‍ 250 വര്‍ഷം വരെ പഴക്കമുള്ളതായത് കൊണ്ട് തന്നെ നല്ല നിലവാരവും കാത്തുസൂക്ഷിക്കുന്നു. അതിനുപുറമെ, മെഡിക്കല്‍, ഡെന്റല്‍, നഴ്സിംഗ് കോഴ്സുകള്‍ക്ക് വലിയതോതിലുള്ള അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തുണ്ട്. യുക്രെയ്നില്‍ മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ മെഡിക്കല്‍ കമ്മീഷന്‍ നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ് പാസാകേണ്ടതുണ്ട്. മെഡിക്കല്‍ രംഗത്തിന് പുറമേ, സാമ്പത്തിക ശാസ്ത്രം, വാസ്തുവിദ്യ, വ്യോമായനം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലും ചില സ്ഥാപനങ്ങള്‍ അവിടെ ശ്രദ്ധേയമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെടുന്നതു കൊണ്ട് തന്നെ മലയാളി വിദ്യാര്‍ത്ഥികള്‍ ഒരുപാട് പേര്‍ വര്‍ഷാവര്‍ഷം ഇവിടേക്ക് എത്തിച്ചേരുന്നു.