Tuesday, November 26, 2024

ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ജീവിതം തിരിച്ചുപിടിക്കാനാകാത്ത വേദനയില്‍ ഒരു ജനത

ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് പാത്രങ്ങള്‍ കഴുകുകയാണ് സോങ്കുല്‍ യുസെസോയ്. അവളുടെ മുഖത്ത് ദുഖം തളം കെട്ടിയിരിക്കുന്നു. മെഡിറ്ററേനിയന്‍ തീരത്തിനടുത്തുള്ള സമന്ദാഗ് പട്ടണത്തില്‍ നിന്നുള്ള ഈ കാഴ്ച ഏറെ ദയനീയമാണ്. മാത്രവുമല്ല, സോങ്കുലിന്റെ ബന്ധുക്കളായ 17 പേര്‍ ഭൂകമ്പത്തില്‍ മരിച്ചു. അവളുടെ സഹോദരി തുലൈയെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

തുര്‍ക്കിയിലെയും സിറിയയിലെയും വിനാശകരമായ ഭൂകമ്പങ്ങള്‍ക്ക് ഒരു മാസത്തിനുശേഷം, അതിനെ അതിജീവിച്ചവരെല്ലാം സോങ്കുലിനെപ്പോലെ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. നിലവില്‍ അവരുടെ ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്ന് ജീവിക്കാന്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തുക എന്നതാണ്. കുറഞ്ഞത് 1.5 ദശലക്ഷം ആളുകളെങ്കിലും ഇപ്പോള്‍ ഭവനരഹിതരാണ്. അവര്‍ക്കെല്ലാം ശരിയായ അഭയം കണ്ടെത്താന്‍ എത്ര സമയമെടുക്കുമെന്നും വ്യക്തമല്ല.

അതേസമയം, ഭൂകമ്പമേഖലയില്‍ നിന്ന് രണ്ട് ദശലക്ഷം ആളുകള്‍ ഇപ്പോള്‍ പലായനം ചെയ്തതായി തുര്‍ക്കി ദുരന്ത ഏജന്‍സിയായ അഫാദ് പറയുന്നു. ചിലര്‍ നാട്ടില്‍ തന്നെ സുഹൃത്തുക്കളോടൊപ്പമോ പ്രിയപ്പെട്ടവര്‍ക്കൊപ്പമോ താമസിക്കുന്നു. നാടു വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രദേശത്തിന് പുറത്തേക്കുള്ള വിമാനങ്ങളും ട്രെയിനുകളും സൗജന്യവുമാണ്.

ആരൊക്കെ പോയാലും താനും കുടുംബവും എവിടെയും പോകുന്നില്ലെന്ന് സോങ്കുല്‍ ഉറപ്പിച്ചു പറയുന്നു. ‘കാരണം ഇവിടം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഇനി എന്ത് സംഭവിച്ചാലും – വീട് പൂര്‍ണമായും തകര്‍ന്നാലും – ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഇതാണ് ഞങ്ങളുടെ വീട്, ഞങ്ങളുടെ കൂട്. ഞങ്ങള്‍ക്കുള്ളതെല്ലാം ഇവിടെയുണ്ട്. ഞങ്ങള്‍ എവിടേയ്ക്കും പോകുന്നില്ല’. അവള്‍ പറഞ്ഞു.

സോങ്കുലിന്റെ വീട്ടിലെ വിലപിടിപ്പുള്ള ഫര്‍ണിച്ചറെല്ലാം വീട്ടില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം വലിച്ചെടുത്ത് പുറത്ത് സജ്ജീകരിച്ചിരിക്കുന്നു. തകര്‍ന്ന വീട്ടില്‍ നിന്ന് ഏതാനും ചുവടുകള്‍ മാത്രം അകലെയുള്ള മൂന്ന് ടെന്റുകളിലായാണ് ഇപ്പോള്‍ സോങ്കലിന്റെ മുഴുവന്‍ കുടുംബവും താമസിക്കുന്നത്. അവര്‍ അവിടെ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഒരു ചെറിയ ക്യാമ്പിംഗ് സ്റ്റൗവിലാണ് പാചകം. വെള്ളത്തിനായി താല്‍ക്കാലിക തടി ഷെഡില്‍ പ്ലംബിംഗ് നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ശരിയായിട്ടില്ല. അതുകൊണ്ട് ശരിയായ ടോയ്ലറ്റ് സൗകര്യം ഇല്ല. കൂടാതെ ഈ ഇടുങ്ങിയ കൂടാരങ്ങളില്‍ സ്ഥലത്തിന്റെയും സ്വകാര്യതയുടെയും അഭാവവും വ്യക്തമാണ്.

ഭൂകമ്പം സൃഷ്ടിച്ച ഭവനരഹിതരുടെ പ്രതിസന്ധി വളരെ രൂക്ഷമാണ്. കാരണം സുരക്ഷിതമായ ഇടങ്ങളുടെ കുറവ് അവരുടെ മനസിനേയും ശരീരത്തേയും പ്രതികൂലമായി ബാധിക്കുന്നു. 160,000-ലധികം കെട്ടിടങ്ങള്‍ തകരുകയോ സാരമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) കണക്കാക്കുന്നത്, കുറഞ്ഞത് 1.5 ദശലക്ഷം ആളുകള്‍ ഇപ്പോഴും ഭൂകമ്പ മേഖലയ്ക്കുള്ളിലാണെന്നും അവര്‍ക്ക് ജീവിക്കാന്‍ വാസസ്ഥലമില്ലെന്നുമാണ്. യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ ഉയര്‍ന്നേക്കാം എന്നാണ് വിലയിരുത്തല്‍.

ക്യാബിനുകളും ടെന്റുകളും എത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും തികയുന്നില്ല. ചില നഗരങ്ങളില്‍, ആളുകള്‍ ഇപ്പോഴും പൊതു കെട്ടിടങ്ങളില്‍ താമസിക്കുന്നു. അദാനയില്‍, ഒരു വോളിബോള്‍ കോര്‍ട്ടില്‍ പുതപ്പുകളും മെത്തകളും വിരിച്ച് ആളുകള്‍ കുടുംബമായി കിടക്കുന്നത് കാണാം. തുറമുഖ നഗരമായ ഇസ്‌കെന്‍ഡറുണില്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ട് ട്രെയിനുകളിലാണ് കുറേയാളുകള്‍ താമസിക്കുന്നത്. നഗരങ്ങളിലെ ഇരിപ്പിടങ്ങള്‍ പോലും കിടക്കകളായി മാറിയിരിക്കുന്നു.

എല്ലാ കുടുംബങ്ങളിലേയും കുട്ടികളും ഏറെ ബുദ്ധിമുട്ടിലാണ്. അവരുടെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം ഭൂകമ്പത്തില്‍ നശിച്ചു. സ്‌കൂളില്ല, ക്ലാസുമില്ല. ‘ബോറടിക്കുന്നു’ എന്നാണ് കുട്ടികളെല്ലാം പറയുന്നത്. അവരെ തിരക്കിലാക്കാന്‍ ഒന്നുമില്ല. പല കുട്ടികളും വെറുതെ ഇരിക്കും, അല്ലെങ്കില്‍ ഫോണില്‍ കളിക്കും, ചാര്‍ജ് തീര്‍ന്നാല്‍ നേരത്തെ ഉറങ്ങും. രാത്രിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. പലയിടത്തും വൈദ്യുതിയില്ല. ചിലയിടങ്ങളില്‍ മാത്രം സോളാര്‍ ലൈറ്റുകള്‍ ഉണ്ട്.

‘ഇതെല്ലാം ഞങ്ങള്‍ക്ക് പുതിയതാണ്, ഭാവി എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. കൂടാതെ എല്ലായ്പ്പോഴും ഭയമാണ്. ഞങ്ങളുടെ വീടുകള്‍ തകര്‍ന്നു, അടുത്തതായി എന്ത് സംഭവിക്കും? ഞങ്ങള്‍ക്കറിയില്ല’. സോങ്കുല്‍ കണ്ണീരോടെ പറയുന്നു.

സ്വന്തം രാജ്യത്ത് ഭവനരഹിതരായെങ്കിലും അവര്‍ അഭയാര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു.

Latest News