ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ 17 വയസുകാരിയെ ഭര്‍ത്താവ്, സജ്ജാദ് ഹെയ്ദാരി ശിരഛേദം ചെയ്ത സംഭവം കൊലപാതകത്തിനും ലിംഗാധിഷ്ഠിത അക്രമത്തിനും എതിരെയുള്ള രാജ്യത്തെ നിയമങ്ങളില്‍ വിശ്വസിക്കുന്നവരുടെ ഇടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇറാന്റെ ഔദ്യോഗിക ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഐആര്‍എന്‍എ) പ്രസ്തുത കൊലപാതകത്തെ ‘ദുരഭിമാനക്കൊല’ എന്നാണ് വിശേഷിപ്പിച്ചത്.
ഒരു കൈയ്യില്‍ ഭാര്യയുടെ അറുത്ത ശിരസ്സും മറു കൈയ്യില്‍ കത്തിയും പിടിച്ച്, പുഞ്ചിരിച്ചുകൊണ്ട് പ്രവിശ്യാ തലസ്ഥാനമായ അഹ്വാസിലൂടെ സജ്ജാദ് ഹെയ്ദാരി നടക്കുന്നതായുള്ള ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതായും ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപകമായി സമൂഹമാധ്യമങ്ങൡൂടെ ഷെയര്‍ ചെയ്യപ്പെട്ട ഈ ചിത്രങ്ങള്‍ ഇതേ സംഭവത്തില്‍ നിന്നുള്ളതാണെന്ന് പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
വടക്കന്‍ ഇറാനിലെ തലേഷ് കൗണ്ടിയിലെ കുടുംബവീട്ടില്‍ നിന്ന് 29 വയസുകാരനോടൊപ്പം ഒളിച്ചോടിയ 14 വയസ്സുകാരിയെ അവളുടെ പിതാവ് അരിവാള്‍ കൊണ്ട് വെട്ടി ദുരഭിമാനക്കൊല നടത്തിയ സംഭവം നടന്ന് വെറും രണ്ടു വര്‍ഷത്തിനുശേഷം നടന്ന സംഭവമാണിത്.
ഹെയ്ദാരിയിലേക്കോ അദ്ദേഹത്തിന്റെ കുടുംബത്തിലേക്കോ എത്താന്‍ അധികം മാധ്യമങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല. തന്റെ ഭാഗം വാദിക്കാന്‍ അദ്ദേഹത്തിന് ഒരു അഭിഭാഷകനുണ്ടോ എന്നും വ്യക്തമല്ല. ഭാര്യയെ കൊല്ലുമെന്ന് തന്റെ മകന്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായും അവളുടെ കൊലപാതകത്തിന് ഉത്തരവാദിയായിരിക്കുമെന്നും പറഞ്ഞതായി, ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, ഹെയ്ദാരിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.
ഹെയ്ദാരിയുമായുള്ള വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 12 വയസ്സായിരുന്നുവെന്ന് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍സ് പ്രസിദ്ധീകരിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിമുഖത്തില്‍ തന്റെ മകളെ വിവാഹം കഴിപ്പിക്കാന്‍ അനുവദിക്കുന്ന നിയമപരമായ സര്‍ട്ടിഫിക്കറ്റ് താന്‍ നേടിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനിലെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 13 ഉം ആണ്‍കുട്ടികള്‍ക്ക് 15 ഉം ആണ്. സജ്ജാദ് ഹെയ്ദാരിയുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കുറ്റകൃത്യം ചെയ്യാന്‍ സഹായിച്ച സഹോദരനൊപ്പം ഹെയ്ദാരിയെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍ അബ്ബാസ് ഹുസൈനി പൂയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുറ്റാരോപിതര്‍ക്കും വീഡിയോ പ്രസിദ്ധീകരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തവര്‍ക്കും അറസ്റ്റ് നേരിടേണ്ടി വന്നേക്കുമെന്നും പൂയ പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമത്തിന്റെ പുനരവലോകനം മുന്നോട്ട് കൊണ്ടുപോകാന്‍ ഈ സംഭവം ഇറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി കാബിനറ്റ് തലത്തിലുള്ള വനിതാ കുടുംബകാര്യ വൈസ് പ്രസിഡന്റ് എന്‍സി ഖസാലി ട്വീറ്റില്‍ പറഞ്ഞു. നിയമാനുസൃതമായി (കൊലയാളിക്കും സംശയിക്കപ്പെടുന്ന കൂട്ടാളികള്‍ക്കും) ഏറ്റവും കഠിനമായ ശിക്ഷ നല്‍കാന്‍ ജുഡീഷ്യറി തീരുമാനിച്ചിരിക്കുന്നതായും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനും അവരെ ദുരുപയോഗം ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുമായി വര്‍ഷങ്ങളായി, ഇറാനിയന്‍ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകര്‍ ഇത്തരമൊരു നിയമത്തിനായി പ്രചാരണം നടത്തുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.
നിരോധന ഉത്തരവുകള്‍ സൃഷ്ടിക്കുന്നതിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടെ, ഒരുപാട് പോസിറ്റീവ് വ്യവസ്ഥകള്‍ കരട് നിയമത്തിലുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. പിതാവോ ഭര്‍ത്താവോ ഉള്‍പ്പെടുന്ന ഗാര്‍ഹിക തര്‍ക്കങ്ങളില്‍ മുന്‍വിധിയോടെയുള്ള മധ്യസ്ഥതയും നിയമം ആവശ്യപ്പെടും.
എന്നാല്‍ ഈ നിയമം ഇപ്പോഴും അന്താരാഷ്ട്ര നിലവാരത്തില്‍ താഴെയാണെന്ന് എച്ച്ആര്‍ഡബ്ല്യു പറഞ്ഞു. വൈവാഹിക ബലാത്സംഗം, ശൈശവ വിവാഹം എന്നിങ്ങനെയുള്ള ചില ലിംഗാധിഷ്ഠിത അക്രമങ്ങളെ ഇത് കുറ്റകരമാക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇറാന്‍ സര്‍ക്കാര്‍ ക്രൂരമായ ശൈശവവിവാഹത്തിനെതിരെ നിയമം കൊണ്ടുവന്നിരുന്നെങ്കില്‍, ശിരഛേദം ചെയ്യപ്പെട്ട ആ ബാല വധു ഇന്നും ജീവിച്ചിരുന്നേനെ’ എന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ഇറാനിലെ (ഐസിഎച്ച്ആര്‍ഐ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹാദി ഗേമി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ വിവാഹപ്രായം സംബന്ധിച്ച നിയമം കര്‍ശനമാക്കിയിട്ടും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം പലയിടത്തും അനുവദനീയമാണ്. ഇറാനില്‍ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 13 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒമ്പത് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിവാഹം സാധ്യവുമാണ്. പിതാവിന്റെയോ കോടതിയുടെയോ അംഗീകാരത്തോടെ ഇത് ചെയ്യാം. അതുപോലെ 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിവാഹത്തിനും കോടതിയുടെ അനുമതി ആവശ്യമാണ്. ഇതൊക്കെയാണെങ്കിലും, ചെറുപ്പത്തിലെ വിവാഹ കേസുകള്‍ അവിടെ വളരെ കൂടുതലാണ്.
15ലും 16ലും വിവാഹം കഴിക്കുന്നതിനെ നിയമപരമായി അംഗീകരിക്കുന്ന രാജ്യങ്ങളും ലോകത്ത് നിലനില്‍ക്കുന്നു എന്നത് പ്രായപൂര്‍ത്തി നിശ്ചയിക്കുന്നതിലും വിവാഹപ്രായം നിശ്ചയിക്കുന്നതിലും മനുഷ്യന്റെ അളവുകോല്‍ തീര്‍ത്തും അപര്യാപ്തമാണ് എന്നാണ് തെളിയിക്കുന്നത്.