Tuesday, November 26, 2024

‘അവനെ എന്നോടൊപ്പം നിര്‍ത്താന്‍ ഞാന്‍ എന്തും ചെയ്യുമായിരുന്നു’; യുദ്ധഭൂമിയില്‍ സഹോദരനെ ഉപേക്ഷിച്ച് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ വിലാപം

ഫെബ്രുവരി 24 ന് പുലര്‍ച്ചെ 5 മണിക്ക് കീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍, ഓള്‍ഗ ബാലബാന്‍ എന്ന 26 കാരി യുക്രൈന്‍ പെണ്‍കുട്ടിയ്ക്ക് സ്വയം തോന്നി, കഴിയുന്നിടത്തോളം വേഗം കുടുംബത്തോടൊപ്പം നഗരത്തിന് പുറത്ത് പോകണമെന്ന്. പക്ഷേ അവളുടെ പല സുഹൃത്തുക്കളും അവളോട് പറഞ്ഞു, ഇത് ഉടന്‍ അവസാനിക്കുമെന്നും പുടിന്‍ നമ്മെ ഭയപ്പെടുത്താന്‍ മാത്രം ചെയ്യുന്നതാണെന്നും. പക്ഷേ എത്രയും വേഗം രക്ഷപെടണമെന്ന് ഓള്‍ഗയ്ക്ക് അറിയാമായിരുന്നു.

അതിനാല്‍, ഓള്‍ഗ തന്റെ മുത്തശ്ശിയെയും അമ്മയെയും 18 വയസ്സുള്ള സഹോദരനെയും ചേര്‍ത്തു പിടിച്ച് കീവ് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോയി. യൂറോപ്യന്‍ യൂണിയനുമായുള്ള രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് പടിഞ്ഞാറോട്ട് പോകുന്ന ആദ്യത്തെ ട്രെയിനില്‍ കയറി. ട്രെയിനില്‍ പകുതി മാത്രം നിറഞ്ഞിരുന്ന ശാന്തമായ അന്തരീക്ഷമായിരുന്നു ഉള്ളത്. എന്നാല്‍ പടിഞ്ഞാറന്‍ യുക്രെയ്‌നിലെ പര്‍വതനിരകളിലൂടെ ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയതോടെ, സ്ഥിതിഗതികളുടെ തീവ്രത രാജ്യത്തുടനീളം പ്രതിഫലിച്ചു തുടങ്ങി. ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തികളിലേക്ക് ഒഴുകാന്‍ തുടങ്ങി. റഷ്യന്‍ സൈന്യം വിവിധ ദിശകളില്‍ നിന്ന് രാജ്യത്തെ ആക്രമിച്ചതിനാല്‍ കീവ് പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നുള്ള റോഡുകളില്‍ ഗതാഗതക്കുരുക്കുണ്ടായി.

ഓള്‍ഗയും കുടുംബവും ടെര്‍നോപില്‍ വച്ച് രണ്ടാമത്തെ ട്രെയിനില്‍ കയറി. ലിവിവിലേക്ക് മൂന്ന് മണിക്കൂര്‍ യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ട്രെയിനിലെ അന്തരീക്ഷം അസ്വസ്ഥതയുടേതായിരുന്നു. ആളുകള്‍ നിലവിളിക്കാനും പരിഭ്രാന്തരാകാനും തുടങ്ങി. ട്രെയിന്‍ ജീവനക്കാര്‍ ആരോടും പണം പോലും ചോദിച്ചില്ല, അവര്‍ എല്ലാവരെയും കയറാന്‍ അനുവദിച്ചു.

ഓള്‍ഗയും കുടുംബവും ലിവിവില്‍ എത്തി ടാക്‌സിയില്‍ പോളണ്ടിന്റെ അതിര്‍ത്തിയിലെത്തുമ്പോഴേക്കും 30 കിലോമീറ്റര്‍ നീണ്ട ക്യൂവാണ് കണ്ടത്. ഗാര്‍ഡുകള്‍ തങ്ങളെ യുക്രേനിയന്‍ അതിര്‍ത്തി കടത്തിവിടുന്നതും കാത്ത് ആയിരക്കണക്കിന് ആളുകള്‍ ആ കൊടുംതണുപ്പില്‍ വരിയില്‍ നില്‍ക്കുകയാണ്. ആ സമയം കൊണ്ട് എല്ലാവരും ക്ഷീണിച്ചിരുന്നു. 74 വയസ്സുള്ള, ഓപ്പറേഷനില്‍ നിന്ന് സുഖം പ്രാപിക്കുന്ന അവളുടെ മുത്തശ്ശിക്ക് നടക്കാനും പ്രയാസമാണ്. അതിനാല്‍ അവരെ കൂടി കൊണ്ടുപോകാന്‍ ഓള്‍ഗ കാറുകളില്‍ അതിര്‍ത്തി കടക്കാനെത്തിയവരോട് യാചിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരു കുടുംബം അവരെ വണ്ടിയില്‍ കയറ്റി.

ക്യൂവില്‍ രണ്ട് ദിവസത്തെ കാത്തിരിപ്പിന് ശേഷം വൈകാരികമായും ശാരീരികമായും തളര്‍ന്ന ഓള്‍ഗയും അവളുടെ അമ്മയും സഹോദരനും ഒടുവില്‍ വരിയുടെ മുന്നിലെത്തി. എന്നാല്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷ പൗരന്മാരെയും രാജ്യം വിടുന്നത് നിരോധിച്ചതായി യുക്രെയ്‌നിലെ സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസ് പ്രഖ്യാപിച്ചു.

തന്റെ ഇളയ സഹോദരനോട് വിട പറയേണ്ടി വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ ഓള്‍ഗയുടെ കണ്ണുകളില്‍ കണ്ണുനീരും പരിഭ്രാന്തിയും പടര്‍ന്നു. ‘ലോകത്തിലെ ഏറ്റവും ശക്തമായ ഒരു സൈനിക സേനയോട് പോരാടാന്‍ അവന്‍ പഠിക്കുമെന്ന് ഞാന്‍ മനസിലാക്കി. അവനെ എന്നോടൊപ്പം നിര്‍ത്താന്‍ എനിക്ക് എന്തും ചെയ്യാമായിരുന്നു; ഞാന്‍ പണം നല്‍കുമായിരുന്നു. പക്ഷേ ഞാന്‍ എന്തുചെയ്യും? എല്ലാ പുരുഷന്മാരെയും യുദ്ധത്തിന് വിളിക്കുന്നത് ന്യായമാണെന്ന് ഞാന്‍ കരുതുന്നില്ല. ചിലര്‍ രോഗികളായിരിക്കാം ചിലര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരിക്കാം. നിരവധി വര്‍ഷങ്ങളായി യുക്രേനിയക്കാര്‍ ഭീഷണിയിലാണ്. ഒരു പൂര്‍ണ്ണമായ അധിനിവേശം ശരിക്കും സംഭവിക്കുമെന്ന് ഞങ്ങളില്‍ പലരും വിശ്വസിച്ചിരുന്നില്ല’.

മകനെ തനിയെ ഉപേക്ഷിക്കുന്നത് അവരുടെ അമ്മയ്ക്ക് സഹിക്കവയ്യാതെ അവരും അവനോടൊപ്പം സ്വന്തം രാജ്യത്തേക്ക് മടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഓള്‍ഗ ഒറ്റയ്ക്ക് അതിര്‍ത്തി കടന്നു. അവിടെ അവള്‍ക്ക് ഒരു ചെറിയ ഹോസ്റ്റല്‍ കണ്ടെത്താനും കഴിഞ്ഞു. ഈ സമയമെല്ലാം വാട്ട്സ്ആപ്പ് വഴി മുത്തശ്ശിയുമായി അവള്‍ ബന്ധപ്പെട്ടിരുന്നു. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവള്‍ അതിര്‍ത്തിയില്‍ ചെന്ന് മുത്തശ്ശിയെ കയറ്റി വിട്ട കാര്‍ കാത്തു നിന്നു. അതിര്‍ത്തി കടന്നുപോകുന്ന ഓരോ കാറും അവള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ട് മണിക്കൂറിന് ശേഷം മുത്തശ്ശിയെ കയറ്റി വിട്ട കാര്‍ അവള്‍ കണ്ടെത്തി. മുത്തശ്ശിയുമായി ഓള്‍ഗ വീണ്ടും ഒന്നിച്ചു. പോളണ്ടില്‍ അഭയം തേടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ രാജ്യം ശാന്തമാകുന്നതുവരെ അവിടെ കഴിയാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. സഹോദരനേയും അമ്മയേയും വേര്‍പിരിഞ്ഞതിലുള്ള നൊമ്പരം അവളുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടുമിരിക്കുന്നു.

Latest News