യേശുക്രിസ്തുവിന്റെ പീഡകളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധമായ നോമ്പിന്റേയും അതിനു പരിസമാപ്തിയായി ആചരിക്കുന്ന വലിയ ആഴ്ചയുടേയും സുപ്രധാന മണിക്കൂറുകളിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത കടന്നുപോകുന്നത്. ഈയവസരത്തില്‍, യേശുവിന്റെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ബന്ധപ്പെട്ടതായി വിശുദ്ധ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില പ്രത്യേക സ്ഥലങ്ങളേയും ഇടങ്ങളേയും പരിചയപ്പെടാം…
സീയോന്‍ മലയിലെ സെഹിയോന്‍ മാളിക ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെയും ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനെയും അനുസ്മരിക്കുന്ന സ്ഥലമാണ്. ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് സജജീകൃതമായ ഒരു വലിയ മാളികമുറിയിലാണ്. ഈ മുറിക്ക്, ഗ്രീക്കില്‍ ‘അനാഗയ്യോണ്‍’ എന്നാണ് പറയുന്നത്. ഇതിന്റെ അര്‍ത്ഥം ‘മുകള്‍നിലയിലെ മുറി’ എന്നാണ്. ഇതിനെ ലത്തീനിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘ചെനാക്കുളും’ (Cenaculum) എന്നാണ്. ഈ ലത്തീന്‍ പദത്തില്‍ നിന്നാണ് സെനക്കിള്‍ (സെഹിയോന്‍ മാളിക) എന്ന പദം വന്നിരിക്കുന്നത്.
യേശുവിന്റെ മരണശേഷം ശിഷ്യന്മാര്‍ ഭയപ്പെട്ട് കതകടച്ച് ഒളിച്ചിരുന്നതും അവര്‍ക്ക് ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടതും സെഹിയോന്‍ മാളികയിലാണ്. സെനക്കിളില്‍ പരിശുദ്ധ കന്യകാമറിയത്തോടൊത്ത് പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണ് പരിശുദ്ധാത്മാവ് തീനാളങ്ങളുടെ രൂപത്തില്‍ ശിഷ്യന്മാരിലേക്ക് ഇറങ്ങിവരുന്നതും അവര്‍ പല ഭാഷകളില്‍ സംസാരിക്കുന്നതും.
സെനക്കിളില്‍ വച്ചാണ് പരിശുദ്ധാത്മവിനെ സ്വീകരിച്ച പത്രോസ് ശ്ലീഹ തന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതും മൂവായിരത്തോളം ആളുകള്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നതും. ഇവിടെ നിന്നാണ് ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയത്. ജറുസലേമിലെ ക്രൈസ്തവ പാരമ്പര്യമനുസരിച്ച് സെനക്കിളില്‍ വച്ചു തന്നെയാണ് പരിശുദ്ധ കന്യകാമറിയം നിത്യ ഉറക്കത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ ക്രൈസ്തവ സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സെനക്കിള്‍. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃ ദേവാലയമാണിത്.
സെനക്കിള്‍ ഉള്ള സീയോന്‍ മല ഇന്ന് ജറുസലേം പഴയ പട്ടണത്തിന്റെ ചുറ്റുമതിലിനു വെളിയിലാണെങ്കിലും ഈശോയുടെ സമയത്ത് ജറുസലേം പട്ടണത്തിന്റെ ഭാഗമായിരുന്നു. അന്നത്തെ ജറുസലേം പട്ടണം സീയോന്‍ മലയുടെ കിഴക്കന്‍ ചെരുവില്‍ ശീലോഹാക്കുളം വരെ വ്യാപിച്ചുനിന്നിരുന്നു. സെനക്കളില്‍ നിന്നു ശീലോഹക്കുളം വരെയുള്ള സ്ഥലത്തേയ്ക്ക് വന്നിറങ്ങാന്‍ വേണ്ടിയുളള നടകളും ഉണ്ടായിരുന്നു. ഈശോയുടെ കാലത്തുണ്ടായിരുന്ന ആ നടകളുടെ കുറേ ഭാഗങ്ങള്‍ ഇന്നും കാണാന്‍ സാധിക്കും.
സെനക്കിള്‍ സ്ഥിതിചെയ്യുന്ന മല, നാലാം നൂറ്റാണ്ട് മുതല്‍ സീയോന്‍ മല എന്നറിയപ്പെട്ടു. ബൈബിളില്‍ സീയോന്‍ ജറുസലേം പട്ടണത്തിന്റെ പ്രതീകാത്മകമായ പേരാണ്. യഹോവയുടെ പട്ടണമാണത്. ഇതിനെ ‘ദാവീദിന്റെ പട്ടണം’ എന്ന പേരിലും വിളിച്ചിരുന്നു. സീയോനെ ‘യഹോവയുടെ വാസസ്ഥലം’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ പഴയനിയമത്തില്‍ കാണുന്ന സീയോന്‍ മല ജറുസലേം ദേവാലയം ഉണ്ടായിരുന്ന മോറിയ മല തന്നെയാണ്. അവിടെയാണ് ദാവീദ് വാഗ്ദാനപേടകം സ്ഥാപിക്കുന്നത്. പിന്നീട് അവിടെത്തന്നെയാണ് സോളമന്‍ രാജാവ് ജറുസലേം ദേവാലയം നിര്‍മ്മിക്കുന്നത്. എന്നാല്‍ എ.ഡി. 70-ല്‍ ജറുസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടു കൂടി സീയോന്‍ മലയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് അതിന്റെ സ്ഥാനം ഈശോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച സെനക്കിള്‍ ഉള്‍പ്പെടുന്ന മല ഏറ്റെടുത്തു.
നാലാം നൂറ്റാണ്ടില്‍ സീയോന്‍ മലയില്‍ ഹാഗിയാ സീയോന്‍ (Hagia Sion) എന്ന പേരില്‍ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെട്ടു. വളരെ വലുപ്പമുണ്ടായിരുന്ന ഈ ബസലിക്കയില്‍ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെ അനുസ്മരിക്കുന്ന സെനക്കിളിന്റെയും പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തിന്റെയും ചാപ്പലുകളുണ്ടായിരുന്നു. സെനക്കിള്‍ രണ്ടു നിലകളിലായാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിക്കുന്ന ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും പരിശുദ്ധാത്മാവിന്റെ ആഗമനം അനുസ്മരിക്കുന്ന ചാപ്പലും. താഴത്തെ ചാപ്പലിന്റെ ഒരു ഭാഗത്ത് വി. സ്തേഫാനോസിന്റെ കല്ലറയുടെ അനുസ്മരണവും ഉണ്ടായിരുന്നു.
ഹാഗിയാ സീയോന്‍ ബസിലിക്ക ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ജറുസലേമിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൊഡസ്തൂസ് ആ ദേവാലയം പുനഃര്‍നിര്‍മ്മിച്ചു. പിന്നീട് 1009-ല്‍ മുസ്ലീം ആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗിയാ സീയോന്‍ പള്ളി കുരിശുയുദ്ധക്കാര്‍ പുതുക്കിപ്പണിതു. അവര്‍ നിര്‍മ്മിച്ച ദേവാലയം സെഹിയോന്‍ മലയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസലിക്ക (Santa Maria in Mounte Sion) എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനു വേണ്ടി ഒരു ആശ്ര മവും ദേവാലയത്തോടു ചേര്‍ന്ന് കുരിശുയുദ്ധക്കാര്‍ തയ്യാറാക്കിയിരുന്നു.
1219-ല്‍ ഈജിപിത് രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ ബസിലിക്ക തകര്‍ത്തുകളഞ്ഞു. മാര്‍പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് വിശുദ്ധനാട് സംരക്ഷിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സീയോന്‍ മലയില്‍ താമസിച്ചുകൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാ. റോജര്‍ ഫാരന്‍ സീയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദേവാലയം നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു.
വളരെക്കാലം ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ക്ക് മുസ്ലീം ഭരണാധികാരികളില്‍ നിന്നും വളരെ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്നു. 1336-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്മാര്‍ വിശുദ്ധ നാടിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ‘വിശുദ്ധ നാടിന്റെ സംരക്ഷകര്‍’ (Ctsuodian of the Holy Land) എന്ന സ്ഥാനപ്പേര് മാര്‍പാപ്പയില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ നാടിന്റെ സംരക്ഷകരായ ഫ്രാന്‍സിസ്‌കന്‍ അച്ചന്മാരുടെ തലവനായ കുസ്തോസ് ‘സിയോന്‍ മലയുടെ സംരക്ഷകന്‍’ (Guardian of the Mount Zion) എന്നാണ് ഇന്നും അറിയപ്പെടുന്നത്.
ദാവീദിന്റെ കല്ലറയുടെ അനുസ്മരണം ഉണ്ടായിരുന്നതിനാല്‍ സെനക്കിള്‍ പിടിച്ചടക്കാന്‍ യഹൂദര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. അങ്ങനെ 1429-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്മാരെ പുറത്താക്കിക്കൊണ്ട് സെനക്കിളിന്റെ താഴത്തെ നിലയിലുള്ള ദേവാലയം അവര്‍ പിടിച്ചെടുക്കുകയും അവിടെ ദാവീദിന്റെ കല്ലറയുടെ അനുസ്മരണം പുനരാരംഭിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടില്‍ ദാവീദിന്റെ കല്ലറയുണ്ടായിരുന്ന സ്ഥലത്തെ ചാപ്പല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ക്ക് പരിപൂര്‍ണ്ണമായി നഷ്ടപ്പെട്ടു. 1517-ല്‍ പലസ്തീന്റെ നിയന്ത്രണം ഓട്ടോമന്‍ തുര്‍ക്കികള്‍ ഏറ്റെടുത്തപ്പോള്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ അവസ്ഥ കൂടുതല്‍ മോശമായി.
സീയോന്‍ മലയില്‍ നിന്നും അവര്‍ പുറത്താക്കപ്പെടുകയും ഇപ്പോള്‍ സെന്റ് സേവ്യേഴ്സ് മൊണാസ്ട്രി എന്നറിയപ്പെടുന്ന അന്നത്തെ ജോര്‍ ജ്ജിയന്‍ മൊണാസ്ട്രിയിലേക്ക് 1560-ല്‍ സ്ഥാനം മാറേണ്ടതായി വരികയും ചെയ്തു. പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം 1936-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്മാര്‍ സെനക്കിളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ആശ്രമം സ്ഥാപിച്ച് അവിടെ താമസം തുടങ്ങി. അവിടെ അവര്‍ നിര്‍മ്മിച്ച ദേവാലയം അദ് ചെനാക്കുളും (Ad cenaculum) എന്ന പേരിലാണ് അറിയപ്പെടുന്നത്.
1898-ല്‍ സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന ആദ്യത്തെ ഹാഗിയാ സീയോന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്ന ഒരു ഭാഗം തുര്‍ക്കി സുല്‍ത്താനായ അബ്ദുള്‍ ഹമീദ് ജര്‍മ്മന്‍ ചക്രവര്‍ത്തിയായ വില്യം രണ്ടാമന് സമ്മാനമായി നല്‍കി. വില്യം രണ്ടാമന്‍ അത് കൊളോണ്‍ രൂപതയെ ഏല്‍പിക്കുകയും കൊളോണ്‍ രൂപത അത് ബനഡിക്ടന്‍ സന്യാസിമാര്‍ക്ക് കൈമാറുകയും ചെയ്തു. 1926-ല്‍ നിര്‍മ്മിക്കപ്പെട്ട ആ ദേവാലയം മറിയത്തിന്റെ നിത്യ ഉറക്കത്തിന്റെ ദേവാലയം (Dormitio) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1951-ല്‍ ആ ആശ്രമം പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.
ഇന്ന് സെനക്കിള്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് കൈവശം വച്ചിരിക്കുന്ന ഒരു സ്ഥലമാണ്. ക്രൈസ്തവര്‍ക്ക് അവിടെ സന്ദര്‍ശനം നടത്താന്‍ മാത്രമേ അനുവാദമുള്ളൂ. പ്രാര്‍ത്ഥനയ്ക്കായി കത്തോലിക്കര്‍ക്ക് സെനക്കിള്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വിട്ടുകൊടുക്കാറുമുണ്ട്: പെസഹാ വ്യാഴാഴ്ച കാലു കഴുകല്‍ ശുശ്രൂഷയ്ക്കു വേണ്ടിയും പെന്തക്കുസ്താ ദിനത്തില്‍ പ്രാര്‍ത്ഥനക്കായും. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തില്‍ സഭൈക്യവാരത്തില്‍ എല്ലാക്രൈസ്തവര്‍ക്കും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ട്. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃദേവാലയമായ സെനക്കിളില്‍ പ്രാര്‍ത്ഥിക്കുക ഹൃദ്യമായ അനുഭവമാണ്.