വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു സെദ്ര. അവള്‍ക്കും അവളുടെ സഹോദരന്‍ അബ്ദുല്ലക്കും പക്ഷേ ഭൂകമ്പമുണ്ടായപ്പോള്‍ സുരക്ഷിത സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല. ‘ഞങ്ങള്‍ സഹായത്തിനായി നിലവിളിച്ചു, ആരും ഞങ്ങളെ കേട്ടില്ല. എല്ലാവരും ഓടി രക്ഷപെട്ടിരുന്നു. ഡോര്‍ ഹാന്‍ഡില്‍ തകര്‍ന്നതിനാല്‍ ഞങ്ങള്‍ അവിടെ കുടുങ്ങി’. സെദ്ര പറയുന്നു.
‘എനിക്ക് എന്റെ കുടുംബത്തെ നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതി’. സെദ്രയുടേയും അബ്ദുല്ലയുടെയും പിതാവ് അലി മുഹമ്മദ് പറഞ്ഞു. ‘വീടിന്റെ ഇടനാഴിയിലെല്ലാം കെട്ടിടാവശിഷ്ടങ്ങള്‍ നിറഞ്ഞിരുന്നു, പക്ഷേ ഞങ്ങള്‍ കുട്ടികളെ പുറത്തെടുത്ത് പുറത്ത് കിടത്തി. ശബ്ദവും നിലവിളിയും കേട്ട് അവര്‍ ഭയന്ന് കരഞ്ഞു. ഞങ്ങള്‍ അവരെ പുതപ്പുകൊണ്ട് മൂടി, അപ്പോള്‍ മഴയും ശക്തമായി പെയ്യുന്നുണ്ടായിരുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരുടെ വീടിന് ഭൂകമ്പത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അവര്‍ ഇപ്പോള്‍ ഒരു ടെന്റിലാണ് താമസിക്കുന്നത്. നിലവിലെ ജീവിതം വളരെ ദുഷ്‌കരമാണ്. ടെന്റുകളില്‍ ജീവിക്കുന്നത് ദയനീയമാണ്. പക്ഷേ ജീവിച്ചിരിക്കുന്നതില്‍ ഞങ്ങള്‍ അല്ലാഹുവിന് നന്ദി പറയുന്നു’. അലി പറയുന്നു.
സെദ്രയ്ക്കും അബ്ദുള്ളയ്ക്കും സെറിബ്രല്‍ പാള്‍സിയും ഓസ്റ്റിയോപൊറോസിസും ഉണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളാണവര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് കുളിമുറിയോ അടുക്കളയോ വെള്ളമോ പോലും ആവശ്യത്തിന് ഇല്ല. ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ അവശേഷിപ്പിച്ച കല്ലുകള്‍ക്കിടയിലൂടെ തന്റെ വീല്‍ചെയര്‍ കൈകാര്യം ചെയ്യാന്‍ സെദ്രയ്ക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അവള്‍ പ്രതിരോധശേഷിയുള്ളവളാണ്. അവള്‍ ഈ അവസ്ഥയെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്.
യുദ്ധത്തിന്റെ പാടുകള്‍
12 വര്‍ഷത്തെ യുദ്ധത്തിന്റെ ആഘാതത്തില്‍ രാജ്യം ഇതിനകം തന്നെ വല്ലാതെ കഷ്ടപ്പെടുകയായിരുന്നു. സിറിയയിലെ കുട്ടികള്‍ക്ക് പോലും ഈ ആഘാതം വളരെ നന്നായി അറിയാം. അതിന് പിന്നാലെ ഫെബ്രുവരിയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ 7,000-ത്തിലധികം ആളുകള്‍ മരിച്ചു. അതിജീവിച്ചവര്‍ക്ക് ജീവിതം ഇപ്പോള്‍ കൂടുതല്‍ കഠിനവുമാണ്. യുഎന്‍ പറയുന്നതനുസരിച്ച്, വടക്കുപടിഞ്ഞാറന്‍ സിറിയയിലെ നാല് ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ പുറത്തു നിന്നുള്ള മാനുഷിക സഹായത്തെ ആശ്രയിക്കുന്നു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ 148 കമ്മ്യൂണിറ്റികളെ ഭൂകമ്പം ബാധിച്ചിട്ടുണ്ട്.
കുഴിമാടങ്ങളുടെ നിരകള്‍
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിറിയയിലെ പലയിടങ്ങളിലും ശ്മശാനങ്ങളുടെ വലിപ്പം ഇരട്ടിയായി. അലി ഷെയ്ഖ് ഹസെം ഗന്നം എന്നൊരാള്‍ ഒരു സെമിത്തേരിയിലൂടെ നടക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ 61 പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ‘ഭൂകമ്പം ഉണ്ടായപ്പോള്‍ എല്ലാവരും ഉറങ്ങുകയായിരുന്നു. കെട്ടിടം ഇടത്തോട്ടും വലത്തോട്ടും കുലുങ്ങുന്നതായി അനുഭവപ്പെട്ടു. ഞങ്ങള്‍ കുറച്ചുപേര്‍ പെട്ടെന്ന് തെരുവിലേക്ക് ഇറങ്ങി, ഒന്നിലധികം കെട്ടിടങ്ങള്‍ തകര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ പോലും ദിവസങ്ങള്‍ എടുത്തു’. അദ്ദേഹം ആ ദുരന്തത്തെ ഓര്‍ത്തെടുത്തു.
വടക്കുപടിഞ്ഞാറന്‍ സിറിയയിലുടനീളമുള്ള 10,500-ലധികം കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കുകള്‍ പറ്റി. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ ആശുപത്രികള്‍ വര്‍ഷങ്ങളായി തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഭൂകമ്പം അവിടുത്തെ കഷ്ടപ്പാടുകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നായിരിക്കുകയാണ് സിറിയയിലെ സ്ഥിതി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായം സിറിയയിലേക്ക് എത്താന്‍ താമസമെടുക്കുന്നു.
പാര്‍പ്പിടത്തിന്റെ അഭാവം
സിറിയയില്‍ വ്യോമാക്രമണത്തില്‍ പാതി തകര്‍ന്ന വീടുകളില്‍ പലതും ഭൂകമ്പത്തോടെ പൂര്‍ണമായി നശിച്ച അവസ്ഥയിലാണ്. ‘യുദ്ധം ആരംഭിച്ചത് മുതല്‍, ഞങ്ങള്‍ക്ക് ഒരു നല്ല ദിവസം ലഭിച്ചിട്ടില്ല. പിന്നാലെ ഭൂകമ്പവും സംഭവിച്ചു’. പ്രദേശവാസികള്‍ പറയുന്നു. പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ചിന്തകള്‍ പോലും ഇപ്പോഴും അകലെയാണ്. സിറിയയില്‍, ഇപ്പോള്‍, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതാണ് മിക്ക ആളുകളുടേയും ജോലി.
‘ഞങ്ങള്‍ പുറത്ത് ഒരു ടെന്റ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ രാത്രിയും മറ്റും പേടിച്ച് കരയുന്നു. ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇതുപോലൊരു അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുത് എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു’. മക്കളുടെ കൈപിടിച്ചുകൊണ്ട് ഒരമ്മ പറഞ്ഞു.