Tuesday, November 26, 2024

വര്‍ഗീയ കലാപത്തില്‍ കത്തി നശിച്ച്, 113 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ലൈബ്രറി

അതിപുരാതന കയ്യെഴുത്തുപ്രതികളും മനോഹരമായ കാലിഗ്രാഫിയില്‍ എഴുതിയ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥങ്ങളും ഉള്‍പ്പെടെ 4,500-ലധികം പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നതും 113 വര്‍ഷം പഴക്കമുള്ളതുമായ ഇന്ത്യയിലെ ഒരു മദ്രസ ലൈബ്രറിയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കുറേ ചാരവും അഴുക്കുപുരണ്ട ചുവരുകളും പാതി കത്തിയ ഫര്‍ണിച്ചറുകളും കരിഞ്ഞു നാശമായ പുസ്തകത്താളുകളുമാണ്.

കിഴക്കന്‍ സംസ്ഥാനമായ ബീഹാറിലെ ഷെരീഫ് പട്ടണത്തിലെ അറിയപ്പെടുന്ന മതപഠനശാലയായ മദ്രസ അസീസിയയുടെ ഭാഗമായിരുന്ന ഈ ലൈബ്രറി ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് ഒരു വലിയ ജനക്കൂട്ടം കത്തിക്കുകയായിരുന്നു. ഹിന്ദു ആഘോഷമായ രാമനവമിയ്ക്കിടെയായിരുന്നു സംഭവം.

കലാപകാരികള്‍ വടികളും കല്ലുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ച് മദ്രസയ്ക്ക് സമീപം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നൂറുകണക്കിനാളുകള്‍ അടങ്ങുന്ന സംഘം മദ്രസയുടെ പൂട്ടും മുന്‍വാതിലും തകര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ചിലര്‍ ക്ലാസ് മുറികളിലേക്കും ലൈബ്രറിയിലേക്കും പെട്രോള്‍ ബോംബെറിഞ്ഞ് കത്തിച്ചു. 250 കൈയ്യെഴുത്ത് പുസ്തകങ്ങളും ചരിത്ര രേഖകളും പുരാതന ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ ലൈബ്രറിയും അതിനകത്തുള്ളതെല്ലാം കത്തിനശിച്ചു.

അന്ന് പട്ടണത്തില്‍ നടന്ന പല അക്രമ പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഈ സംഭവം. പല സംഭവങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങളും കടകളും ആക്രമിക്കപ്പെടുകയും ചെയ്തു. പ്രസ്തുത വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണവും പുരോഗമിക്കുകയാണ്. 2017 ലും ഈ കെട്ടിടം അക്രമികള്‍ ലക്ഷ്യമിട്ടിരുന്നു. അതിനുശേഷം ഒരു വര്‍ഷത്തേക്ക് പോലീസ് സംരക്ഷണം ലഭിച്ചു.

‘പുക മണം ഉയര്‍ന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നു നോക്കി. ഓഫീസിന് സമീപം എന്തൊക്കെയോ അക്രമങ്ങള്‍ സംഭവിക്കുന്നതായി കണ്ടു. ആള്‍ക്കൂട്ടം ഹോസ്റ്റലിലേക്കും നീങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഭയന്ന് കട്ടിലിനടിയില്‍ ഒളിച്ചു’. മദ്രസയിലെ പാചകക്കാരന്‍ അബ്ദുള്‍ ഗഫാര്‍ പറഞ്ഞു.

മദ്രസയിലെ വിദ്യാര്‍ത്ഥികളാണ് ലൈബ്രറി കൂടുതലും ഉപയോഗിച്ചിരുന്നത്. 500 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 100 പേര്‍ ഹോസ്റ്റലില്‍ താമസിക്കുന്നു. എന്നാല്‍ റംസാന്‍ പ്രമാണിച്ച് ക്ലാസുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല.

‘കെട്ടിടത്തിനും ഫര്‍ണിച്ചറുകള്‍ക്കും സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയും. എന്നാല്‍ അറിവിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും നഷ്ടം നികത്താനാവാത്തതാണ്. ഒരു പുസ്തകവും വീണ്ടെടുക്കാവുന്ന അവസ്ഥയിലില്ല. തീപിടിത്തത്തില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളുടെ സ്‌കാന്‍ ചെയ്ത കോപ്പി പോലും ഞങ്ങളുടെ പക്കലില്ല. നളന്ദയ്ക്ക് മാത്രമല്ല, ഇസ്ലാമിക പഠന മേഖലയ്ക്കും ഇത് വലിയ നഷ്ടമാണ്’. മദ്രസ നിയന്ത്രിക്കുന്ന സോഘറ ട്രസ്റ്റിന്റെ പ്രസിഡന്റായ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് സൈഫുദ്ദീന്‍ ഫിര്‍ദൗസി പറയുന്നു. 2020 മാര്‍ച്ചിലെ സന്ദര്‍ശന വേളയില്‍ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) പ്രത്യേക പരാമര്‍ശം മദ്രസയ്ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ബിബി സോഘര എന്ന സ്ത്രീയാണ് അന്തരിച്ച ഭര്‍ത്താവ് അബ്ദുള്‍ അസീസിന്റെ സ്മരണയ്ക്കായി ഈ മദ്രസ പണിതത്. 1896-ല്‍ പട്ന നഗരത്തിലാണ് ഇത് ആദ്യം നിര്‍മ്മിച്ചത്. പിന്നീട് ഇത് ബിഹാര്‍ ഷെരീഫിലേക്ക് മാറ്റി. 14,000 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള തന്റെ സ്വത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബിബി സോഘര സംഭാവന ചെയ്തു. ദരിദ്രരായ ആളുകളുടെ വിദ്യാഭ്യാസത്തിനും മറ്റ് സഹായത്തിനും വരുമാനം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അവര്‍ ഒരു ട്രസ്റ്റും സ്ഥാപിച്ചു. സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഹോസ്റ്റലുകളും നിര്‍മ്മിക്കാന്‍ ട്രസ്റ്റ് പണം ഉപയോഗിച്ചു പോന്നു. അവ ബീഹാറിലുടനീളം ഇന്നും പ്രവര്‍ത്തിക്കുന്നു. ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം ഒരു ഔട്ട്‌പേഷ്യന്റ് ട്രീറ്റ്‌മെന്റ് സെന്ററും നിര്‍മ്മിച്ചതായി സോഘര ട്രസ്റ്റ് മാനേജര്‍ ഡോ. മുഖ്താര്‍ ഉല്‍ ഹഖ് പറയുന്നു. അവരുടെ പേരില്‍ ഒരു ആശുപത്രിയും ഉടന്‍ തുറക്കും.

ലൈബ്രറിയിലെ ഉള്ളടക്കങ്ങള്‍ പുനസ്ഥാപിക്കുക എന്നത് അസാധ്യമാണെങ്കിലും മദ്രസയുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള വഴികള്‍ ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അന്വേഷിക്കുകയാണ്. മെയ് 1 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Latest News