Wednesday, November 27, 2024

യുക്രേനിയന്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പ്രതീക്ഷയുടെ ഗായകസംഘം

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം ഏകദേശം എട്ട് ദശലക്ഷത്തോളം യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ ഇതുവരെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തിനിടയില്‍ യുക്രെയ്ന്‍ വിട്ട് ഇംഗ്ലണ്ടിലെ കോണ്‍വോളിലെത്തിയ ഏതാനും സ്ത്രീകള്‍ ചേര്‍ന്ന് ഒരു ഗായകസംഘം രൂപീകരിക്കുകയുണ്ടായി. തങ്ങളുടെ നാടുമായും അവിടെയുള്ള തങ്ങളുടെ കുടുംബാംഗങ്ങളുമായുമുള്ള ബന്ധവും അടുപ്പവും സ്‌നേഹവും നിലനിര്‍ത്തുന്നതിനും അത് അവരെ അറിയിക്കുന്നതിനുമുള്ള മാധ്യമമായി ഈ ഗായക സംഘത്തെ ഇവര്‍ ഓരോരുത്തരും കരുതുന്നു. ‘യുക്രേനിയന്‍ സണ്‍ഫ്‌ലവേഴ്സ്’ എന്നാണ് ഈ ഗായകസംഘത്തിന്റെ പേര്.

‘ഞങ്ങളില്‍ പലരുടേയും പ്രിയപ്പെട്ടവര്‍ യുദ്ധമുഖത്ത് പോരാടുകയാണ്. അതുകൊണ്ട് ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പാടുകയാണ്. ഞങ്ങളുടെ കുടുംബങ്ങളെ പോറ്റാന്‍, അവര്‍ക്ക് പിന്തുണ നല്‍കാന്‍, ഞങ്ങള്‍ക്ക് തന്നെ ഐക്യത്തിന്റെ അനുഭവം ലഭിക്കാന്‍, അങ്ങനെ എല്ലാത്തിനും വേണ്ടി ഞങ്ങള്‍ പാടുകയാണ്’. ഗായക സംഘത്തിലെ ഒരംഗം പറഞ്ഞു.

ലോക സമാധാനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, യുക്രേനിയന്‍ സിവിലിയന്‍മാരേയും പരിക്കേറ്റ സൈനികരേയും ഒഴിപ്പിക്കുന്നതിനു വേണ്ടിയുള്ള കാറുകള്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നതിനും വേണ്ടി ഈ സംഘം പ്രവര്‍ത്തിക്കുന്നു.

അഞ്ച് വയസ്സുള്ള മകന്‍ ഒലെക്സിയുമായി കൈവില്‍ നിന്ന് കോണ്‍വാളിലെ സെന്റ് മാവെസിലേക്ക് യാത്ര ചെയ്ത വ്യക്തിയാണ് മനഃശാസ്ത്രജ്ഞ കൂടിയായ നതാലിയ. അവളുടെ ഭര്‍ത്താവ് യുദ്ധമുഖത്താണ്. ‘ഞാന്‍ ഇവിടെ വന്നത് ഒരു ദൗത്യവും ലക്ഷ്യവുമായാണ്. യുക്രെയ്ന്‍ ഒരു പുതിയ രാജ്യമല്ലെന്നും അതിന് എല്ലാ വേരുകളും ചരിത്രവുമുണ്ടെന്നും തെളിയിക്കണം. അത് ഞങ്ങളുടെ പാട്ടുകളില്‍ കൂടി തെളിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’. നതാലിയ പറഞ്ഞു.

നതാലിയ തന്റെ ഭര്‍ത്താവിനെ കണ്ടിട്ട് ഏകദേശം ഒരു വര്‍ഷമാകുന്നു. ‘പിരിഞ്ഞിരിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടാണ്. പക്ഷേ എനിക്ക് അവിടെ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഇവിടെ ചെയ്യുന്നു. ഞങ്ങള്‍ സന്തുഷ്ടരായിരിക്കാന്‍ ശ്രമിക്കുകയാണ്, യുദ്ധം അവസാനിക്കുമ്പോള്‍ ചെയ്യേണ്ട പദ്ധതികള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ യുക്രെയ്‌നെ കഴിയുന്നത്ര പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു’. അവര്‍ കൂട്ടിച്ചേര്‍ത്തു.

42 കാരിയായ ക്‌സെനിയ 2022 മെയ് മാസത്തില്‍ തന്റെ നാലുവയസുകാരന്‍ മകന്‍ ഡേവിഡ്, അമ്മ ലിലിയ (81) എന്നിവരോടൊപ്പം കൈവില്‍ നിന്ന് എത്തിയതാണ്. അമ്മ ലിലിയയെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണവും കുടിയൊഴിപ്പിക്കലും രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയതായി ക്‌സെനിയ പറഞ്ഞു. ‘ഞങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് താമസിച്ചിരുന്നത്. ആക്രമണം തുടങ്ങിയ ദിവസം വീടിന് പുറത്ത് സ്‌ഫോടനങ്ങളും ബോംബിംഗും കേട്ടാണ് ഉണര്‍ന്നത്. പത്ത് ദിവസം ബേസ്മെന്റില്‍ അഭയം പ്രാപിച്ചു. പിന്നീട് കോണ്‍വാളിലേക്ക് എത്തി.

താനുള്‍പ്പെടുന്ന ഗായകസംഘം ഒരു ശാക്തീകരണ അനുഭവമാണ് പ്രധാനം ചെയ്യുന്നതെന്ന് ക്‌സെനിയയും പറയുന്നു. ‘ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പാടുകയാണ്, ഞങ്ങളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും ഞങ്ങള്‍ക്ക് ഐക്യത്തിന്റെ മഹത്തായ ഒരു വികാരം സ്വയം ലഭിക്കുന്നതിനും വേണ്ടിയാണ്’.

മൈക്കോളൈവില്‍ നിന്നുള്ള ഒലേഷ്യ (30) തന്റെ മകന്‍ തിയോഡോറിനൊപ്പമാണ് ഇവിടെ എത്തിയത്. അവളുടേയും ഭര്‍ത്താവ് യുക്രെയ്‌നില്‍ യുദ്ധം ചെയ്യുന്നു. ഗായകസംഘത്തോടൊപ്പമുള്ള പ്രവര്‍ത്തനം തന്നെ എല്ലാത്തരത്തിലും ശക്തിപ്പെടുത്തുന്നതായി ഒലേഷ്യ സാക്ഷ്യപ്പെടുത്തി. ‘പാടുമ്പോള്‍ എന്റെ വീടിനെ ഞാന്‍ ഓര്‍ക്കും. ഞങ്ങള്‍ക്ക് സമാധാനം ആവശ്യമാണെന്ന് ലോകത്തോട് പാട്ടിലൂടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. ഒലേഷ്യ പറഞ്ഞു.

യുക്രേനിയന്‍ അഭയാര്‍ഥികള്‍ക്കായി തങ്ങളുടെ വീടുകള്‍ തുറന്നുകൊടുത്ത കോണ്‍വാളില്‍ നിന്നുള്ള അമേലിയ വിറ്റേക്കറുടെ കുടുംബം പറയുന്നത് ഈ യുക്രേനിയന്‍ സ്ത്രീകളും അവരുടെ ആത്മവിശ്വാസവും അതിശയിപ്പിക്കുന്നു എന്നാണ്. ‘അവരുടെ രാജ്യം യുദ്ധം ചെയ്യുമ്പോള്‍ അവര്‍ ഇങ്ങനെ ഒത്തുചേരുകയും പാടുകയും ചെയ്യുന്നു എന്നത് അതിശയകരമാണ്. അവരെ പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍ ഞങ്ങളും സന്തുഷ്ടരാണ്’. അമേലിയ പറഞ്ഞു.

 

 

Latest News