“ഞാൻ ഷോർട്ട്സ് ധരിച്ച് എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയോടി, അത് ഭയങ്കര അനുഭവമായിരുന്നു,”- സുഡാനിൽ സൈന്യവും അർദ്ധസൈനിക സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ ഉടുതുണിയുമായി മാത്രം അവിടെ നിന്നും രക്ഷപെട്ട 28 കാരനായ ചാൾസ് കോളിൻസ് എന്ന നൈജീരിയൻ ഫുട്ബോൾ താരത്തിന്റെ വാക്കുകളാണ് ഇത്. രാജ്യത്തെ അലട്ടുന്ന കലാപത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന ആശ്വാസത്തിനിടയിലും നേരിടേണ്ടി വന്ന ഭീകര ദൃശ്യങ്ങളാണ് ഈ ചെറുപ്പക്കാരന്റെ മുന്നിൽ തെളിയുന്നത്.
ഏപ്രിൽ 15-ന് രാജ്യത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുഡാൻ പ്രീമിയർ ലീഗിലെ തന്റെ അടുത്ത മത്സരത്തിനായി കാത്തിരിക്കുകയായിരുന്നു ഈ യുവാവ്. വൈകാതെ തന്നെ രാജ്യവും താൻ താമസിക്കുന്ന ഇടവും യുദ്ധക്കളമായി മാറിയപ്പോൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു ചാൾസ്. സുഡാനിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഈ ആഴ്ച ഈജിപ്തിൽ നിന്ന് അബുജയിലേക്ക് മടങ്ങിയ 396 നൈജീരിയക്കാരിൽ അദ്ദേഹവും ഉൾപ്പെടുന്നു. ആ യാത്ര വളരെ അപകടകരമായ ഒന്നായിരുന്നെന്നാണ് ചാൾസ് വിശേഷിപ്പിച്ചത്.
മൗറീഷ്യസ് ക്ലബ്ബായ റിച്ചി മൂർ റോവേഴ്സിൽ നിന്ന് എത്തിയതിന് ശേഷം മൂന്നര വർഷമായി സുഡാനിലുള്ള കോളിൻസിന്, 20,000 ഡോളർ (16 ലക്ഷത്തിലധികം രൂപ) ഉൾപ്പെടെ രാജ്യത്ത് ഉണ്ടായിരുന്നതെല്ലാം ഈ യുദ്ധത്തിൽ നഷ്ടപ്പെട്ടു. മടക്കയാത്രയിൽ തന്നെക്കാൾ നഷ്ടങ്ങൾ സംഭവിച്ചവർ ഏറെയുണ്ട് എന്നവന് മനസിലായി. തന്റെ കൈയിൽ അവശേഷിച്ച ഒരു പുതപ്പ് എങ്കിലുമായും മടങ്ങി എത്തുവാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയാണ് ഈ യുവാവ്.
പോരാട്ടം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, 5,000-ത്തിലധികം നൈജീരിയക്കാർ സുഡാനിൽ താമസിച്ചിരുന്നു, കൂടുതലും വിദ്യാർത്ഥികൾ. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ നിൽക്കുക അസാധ്യമായതിനാൽ പലരും രക്ഷപ്പെടുകയായിരുന്നു. പലായനം ചെയ്തവർ മടങ്ങി എത്തിയപ്പോൾ അബുജ എയർ പോർട്ട് എല്ലാവർക്കും സന്തോഷകരമായ അനുഭവം ആണ് നൽകിയത്. കുടുംബാംഗങ്ങളും രാഷ്ട്രീയ നേതാക്കളും മടങ്ങിയെത്തിയവരെ സ്വീകരിക്കുവാൻ എത്തി. എങ്കിലും നാളെ എന്താകും? ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും? തുടങ്ങിയ ചോദ്യങ്ങൾ ആണ് പലരുടെയും മുന്നിൽ തെളിയുന്നത്.
ഭീകരം ആ രക്ഷപ്പെടൽ
യുദ്ധം മുറുകിയ രാത്രിയിൽ അതുവരെയുള്ള സമ്പത്തും സ്വത്തുവകകളും മറ്റും ഉപേക്ഷിച്ചാണ് പലരും നാടുവിട്ടത്. എന്നാൽ ആ രക്ഷപ്പെടൽ പലർക്കും മായാത്ത മുറിവുകളും ഭീതിയും ആണ് സമ്മാനിച്ചത്. യാത്രയിലുടനീളം ഭയങ്കരമായ അനുഭവമായിരുന്നുവെന്ന് സൈനബ് അബ്ദുൾഖാദർ എന്ന വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നു. “വെള്ളമോ ഭക്ഷണമോ ഇല്ലാതെ സുഡാനിൽ നിന്ന് ഒരു കാറിലാണ് രക്ഷപ്പെട്ടത്. സുരക്ഷിതമായ സ്ഥാനം എത്തിയപ്പോൾ കാൽ അനക്കാൻ കഴിയാത്തവിധത്തിൽ നീര് വന്നു വീങ്ങിയിരുന്നു. അത് അങ്ങേയറ്റത്തെ പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും അസ്ഥിരതയുടെയും ഒരു സാഹചര്യമായിരുന്നു. ഞങ്ങളിൽ ചിലർ ഗർഭിണികളായിരുന്നു. എന്നാൽ ഞങ്ങളെ വീട്ടിൽ തിരിച്ചെത്തിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു”- സൈനബ് പറഞ്ഞു നിർത്തി.