ഫാമിലെ വീൽപ്പാട് ഉള്ള വഴിയിലൂടെ മാത്രമേ തെക്കൻ ഉക്രൈനിലെ കർഷകനായ വോലോഡൈമർ സായിറ്റ്സ് തന്റെ കാർഷിക വാഹനങ്ങൾ ഓടിക്കുകയുള്ളു. പുല്ലുകൾ വളർന്നു നിൽക്കുന്ന ഭാഗങ്ങളിലേക്ക് തന്റെ ട്രാക്ടർ ഇറക്കാൻ അദ്ദഹത്തിന് ഭയമാണ്. കാരണം റഷ്യൻ സൈന്യം സ്ഥാപിച്ചിട്ടുള്ള ലാൻഡ് മൈനുകൾ തന്നെ. ഒരുപക്ഷെ അതിന് മുകളിൽ തന്റെ കാലോ വാഹനത്തിന്റെ ടയറോ കയറിയാൽ മരണമുറപ്പ്.
ഒരിക്കൽ സൂര്യകാന്തിപ്പൂക്കളുടെ നിരകൾ വിരിഞ്ഞ് നിന്നിടത്ത് ഇപ്പോൾ കളകൾ മാത്രമേ ഉള്ളു. അവസാനമായി ഗോതമ്പ് വിതച്ച സായിറ്റിന്റെ ഭൂമിയിൽ 2021-ന് ശേഷം ഒരു കൃഷിയും ഇറങ്ങിയിട്ടില്ല. റഷ്യൻ സൈന്യം പിൻവാങ്ങുമ്പോൾ സായിറ്റിന്റെ ഫാം ഒരു മൈൻഫീൽഡായി മാറിയിരുന്നു.
സായിറ്റ്സ് ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് ഈ വർഷത്തെ വിളവെടുപ്പ് നഷ്ടപ്പെടാതിരിക്കാൻ തന്റെ ഭൂമിയുടെ ഒരു ഭാഗത്തെ മൈനുകൾ സ്വയം മാറ്റി. തന്റെ 1,600 ഹെക്ടർ (4,000 ഏക്കർ) കൃഷിഭൂമിയുടെ 15% എങ്കിലും ഇക്കൊല്ലം ഉപയോഗിക്കണം എന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഉക്രൈനിലുടനീളം, യുദ്ധം ധാന്യ കർഷകരെ വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. റഷ്യൻ അധിനിവേശത്തിൽ നിന്ന് മുക്തമായ പ്രദേശങ്ങളിലെ കർഷകർ ഈ സീസണിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി സ്ഫോടകവസ്തുക്കൾ നീക്കം ചെയ്ത് കൃഷിയിറക്കണോ എന്ന സംശയത്തിലാണ്.
റഷ്യയുടെ ഉപരോധം മൂലം ഉൽപ്പാദനത്തിന്റെയും ഗതാഗതത്തിന്റെയും ചെലവ് രാജ്യത്ത് കുതിച്ചുയർന്നിരുന്നു. കൂടാതെ പല അയൽ യൂറോപ്യൻ രാജ്യങ്ങളും ഉക്രേനിയൻ ധാന്യത്തിന്മേൽ ഇറക്കുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരട്ട പ്രതിസന്ധി പല കർഷകരും ധാന്യങ്ങൾ വിതയ്ക്കുന്നതിൽ നിന്ന് പിന്നോട്ട് പോകുന്നതിന് കാരണമാകുന്നു. കരയിലൂടെയും കടലിലൂടെയും ധാന്യങ്ങൾ കടത്തുന്നതിലെ തടസ്സങ്ങൾ വൻ നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇക്കൊല്ലം ധാന്യ ഉൽപ്പാദനത്തിൽ 20% മുതൽ 30% വരെ കുറവുണ്ടാകുമെന്നും വ്യവസായ രംഗത്തെ പ്രമുഖരും ഉക്രേനിയൻ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളും അഭിപ്രായപ്പെടുന്നു. ധാന്യവിളകളുടെ കുറവ് ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.
രാജ്യത്ത് 90% കാർഷിക ബിസിനസുകൾക്ക് വരുമാനം നഷ്ടപ്പെട്ടതായും 12% കൃഷിഭൂമി മൈനുകളാൽ ഉപയോഗശൂന്യമായെന്നും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) പറയുന്നു. 2021-ൽ 16 ദശലക്ഷം ഹെക്ടറിൽ (ഏകദേശം 40 ദശലക്ഷം ഏക്കർ) ധാന്യം കൃഷി ചെയ്തിരുന്ന ഭൂമി കഴിഞ്ഞ വർഷം 11.6 ദശലക്ഷം ഹെക്ടറായി (28.6 ദശലക്ഷം ഏക്കർ) കുറഞ്ഞിരുന്നു. ഈ വർഷം അത് 10.2 ദശലക്ഷം ഹെക്ടറായി (25.2 ദശലക്ഷം ഏക്കർ) കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമാനതകളില്ലാത്ത പ്രതിസന്ധിയിൽ വലയുകയാണ് രാജ്യത്തെ കർഷകർ. മിസൈലുകളുടെയും മൈനുകളുടെയും ഇടയിൽ ജീവിക്കുന്ന കർഷകർക്ക് മുന്നിൽ രണ്ട് വഴികളേയുള്ളു; ഒന്നുകിൽ റിസ്ക് എടുത്ത് കൃഷി ചെയ്യുക അല്ലെങ്കിൽ ഉപജീവനമാർഗം നഷ്ടപ്പെടുത്തുക.