Saturday, February 1, 2025

ഭക്ഷണമില്ല, വൈദ്യുതിയില്ല, ഒരിറ്റു വെള്ളം പോലുമില്ല; തെരുവുകള്‍ മൃതദേഹങ്ങളാല്‍ നിറയുന്ന അവസ്ഥയില്‍ ദുരിതംപേറി ‘മരിയുപോള്‍’

റഷ്യന്‍ അധിനിവേശത്തിന്റെ ഭീകരമായ നേര്‍ക്കാഴ്ചകളിലൂടെയാണ് യുക്രെയിനിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന മരിയുപോള്‍ നഗരം കടന്നുപോകുന്നത്. ഷെല്‍ ആക്രമണം രൂക്ഷമായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് തുറമുഖ നഗരമായ മരിയുപോള്‍. ഷെല്ലാക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. അഞ്ചു ദിവസമായി ഇവിടെ വെള്ളവും വൈദ്യുതിയുമില്ല.

തെരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടക്കുന്നു. ജീര്‍ണിച്ചു തുടങ്ങുന്ന ശരീരങ്ങള്‍ നീക്കം ചെയ്യാന്‍ പോലുമാകാത്ത നിസ്സഹായ അവസ്ഥയിലാണ് ജനങ്ങള്‍. ഭക്ഷണവും വെള്ളവും അതിവേഗം തീരുകയാണ്. ശുചീകരണവും നടക്കുന്നില്ല. ഭക്ഷണം, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കു വേണ്ടിയെല്ലാം മോഷണം വ്യാപകമായിരിക്കുന്നു.

ബോംബ് ആക്രമണം മൂലം രണ്ടു ലക്ഷത്തോളം ആളുകള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയും ഞായറും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒഴിപ്പിക്കല്‍ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. ആക്രമണം രൂക്ഷമായതിനാല്‍ രക്ഷപ്പെടാനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച നിലയിലാണ് ഇവിടെയുള്ളവര്‍.

നഗരത്തിലെ തെര്‍മല്‍ സബ്‌സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന വൈദ്യുതി വിതരണം പോലും കഴിഞ്ഞ അഞ്ച് ദിവസമായി ലഭിക്കുന്നില്ല. മൊബൈല്‍ നെറ്റ്വര്‍ക്കുകളും തകരാറിലാണ്. വൈദ്യുതി നിലച്ചതിനാല്‍ വാര്‍ത്തകളോ അറിയിപ്പുകളോ ജനങ്ങള്‍ക്ക് അറിയാനാകുന്നില്ല. അവശ്യസാധനങ്ങളുടെ വിതരണം തടസപ്പെടുത്തി നഗരത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് റഷ്യന്‍ ശ്രമം.

മാനുഷിക ഇടനാഴി വഴി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. രക്ഷപ്പെടാനായി മറ്റിടങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ മരിയുപോളിലെത്തി. 50 ബസും ഇവിടെ ക്രമീകരിച്ചിരുന്നു. എന്നാല്‍, രണ്ടുമണിക്കൂറിനകം ജനവാസമേഖലയിലടക്കം വീണ്ടും ഷെല്‍ ആക്രമണമുണ്ടായി.

നഗരം വിടാനൊരുങ്ങിയവരോട് തിരികെ ഷെല്‍ട്ടറുകളില്‍ പ്രവേശിക്കാനും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനും സിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതോടെ രക്ഷപ്പെടാന്‍ പുറത്തേക്കിറങ്ങിയവര്‍ വീടുകളില്‍തന്നെ കുടുങ്ങി. മറ്റ് സ്ഥലങ്ങളില്‍നിന്ന് വന്നവര്‍ക്കും തിരിച്ചുപോകാനായില്ല.

430,000 പേരുള്ള, അസോവ് കടലില്‍ സ്ഥിതി ചെയ്യുന്ന മരിയുപോള്‍ എന്ന ഈ നഗരത്തില്‍ വലിയ ഒരു മാനുഷിക പ്രതിസന്ധി തന്നെയാണ് ഉടലെടുത്തിരിക്കുന്നത്. സാധാരണക്കാരെ ഒഴിപ്പിക്കാനും നിയുക്ത സുരക്ഷിത ഇടനാഴിയിലൂടെ ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനുമായി ചൊവ്വാഴ്ച നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. തലങ്ങും വിലങ്ങും പായുന്ന മിസൈലുകളുടെ ശബ്ദം കേട്ടും ചുറ്റുമുള്ള കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടും ജീവന്‍ കൈയ്യില്‍ പിടിച്ച്, ഭീതിയിലും ഒപ്പം പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് മരിയുപോള്‍ നിവാസികള്‍.

Latest News