പുതിയതായി നിലവിൽ വന്ന നിയമത്തെ ഭയന്ന് ഉഗാണ്ടയിൽ നിന്നും പലായനം ചെയ്യുകയാണ് രാജ്യത്തെ സ്വവർഗാനുരാഗികൾ. ഉഗാണ്ടയിലെ പ്രൈഡ് കമ്മ്യൂണിറ്റിയിൽ അസ്ഥിരത ഉണ്ടാക്കുന്ന ഒരു നീക്കമായിരുന്നു രാജ്യത്ത് മെയ് അവസാനം നിലവിൽ വന്ന ആൻറി-ഹോമോസെക്ഷ്വാലിറ്റി ആക്ട് 2023. ലോകത്തിലെ ഏറ്റവും കഠിനമായ LGBTQ+ വിരുദ്ധ നിയമങ്ങളിലൊന്ന് ഉഗാണ്ട ഇക്കഴിഞ്ഞ മെയ് 29-ന് നടപ്പിലാക്കിയത്. സ്വവർഗാനുരാഗം നേരത്തെ തന്നെ നിയമവിരുദ്ധമായിരുന്ന രാജ്യത്ത് ഇപ്പോൾ പുതിയതായി നടപ്പാക്കിയ നിയമം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. കുറ്റവാളികൾക്ക് ജീവപര്യന്തം തടവും ചില കേസുകളിൽ വധശിക്ഷയും വരെ നൽകാൻ അനുശാസിക്കുന്നു പുതിയ നിയമം.
ഗുരുതരമായ സ്വവർഗരതിക്ക് വധശിക്ഷ നൽകണമെന്നാണ് പുതിയ നിയമം ആവശ്യപ്പെടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവും സ്വവർഗ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടാൽ 10 വർഷം വരെ തടവും ലഭിക്കാം. പുതിയ നിയമം, എച്ച്ഐവി പടർത്താൻ സാധ്യതയുള്ള ചില സ്വവർഗ പ്രവർത്തനങ്ങൾക്ക് വധശിക്ഷ നൽകുന്നുണ്ട്. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതോ സ്വവർഗരതിക്കാരായ ദമ്പതികൾക്ക് മുറി വാടകയ്‌ക്കെടുക്കുന്നതോ നീണ്ട ജയിൽ ശിക്ഷകൾ നൽകുന്ന കുറ്റങ്ങളാണ്. ക്രൂരമായ നിയമങ്ങൾ താറുമാറാക്കിയിരിക്കുകയാണ് ഉഗാണ്ടയിലെ ജനങ്ങളുടെ ജീവിതം. ക്രൂരമായ ഈ നിയമം ഭയന്ന് രാജ്യം വിടുകയാണ് ഉഗാണ്ടയിലെ സ്വവർഗരാതിക്കാരായവർ.
“പ്രകൃതി വിരുദ്ധമായ” ലൈംഗിക പ്രവർത്തികൾ ക്രിമിനൽ കുറ്റമാക്കുന്ന കൊളോണിയൽ കാലത്തെ നിയമപ്രകാരം സ്വവർഗരതി വളരെക്കാലമായി നിയമവിരുദ്ധമായ ഒരു രാജ്യത്ത് പുതിയ നിയമനിർമ്മാണം അനാവശ്യമാണെന്നാണ് LGBTQ+ ആക്ടിവിസ്റ്റുകൾ പറയുന്നത്. കൊളോണിയൽ കാലത്തെ കുറ്റത്തിന് ജീവപര്യന്തം തടവാണ് ശിക്ഷ.
വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പുതിയ നിയമത്തെ സാർവത്രിക മനുഷ്യാവകാശങ്ങളുടെ ദാരുണമായ ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. പുതിയ നീക്കത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉത്കണ്ഠ രേഖപ്പെടുത്തി.
ആക്ടിവിസ്റ്റുകളും അക്കാദമിക് വിദഗ്ധരും നിയമം നടപ്പാക്കുന്നതിനെതിരെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഉഗാണ്ടയിൽ സ്വവർഗാനുരാഗ വിരുദ്ധ വികാരം കഴിഞ്ഞ ആഴ്ചകളിൽ വർന്നിട്ടുണ്ട്. ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 30-ലധികം രാജ്യങ്ങളിൽ സ്വവർഗരതി കുറ്റകരമാണ്.
പേടിച്ചരണ്ട ഉഗാണ്ടക്കാർ രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. നിയമം നിലവിൽ വന്നതുമുതൽ തങ്ങൾ ടാർഗെറ്റുചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നു.
സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമാണെങ്കിലും കെനിയയാണ് ഇപ്പോൾ സ്വവർഗാനുരാഗികളുടെ ആശ്രയം. എങ്കിലും അവിടെയും അവർ ആഗ്രഹിക്കുന്നത്ര സുരക്ഷിതമല്ല. കെനിയയിൽ ഇപ്പോൾ ഏകദേശം 1,000 LGBTQ+ ആളുകൾ അഭയം പ്രാപിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്റെ അഭിപ്രായത്തിൽ ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കി അഭയം വാഗ്ദാനം ചെയ്യുന്ന മേഖലയിലെ ഏക രാജ്യമാണിത്.