ജൂൺ 8, വ്യാഴാഴ്ച ഫ്രാൻസിലെ ആൻസി നഗരത്തിൽ ഒരു സിറിയൻ അഭയാർത്ഥി നാല് കുട്ടികളെയും രണ്ട് മുതിർന്നവരെയും കുത്തിക്കൊലപ്പെടുത്തിയ സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ കൂടുതൽ ആക്രമണം ഉണ്ടാകാതെ ആളുകളെ രക്ഷപ്പെടുത്തുന്നതിനു ശ്രമം നടത്തുകയും അക്രമിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപിക്കാൻ സഹായിക്കുകയും ചെയ്തത് ഫ്രാൻസിൽ തീർത്ഥാടനത്തിയ ഹെൻറി ഡി അൻസൽമി എന്ന 24-കാരനായ യുവാവാണ്. സംഭവത്തിനു പിന്നാലെ ‘ദി ഹീറോ വിത്ത് ബാക്ക് പാക്ക്’ എന്ന് വിളിപ്പേര് ലഭിച്ച അൻസൽമി അനുഭവം വെളിപ്പെടുത്തുന്നു.
സംഭവം ഇങ്ങനെ, ആൻസി തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന പാർക്കിലായിരുന്നു ആക്രമണം. കുട്ടികൾക്ക് നേരെ ഓടിയെത്തിയ അക്രമി അവരെ നിർദയം കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു വൃദ്ധനെയും ഇയാൾ ആക്രമിച്ചു. കുത്തേറ്റ കുട്ടികളെല്ലാം മൂന്ന് വയസിന് താഴെയുള്ളവരാണ്. ആക്രമണം നടത്തി ഓടി രക്ഷപ്പെടാൻ ശ്രമം
നടത്തിയ ആക്രമിയെ മറ്റുള്ളവർക്ക് കൂടുതൽ ദോഷം ചെയ്യാതിരിക്കാൻ ഈ യുവാവ് പിന്തുടരുകയും കീഴ്പ്പെടുത്തുകയും ആയിരുന്നു.
അത് കവർച്ചയാണെന്നാണ് താൻ ആദ്യം കരുതിയതെന്നും എന്നാൽ കുറ്റവാളി കുട്ടികളുടെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നു മനസിലായതായും ഹെൻറി പറഞ്ഞു. ഈ ആക്രമണം കണ്ടുകൊണ്ട് നിൽക്കാനും അതിൽ നിന്ന് രക്ഷപെടാനും തനിക്കാകുമായിരുന്നില്ല എന്നും യുവാവ് കൂട്ടിച്ചേർത്തു. “ആദ്യം ഞാൻ, എന്റെ വലിയ ബാഗുമായി അവന്റെ പിന്നാലെ ഓടാൻ ശ്രമിച്ചു. പക്ഷേ, അത് അക്രമിയെ പിടികൂടാൻ താമസമാകുമെന്നതിനാൽ ഞാൻ അത് ഉപേക്ഷിക്കുകയും എന്റെ ചെറിയ ബാഗുമായി അവന്റെ പിന്നാലെ ഓടുകയും ചെയ്തു” – ഹെൻറി വെളിപ്പെടുത്തി.
ഏതാനും നാളുകളായി ഫ്രാൻസിലെ വിവിധ ദേവാലയങ്ങളിലൂടെ തീർത്ഥാടനം നടത്തുന്ന വ്യക്തിയാണ് ഹെൻറി. ഈ പ്രാവശ്യത്തെ തീർത്ഥാടനം ഒരു ദൈവനിയോഗമായി കരുതുകയാണ് ഇദ്ദേഹം.