Tuesday, November 26, 2024

കുടിയേറ്റക്കരുടെ ദുരവസ്ഥകൾക്ക് മൂകസാക്ഷിയായി ടുണീഷ്യ

“മത്സ്യം കിട്ടുന്നതിനു പകരം ചിലപ്പോൾ ശവശരീരങ്ങൾ കിട്ടും. ആദ്യം പേടിച്ചു. പിന്നെ പടിപടിയായി ശീലിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വലയിൽ നിന്ന് ഒരു മൃതദേഹം പുറത്തെടുക്കുന്നത് മീൻ എടുക്കുന്നതുപോലെയായി. ഒരിക്കൽ എന്റെ വലയിൽ ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉടക്കി. ഒരു കുഞ്ഞ് ഈ ദുരിതങ്ങൾക്ക് ഉത്തരവാദിയാകുന്നത് എങ്ങനെ? ഞാൻ കരയുകയായിരുന്നു. മുതിർന്നവർക്ക് സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ആ കുഞ്ഞ് അത് ലോകം ശരിക്കും കണ്ടിട്ടുകൂടിയില്ല” – നിറകണ്ണുകളോടെ മുപ്പതുകാരനായ മത്സ്യത്തൊഴിലാളി മിസ്റ്റർ ദബ്ബേബി ഇതു പറയുമ്പോൾ ലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത് കുടിയേറ്റക്കാരുടെയും അഭ്യർത്ഥികളുടെയും പ്രശ്നങ്ങളാണ്; പ്രതിസന്ധികളാണ്.

യൂറോപ്പിൽ എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് മെഡിറ്ററേനിയൻ കടലിലെ മരണങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു. യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ പലായനം നിയന്ത്രിക്കാൻ പാടുപെടുമ്പോൾ, ദാരിദ്ര്യത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും പലായനം ചെയ്യുന്നവരുടെ ദുരവസ്ഥകൾക്ക് സാക്ഷിയായി മാറുകയാണ് ടുണീഷ്യയുടെ തീരപ്രദേശങ്ങൾ.

10 വയസു മുതൽ, ടുണീഷ്യയിലെ രണ്ടാമത്തെ നഗരമായ സ്ഫാക്‌സിനു സമീപം മിസ്റ്റർ ദബ്ബേബി മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു. അടുത്തിടെ മൂന്നു ദിവസങ്ങളുടെ വ്യത്യാസത്തിലുള്ള പതിനഞ്ചോളം മൃതദേഹങ്ങളാണ് ഈ യുവാവിന്റെ വലയിൽ കുടുങ്ങിയത്. ഓരോ മൃതദേഹം പുറത്തെടുക്കുമ്പോഴും നിർവികാരതയോടെ അത് ചെയ്യാൻ മാത്രമേ ഈ യുവാവിന് കഴിയുന്നുള്ളൂ.

ഇക്കാലത്തും വല വീശുന്ന പലരിൽ ഒരാളായിരുന്നു മിസ്റ്റർ ദബ്ബേബി. ഇപ്പോൾ മിക്ക മത്സ്യത്തൊഴിലാളികളും തങ്ങളുടെ ബോട്ടുകൾ ആളുകളെ അനധികൃതമായി കടത്തുന്ന കള്ളക്കടത്തുകാർക്ക് വലിയ തുകക്ക് വിറ്റതായി അദ്ദേഹം പറയുന്നു. “എന്റെ ബോട്ട് വിൽക്കാൻ പലതവണ കള്ളക്കടത്തുകാർ എനിക്ക് അവിശ്വസനീയമായ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞാൻ എല്ലായ്‌പ്പോഴും അത് നിരസിച്ചു. കാരണം അവർ എന്റെ ബോട്ട് ഉപയോഗിക്കുകയും ആരെങ്കിലും മുങ്ങിമരിക്കുകയും ചെയ്താൽ, എനിക്ക് ഒരിക്കലും എന്നോട് ക്ഷമിക്കാനാവില്ല” – ദബ്ബേബി വെളിപ്പെടുത്തുന്നു.

2011-ൽ സ്വാതന്ത്ര്യം നേടിയതിനു ശേഷം സംഘർഷം, കാലാവസ്ഥാ ആഘാതങ്ങൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവ ബാധിച്ച, ദക്ഷിണ സുഡാനിൽ നിന്നുള്ള ഒരു കൂട്ടം കുടിയേറ്റക്കാർ നടന്നുതുടങ്ങുന്നു. അവരുടെ ആത്യന്തിക ലക്ഷ്യം യുകെ ആണ്. ടുണീഷ്യയുടെ നാഷണൽ ഗാർഡ് പറയുന്നതനുസരിച്ച്, 13000 കുടിയേറ്റക്കാർ സ്‌ഫാക്‌സിനു സമീപം പലപ്പോഴും ആളുകൾ തിങ്ങിനിറഞ്ഞ ബോട്ടുകളിൽ കരയിലേക്ക് മടങ്ങി; അതും ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽ. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഏകദേശം 24,000 പേർ ടുണീഷ്യൻ തീരം വിട്ട് താൽക്കാലിക ബോട്ടുകളിൽ ഇറ്റലിയിലെത്തി എന്ന് വെളിപ്പെടുത്തുന്നു.

തിരികെ മടങ്ങാൻ മടിക്കുന്നവർ

യൂറോപ്പിലെത്താൻ ശ്രമിച്ച നിരവധി പേരുടെ മരണത്തെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. പക്ഷേ, അവർ അവിടേക്ക് എത്താൻ ശ്രമിക്കുന്നതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. ആ കാരണങ്ങൾ പരിഹരിക്കാൻ ആരും ശ്രമിക്കുന്നുമില്ല. ഗിനിയയിൽ നിന്നുള്ള ഒരു യുവാവ് പറയുന്നത് ഇപ്രകാരമാണ്: “പണമോ, പാസ്‌പോർട്ടോ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ല. അതിലെനിക്ക് പേടിയില്ല. കാരണം വീട്ടിൽ ഞാൻ പട്ടിണിയിലാണ്. അവിടെ ദാരിദ്ര്യത്താൽ വലയുകയാണ്. എന്റെ മാതാപിതാക്കൾക്ക് ഒന്നുമില്ല. നാളെ എന്റെ കുട്ടികളും അങ്ങനെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞാൻ അന്യനാട്ടിലേക്കു പോകുകയാണ്.”

ദുരന്തം എന്തെന്നാൽ, മെച്ചപ്പെട്ട ജീവിതത്തിനായുള്ള മനുഷ്യന്റെ ഈ അടിസ്ഥാന അഭിലാഷത്തിന് പലപ്പോഴും ജീവൻ പോലും ബലിയായി നൽകുകയാണ് അവർ. അവർ മാത്രമല്ല ഒരുപക്ഷേ, പ്രതിരോധിക്കാൻ പോലും കഴിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ പോലും ഈ കുടിയേറ്റദുരിതത്തിന് കാരണമാകുന്നു. മുൻപ് ദബ്ബേബി പറഞ്ഞതുപോലെ ഈ ലോകം ഇങ്ങനെ ആയിത്തീരാൻ ആ കുഞ്ഞ് എന്തു പിഴച്ചു?

ലാഭമുണ്ടാക്കുന്ന കള്ളക്കടത്തുകാർ

ഈ വർഷം ഇതുവരെ 47,000-ത്തിലധികം കുടിയേറ്റക്കാർ ഇറ്റലിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവാണ് ഇത്. ഈ വർദ്ധനവ്, കുടിയേറ്റക്കാർക്കായി എന്തെങ്കിലും അടിയന്തിരമായി ചെയ്യാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നു. ഈ മാസം ആദ്യം ഇവിടെ നടത്തിയ ഒരു ഹ്രസ്വസന്ദർശന വേളയിൽ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിലുള്ള സന്ദർശന പ്രതിനിധിസംഘം ഏകദേശം ഒരു ബില്യൺ യൂറോയുടെ ($1 ബില്യൺ; 850 മില്യൺ ഡോളർ) സാമ്പത്തികസഹായ പാക്കേജ് വാഗ്ദാനം ചെയ്തു. അംഗീകാരം ലഭിച്ചാൽ, ഈ തുകയുടെ പത്തിലൊന്ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾക്കായി ചെലവഴിക്കും.

ഈ കഴിഞ്ഞ ദിവസം ഗ്രീക്ക് തീരത്തുണ്ടായ അഭയാർത്ഥി കപ്പൽദുരന്തം കുടിയേറ്റവും മനുഷ്യക്കടത്തും ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാണിക്കുന്നു. ഇത്തരത്തിലുള്ള അപകടസാധ്യതകൾ തിരിച്ചറിഞ്ഞിട്ടും മനുഷ്യക്കടത്തുകാരുടെ കയ്യിലേക്ക് ഇവർ എത്തുകയാണ്. ചുരുക്കത്തിൽ, ഈ അഭയാർത്ഥി പ്രശ്നത്തിൽ ലാഭമുണ്ടാക്കുന്നത് കള്ളക്കടത്തുകാരാണ്. അവർ മോഹനവാഗ്ദാനങ്ങൾ നൽകി ആളുകളെ അന്യരാജ്യത്തേക്ക് എത്തിക്കുന്നു. അതിനായി അവർ ഈടാക്കുന്നതും ഉയർന്ന തുകയാണ്. പലപ്പോഴും നല്ല സൗകര്യങ്ങളും ജീവിതവും ലക്ഷ്യം വയ്ക്കുന്നവർക്ക് ഈ കള്ളക്കടത്തുകാരുടെ പ്രലോഭനങ്ങൾ അടിമിത്വങ്ങളായി മാറുന്നു.

 

Latest News