Monday, November 25, 2024

മനുഷ്യനാശത്തിന്റെ ഏറ്റവും ഭയാനകമായ അധ്യായത്തിനു വിടചൊല്ലി യുഎസ്

‍”മനുഷ്യനാശത്തിന്റെ ഏറ്റവും ഭയാനകമായ ചില എപ്പിസോഡുകൾക്ക് രാസായുധങ്ങൾ കാരണമാകുന്നു. മാരകമായ ഈ ആയുധങ്ങളുടെ ഉപയോഗം എല്ലായ്‌പ്പോഴും ചരിത്രത്തിൽ ഒരു കളങ്കമാണെങ്കിലും ഈ തിന്മയിൽ നിന്ന് നമ്മുടെ ആയുധശേഖരത്തെ മോചിപ്പിക്കുമെന്ന വാഗ്ദാനം നമ്മുടെ രാഷ്ട്രം ഒടുവിൽ നിറവേറ്റിയിരിക്കുന്നു” – യുഎസിലെ അവസാന രാസായുധശേഖരവും നശിപ്പിച്ചതായുളള പ്രഖ്യാപനത്തില്‍ കെന്റക്കിയിലെ സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ പ്രസ്താവനയിൽ പറഞ്ഞ വാക്കുകളാണ് ഇത്.

അതെ, ഒന്നാം ലോക മഹായുദ്ധകാലത്തെ യുദ്ധത്തിന്റെ ഒരു പ്രധാന അധ്യായത്തിനു യുണൈറ്റഡ് സ്റ്റേറ്റ്സ് വിടചൊല്ലിയിരിക്കുകയാണ്. മനുഷ്യചരിത്രത്തിലെ, ഏറ്റവും വിനാശം വിതച്ച രണ്ട് ലോക മഹായുദ്ധങ്ങള്‍; അതില്‍ വെടിക്കോപ്പുകളും രാസായുധങ്ങളും വിറ്റ് നേട്ടംകൊയ്ത രാജ്യം – യുഎസ്. പിന്നീട് ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഒന്നാംകിടരാഷ്ട്രം എന്നു വിളിക്കപ്പെട്ടിരുന്നെങ്കിലും രാസായുധങ്ങള്‍ വിറ്റ് നേട്ടംകൊയ്ത രാജ്യം എന്ന നിലയില്‍ യുഎസ് തലകുനിക്കപ്പെട്ടിരുന്നു. ഈ അപമാനഭാരമാണ്, നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ ആയുധങ്ങള്‍ പൂർണ്ണമായും നശിപ്പിച്ചതായി പ്രഖ്യാപിച്ച് വൈറ്റ്ഹൗസ് തിരുത്തിയത്.

യുദ്ധാനന്തരം, 1997-ൽ പ്രാബല്യത്തിൽ വന്നതും 193 രാജ്യങ്ങൾ ചേർന്നതുമായ അന്താരാഷ്‌ട്ര രാസായുധ കൺവൻഷന്റെ കീഴിൽ, ശേഷിക്കുന്ന രാസായുധങ്ങൾ ഇല്ലാതാക്കാൻ നിര്‍ദേശിച്ചിരുന്നു. ഇതാണ് അമേരിക്ക വെള്ളിയാഴ്ച പ്രവർത്തികമാക്കിയത്. കെന്റക്കിയിൽ നശിപ്പിക്കപ്പെടുന്ന യുദ്ധസാമഗ്രികൾ GB നെർവ് ഏജന്റുള്ള 51,000 M55 റോക്കറ്റുകളിൽ അവസാനത്തേതാണ്. സരിൻ എന്ന് അറിയപ്പെടുന്ന മാരകമായ വിഷവസ്തു 1940 മുതൽ ഡിപ്പോയിൽ സൂക്ഷിച്ചുവരികയാണ്. ശീതയുദ്ധത്തിന്റെ അവസാനത്തോടെ മൊത്തം 30,000 ടണ്ണിലധികം രാസായുധ ശേഖരമാണ് ഇല്ലാതാക്കാൻ ദശാബ്ദങ്ങൾ നീണ്ട പരിശ്രമത്തിലൂടെ യുഎസ് പൂർത്തിയാക്കിയത്.

“30 വർഷത്തിലേറെയായി, യുഎസിന്റെ രാസായുധശേഖരം ഇല്ലാതാക്കാൻ ഞങ്ങള്‍ അശ്രാന്തമായി പരിശ്രമിച്ചു. ഇന്ന് ആ ശേഖരത്തിലെ അവസാന യുദ്ധോപകരണങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് സുരക്ഷിതമായി നശിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇതോടെ രാസായുധങ്ങളുടെ ഭീകരതയിൽ നിന്നു മുക്തമായ ഒരു ലോകത്തിലേക്ക് ഞങ്ങളെ ഒരു പടികൂടി അടുപ്പിക്കുന്നു” – പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുദ്ധസാമഗ്രികൾ നശിപ്പിച്ചതിലൂടെ, യുദ്ധക്കളത്തിൽ ഇത്തരം ആയുധങ്ങൾ ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഔദ്യോഗികമായി അടിവരയിടുകയും കരാറിൽ ചേരാത്ത രാജ്യങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്യുന്നുവെന്ന് സൈനിക വിദഗ്ധർ പറയുന്നു.

Latest News