Monday, November 25, 2024

‘ഹിരോഷിമ എയ്റ്റ്’ – അത്ഭുതകരമായ ആ സംഭവം ഇങ്ങനെയാണ്

ഒരു മനുഷ്യനും അതിജീവിക്കാൻ കഴിയാത്ത വിധം മാരകമായ വികിരണങ്ങളാണ് ഹിരോഷിമയിലുണ്ടായത്. ഒരു കിലോമീറ്ററിനുള്ളിൽ യാതൊന്നും അവശേഷിച്ചിരുന്നില്ല. പക്ഷേ, ഈ എട്ടുപേർ മാത്രം യാതൊരു കുഴപ്പവുമില്ലാതെ, ജീവനോടെ അവശേഷിച്ചു! തുടർന്നു വായിക്കുക.

1945 ലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിൽ അമേരിക്ക ആറ്റംബോംബ് ആക്രമണം നടത്തിയത് ലോക മനഃസാക്ഷിയെ മുറിപ്പെടുത്തിയ സംഭവമായിരുന്നു. അത് നടന്നിട്ട് 78 വർഷങ്ങൾ പൂർത്തിയാകുകയാണ്. 1945 ഓഗസ്റ്റ് 6 നും 9 നും ‘ലിറ്റിൽ ബോയ്’, ‘ഫാറ്റ് മാന്‍’ എന്നീ വിളിപ്പേരിൽ അറിയപ്പെടുന്ന അണുബോംബുകള്‍ ഈ രണ്ടു നഗരങ്ങളുടെയുംമേൽ വർഷിക്കപ്പെടുകയായിരുന്നു.
സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചുട്ടു ചാമ്പലാക്കിക്കളഞ്ഞു. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി. ദിവസങ്ങളുടെ ഇളവേളയിൽ, ഓഗസ്റ്റ് മാസം ഒൻപതാം തിയതി രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടൺ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ‘ഫാറ്റ് മാൻ’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ ഇത് കണ്ടുപിടിക്കാൻ വൈമാനികർ ബുദ്ധിമുട്ടിയത് മറ്റൊരു നഗരത്തിന്റെ അന്ത്യത്തിന് കാരണമായി. ഈ രണ്ടു കറുത്ത ദിനങ്ങളിൽ മുപ്പത്തേഴായിരത്തോളം പേർക്ക് ആണവവികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. കേൾക്കുമ്പോൾ പോലും അനുഭവവേദ്യമാകുന്ന അതിഭയാനകമായ അവസ്ഥ. ഉരുകിവീണുകൊണ്ടിരിക്കുന്ന തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടിയ അനേകായിരങ്ങൾ പൊള്ളിക്കുന്ന ഓർമ്മകളായി ഇന്നും അനേകായിരം ആളുകളെ കണ്ണീരിലാഴ്ത്തുന്നു. ജീവൻ മാത്രം തിരികെ ലഭിച്ചവരും അവരുടെ പിൻതലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങൾ കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെട്ട് വർഷങ്ങൾക്കിപ്പുറം നരകിച്ച് മരണമടഞ്ഞു.
ഈ വിവരണങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും ആ നഗരങ്ങളിൽ മണ്ണിനടിയിൽ മുളയ്ക്കാനിരുന്ന പുൽ വിത്തുകള്‍ പോലും ആവിയായി പോയി എന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. എങ്കിലും അത്ഭുതകരമായി അതിൽ നിന്നും രക്ഷപെട്ട എട്ടു പുരോഹിതരുടെ അനുഭവങ്ങൾ ശാസ്ത്ര ലോകത്തിനു ഇന്നും അനിർവചനീയമാണ്. ഹിരോഷിമ എയ്റ്റ് (Hiroshima Eight ) എന്നറിയപ്പെടുന്ന ഈ അഷ്ട പുരോഹിതമാരുടെ ജീവിതം ശാസ്ത്ര ലോകത്തിന് ഇന്നും ഒരു അത്ഭുതമായി നിലകൊള്ളുന്നു.
ഫാ. ഷിഫർ എന്ന ജെസ്യൂട്ട് പുരോഹിതൻ തങ്ങളുടെ ആശ്രമത്തിലെ അപൂർവ്വമായ സംഭവങ്ങൾ വിവരിക്കുന്നുണ്ട്. 1945 ഓഗസ്റ്റ് ആറിന് പതിവുപോലെ രാവിലത്തെ വിശുദ്ധ കുർബാനയർപ്പണവും കഴിഞ്ഞു മടങ്ങി വന്നത്തിനു ശേഷം പ്രാതലിനായി ഊട്ടുമുറിയിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. കുടിക്കാനായി വെച്ചിരുന്ന മുന്തിരി ജ്യൂസ്ഗ്ലാസ്സിലേയ്ക്ക് ഒരു സ്പൂൺ എടുത്തിട്ട അതേ നിമിഷം തന്നെ, ഒരുപാട് പൊട്ടിത്തെറി ശബ്ദത്തോടെ ഒരു വെള്ളിവെളിച്ചം അവിടെയെങ്ങും നിറഞ്ഞു. സമീപത്തുള്ള തുറമുഖത്തുനിന്നു എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു അദ്ദേഹം വിചാരിച്ചത്. “പെട്ടന്ന് തന്നെ അതിഭീകരമായ ഒരു ഇടിമുഴക്കവും പൊട്ടിത്തെറിയുമുണ്ടായി. ഒരു അദൃശ്യ ശക്തി എന്നെ കസേരയിൽ നിന്ന് ഉയർത്തി വായുവിലൂടെ എറിഞ്ഞു. വലിയൊരു ഇളക്കം അനുഭവപ്പെട്ടശേഷം ശരത്കാല കാറ്റിൽ പറക്കുന്ന ഒരു ഇല പോലെ ഞാൻ വട്ടം കറങ്ങി.” കണ്ണ് തുറന്നു നോക്കുമ്പോൾ ഫാ. ഷിഫർ തറയിൽ വീണു കിടക്കുകയായിരുന്നു. നോക്കിയ വശങ്ങളിലൊന്നും യാതൊന്നും അവശേഷിച്ചിരുന്നില്ല. ആശ്രമത്തിന്റെ പുറത്ത്‌ എല്ലാ വശങ്ങളിലുമുണ്ടായിരുന്ന റെയിൽ പാളങ്ങളും റോഡുകളുമെല്ലാം പേരിനു പോലും അവശേഷിച്ചിരുന്നില്ല. ചുറ്റുപാടും ഇത്രയൊക്കെ കെടുതികളുണ്ടായെങ്കിലും ഫാ. ഷിഫറിന് ഒരു പോറൽ മാത്രമാണുണ്ടായിരുന്നത്. അതും ചില പച്ചിലകൾ കാറ്റിൽ പറന്നു അദ്ദേഹത്തിന്റെ പിൻ കഴുത്തിൽ ഉണ്ടാക്കിയ വളരെ ചെറിയ ഒരു പോറൽ. അതു മാത്രമായിരുന്നു ലോകത്തെ നടുക്കിയ അണ്വായുധ പരീക്ഷണത്തിൽ അദ്ദേഹത്തിന് പറ്റിയ ഒരേയൊരു അപകടം. അപകടം നടക്കുമ്പോൾ ഫാ. ഹ്യൂബർ ഷിഫറിന് പ്രായം 30. അനേകായിരങ്ങള്‍ക്ക് തലമുറകളോളം നീണ്ടു നിന്ന രോഗവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായപ്പോൾ ആ ദിവസത്തിന് ശേഷം വീണ്ടും 33 വർഷങ്ങൾ കൂടി പൂർണ്ണ ആരോഗ്യവാനായി ജീവിച്ച ഈ പുരോഹിതനും മറ്റു ഏഴുപേരും ഇന്ന് ശാസ്ത്ര ലോകത്തിനു അത്ഭുതമാണ്.
ഇടവകാദൈവാലയത്തിനു അടുത്തുള്ള ചെറിയൊരു ആശ്രമത്തിൽ ജീവിച്ച ഈ എട്ടു ഈശോ സഭാ വൈദികർ മാത്രം ഒരപകടവും കൂടാതെ രക്ഷപെട്ടു. ബോംബ് വീണ സ്ഥലത്തു നിന്നും വെറും എട്ടു ബ്ലോക്ക് മാത്രം ദൂരത്തിൽ ജീവിക്കുന്ന ഇവർ സുരക്ഷിതരായിരുന്നത് അവിശ്വസനീയമായതിനാൽ പിന്നീട് ഇത് പഠന വിധേയമായ ഒരു വിഷയമായി. സംഭവ സ്ഥലത്തുനിന്നും ഒന്നര കിലോ മീറ്റർ ദൂര പരിധിയിലുള്ള എല്ലാ ജീവജാലങ്ങളും നിശ്ശേഷം ബാഷ്പീകരിക്കപ്പെട്ടു പോയപ്പോൾ എട്ടു പുരോഹിതന്മാർ കേവലം എട്ടു ബ്ലോക്കുകൾക്കിപ്പുറം സുരക്ഷിതരായിരിക്കുന്നു. ഇതിനുള്ള വിശദീകരണമായി ഫാ. ഷിഫർ പറയുന്നത് ഇപ്രകാരമാണ്: ഞങ്ങൾ അതിജീവിച്ചത് ഫാത്തിമയിലെ പരിശുദ്ധ ദൈവമാതാവിന്റെ സന്ദേശത്തിൽ വിശ്വസിച്ചതുകൊണ്ടുമാത്രമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഭവനത്തിൽ ഞങ്ങൾ എല്ലാ ദിവസവും ജപമാല ചൊല്ലിയിരുന്നു. അതോടടോപ്പം ഹിരോഷിമയിലെ ജെസ്യൂട്ട് സഭയുടെ സംരക്ഷണം ഞങ്ങൾ ഫാത്തിമ മാതാവിന് സമർപ്പിച്ചിരുന്നു.”
ശാസ്ത്രീയ വീക്ഷണ കോണിൽ, ഹിരോഷിമയിലെ ആ വൈദികർക്ക് സംഭവിച്ചത് ഇപ്പോഴും ഭൗതിക ശാസ്ത്രത്തിന്റെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്ന ഒന്നായിരുന്നു. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ എടുക്കുന്ന ശക്തിയുടെ തോത് നമുക്ക് മനസിലാക്കുന്നതിലും അപ്പുറത്താണ്. അതുകൊണ്ട് തന്നെ ഈ പ്രത്യേക സംരക്ഷണത്തിന്റെ പിന്നിൽ മറ്റേതെങ്കിലും ശക്തി ഉണ്ടായിരുന്നു എന്ന നിഗമനത്തിലെത്തേണ്ടതാണ്. ഈ സംഭവത്തിനും മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ നാഗസാക്കിയിലും അണു ബോംബ് വർഷിക്കപ്പെട്ടു.
അമേരിക്കൻ പ്രതിരോധ വകുപ്പിലെ ഡോ. സ്റ്റീഫൻ റൈൻഹാർട്ട് അറ്റോമിക് സ്‌ഫോടക മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധനായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ്. ‘ഗ്രൗണ്ട് സീറോ’ യിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ താപനില ഉണ്ടാകുക 20000 മുതൽ 30000 ഫാരൻ ഹീറ്റ് വരെയാണെന്നും, സ്‌ഫോടക തരംഗം 600 പൗണ്ട്‌സ് പെർ സ്ക്വയർ ഇഞ്ചിൽ (PSI ) കൂടുതൽ ഉള്ള കെട്ടിടങ്ങളിൽ സമ്മർദ്ദം ചെലുത്തി സോണിക് പ്രവേഗത്തിൽ അടിക്കുമെന്നും പഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ പ്രഭവകേന്ദ്രത്തിനു ഒരു കിലോമീറ്ററിനുള്ളിൽ ഉള്ള എല്ലാ കെട്ടിടങ്ങളും തകർന്നു തരിപ്പണമാകും. അതോടൊപ്പം കർണ്ണപുടങ്ങളിൽ താങ്ങാവുന്നതിലും അപ്പുറത്തുള്ള ശബ്ദ വീചികൾ കേൾവി ശക്തിയെ ബാധിക്കുകയും മനുഷ്യരുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 350 ഡിഗ്രി ഫാരൻഹീറ്റിൽ ചൂട് എത്തുമ്പോൾ എല്ലാ കോട്ടൺ വസ്തുക്കളും ഉരുകിയില്ലാതാകുന്നു. അതുകൊണ്ടു തന്നെ സ്‌പോഞ്ചുപോലെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ശ്വാസകോശം ഒരു മിനിറ്റ് നേരത്തേയ്ക്ക് ശ്വാസം എടുക്കുമ്പോൾ തന്നെ പ്രവർത്തന രഹിതമാവുകയും ചെയ്യുന്നു. സ്ഫോടന സ്ഥലത്തിന്റെ പത്തിരട്ടി ദൂരത്തിലുള്ള അനേകായിരങ്ങൾ കടുത്ത ആണവ വികിരണത്തിനു വിധേയരായി അടുത്ത ദിവസങ്ങൾക്കുളിൽ മരണമടഞ്ഞു.
ഈ സംഭവങ്ങൾക്ക് ശേഷം യു എസ് ആർമി ഡോക്ടർമാർ ഇരുന്നൂറിലധികം തവണ ഫാ. ഷിഫറിന്റെ ശരീരം പരിശോധിച്ചു. ആണവ വികിരണം ഏറ്റ അദ്ദേഹത്തിന്റെ ശരീരം വളരെ പെട്ടന്ന് തന്നെ രോഗങ്ങൾക്ക് കീഴടങ്ങുമെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്ടർമാരെ അമ്പരപ്പിച്ചുകൊണ്ട് ഫാ. ഷിഫറിന്റെ ശരീരത്തിൽ ബോംബിൽ നിന്നുള്ള റേഡിയേഷനോ ദൂഷ്യഫലങ്ങളോ ഉണ്ടായിരുന്നില്ല. പ്രഭവകേന്ദ്രത്തിൽ നിന്ന് ഈ പരിധിയിൽ ഉണ്ടായിരുന്ന എല്ലാവർക്കും മിനിറ്റുകൾക്കുള്ളിൽ മരിക്കാൻ ആവശ്യമായ വികിരണം ശരീരത്തിൽ എത്തിയിരിക്കണം. എന്നാൽ അടുത്ത 30 വർഷത്തിനുള്ളിൽ ശാസ്ത്രജ്ഞർ ‘ഹിരോഷിമ എയ്റ്റ്’ എന്നറിയപ്പെടുന്ന ഈ എട്ട് ജെസ്യൂട്ട്‌ പുരോഹിതരെ വിവിധ പരിശോധനകൾക്ക് വിധേയരാക്കിയയെങ്കിലും അവരിൽ ഒരു ദോഷഫലങ്ങളും കണ്ടെത്തിയില്ല.
“ഒരു മനുഷ്യനും അതിജീവിക്കാൻ കഴിയാത്ത വിധം മാരകമായ വികിരണങ്ങളാണുണ്ടായിരുന്നത്. ഒരു കിലോമീറ്ററിനുള്ളിൽ യാതൊന്നും അവശേഷിച്ചിരുന്നില്ല. പതിനഞ്ചു കിലോമീറ്റർ അകലത്തിൽ ഒരു സ്‌കൂളിലെ ചുവരുകൾ മാത്രം കാണാൻ സാധിച്ചു. ഭീകരമായ വിധം പൊള്ളലേറ്റ കുറച്ച് ജീവനക്കാർ അവിടെ അവശേഷിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള കാൻസർ ബാധിച്ച് അടുത്ത 15 വർഷത്തിനുള്ളിൽ അവരും മരണമടഞ്ഞു. സ്ഫോടനത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് ജെസ്യൂട്ടുകളുടെ ആശ്രമത്തിനു നേരെ നോക്കുമ്പോൾ ഇരു നില കെട്ടിടം പൂർണ്ണമായും കേടുകൂടാതെയിരിക്കുന്നതായി കാണാൻ സാധിക്കും. അതിനുമപ്പുറം നൂറുകണക്കിന് മീറ്റർ അകലെ മതിലുകളുള്ള ഒരു പള്ളിയും ഉണ്ടായിരുന്നു. പക്ഷേ അതിന്റെ മേൽക്കൂര നശിച്ചിരുന്നു. പ്രതിരോധ വകുപ്പ് ഇതിനെക്കുറിച്ചു കൂടുതലൊന്നും ഔദ്യോഗികമായി അഭിപ്രായപ്പെട്ടിട്ടില്ല. ഇത് പൊതുവായി ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല. ആ സമയത്ത് ജെസ്യൂട്ടുകളോട് ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ടാകുമെന്നു ഞാൻ കരുതുന്നു,” ഡോ. സ്റ്റീഫൻ റൈൻ ഹാർട്ട് പറയുന്നു.
വർഷങ്ങൾക്കിപ്പുറം ഒരു യുദ്ധം മൂലം ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ കറുത്ത ദിനങ്ങളെ ലോകം ഭയത്തോടെ ഓർത്തെടുക്കുമ്പോൾ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആ എട്ടു പുരോഹിതരെയും അവരുടെ വിശ്വാസത്തെയും നിർവചിക്കാൻ ഒരു ശാസ്ത്രത്തിനും സാധിക്കാത്തത് വലിയ അത്ഭുതമാണ്. രണ്ടു കറുത്ത ദിനങ്ങളിലെ വിശ്വാസത്തിന്റെ അനിർവചനീയമായ ചില വെളുത്ത ഏടുകൾ ലോകത്തിനായി പ്രപഞ്ച സ്രഷ്ടാവ് കാത്തുവെച്ചിരിക്കുന്ന ചില അത്ഭുത നിമിഷങ്ങളായി ഇതിനെ കാണേണ്ടിയിരിക്കുന്നു.
സുനീഷ വി എഫ്

Latest News