നമ്മൾ കഴിക്കുന്ന എല്ലാ മരുന്നും നേരെ കരളിൽചെന്ന് കരളിൽ പ്രശ്നമുണ്ടാക്കുമെന്നും അല്ലെങ്കിൽ ലിവർ അടിച്ചുപോകുമെന്നും പറയുന്നത് ആരാണ്? കെമിക്കൽ എന്ന വാക്കിനെ ഇത്രയധികം ഭയക്കേണ്ട കാര്യമുണ്ടോ? അലോപ്പതി മരുന്നുകൾ കെമിക്കലാണോ? അവയുടെ ഉപയോഗം കരൾ നശിപ്പിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഡോ.ജോജോ ജോസഫ്
അടുത്തിടെ സമൂഹമാധ്യമത്തിൽ പ്രശസ്തനായ ഒരു ഡോക്ടറുടെ പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അദ്ദേഹം അതിൽ പറയുന്നത് ഇങ്ങനെയാണ്: അലോപ്പതി മെഡിസിനിൽ ഉപയോഗിക്കുന്നത് പ്രധാനമായും ചെറിയ രീതിയിലുള്ള കെമിക്കലുകളാണ്. ഇവ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം അതിന്റെ ആന്തരികബുദ്ധി ഉപയോഗിച്ച് കെമിക്കലിനെയെല്ലാം കരളിലേക്ക് തള്ളിവിടും. ഇത്തരത്തിൽ കെമിക്കലുകളെല്ലാം കരളിൽ എത്തുന്നതിലൂടെ ഏത് ഇൻജക്ഷൻ എടുത്താലും ഏത് ഗുളിക കഴിച്ചാലും കരൾ നശിക്കാൻ കാരണമാകുന്നു. എന്നാണ് വീഡിയോയിൽ അദ്ദേഹം പറയുന്നത്.
എന്റെ പല പേഷ്യൻസും കാൻസർ രോഗികളാണ്. പത്തുവർഷത്തോളമായി മരുന്നുകഴിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അവരിലൊരാളാണ് ഈ വീഡിയോ എന്നെ കാണിച്ചത്. പത്തുവർഷമായി ഈ കെമിക്കൽ കഴിച്ച് കാൻസർ മാറിയാലും ‘ഞങ്ങളുടെ കരളു പോകുമോ?’, ‘ഞങ്ങൾ മരിക്കുമോ’ എന്നൊക്കെയായിരുന്നു അവരുടെ പേടി. കാരണം കെമിക്കൽ മരുന്നുകൾ കഴിക്കുന്നതാണ് നോൺ ആൽക്കഹോളിക് സിറോസിസിലേക്ക് (മദ്യം കഴിക്കാത്തവരിൽ ഉണ്ടാകുന്ന സിറോസിസ്) വഴിതെളിക്കുന്നതെന്നും പ്രസ്തുത വീഡിയോയിൽ പറയുന്നുണ്ട്.
കെമിക്കൽ വിഷമാണോ?
കെമിക്കൽ എന്ന വാക്ക് കേരളീയരെ ഏറ്റവുമധികം പേടിപ്പിക്കുന്ന ഒരു വാക്കാണ്. അടുത്തിടെയായി ഈ ഭയം കുറേക്കൂടി വർധിച്ചിട്ടുമുണ്ട്. പ്രകൃതിജീവനുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവരും അല്ലെങ്കിൽ ജൈവകൃഷിക്കാരുമൊക്കെയാണ് ‘കെമിക്കൽ’ എന്ന വാക്കിന് ഇത്രയും ഭീകരസ്വഭാവം നൽകിയത്, പ്രത്യേകിച്ച് മോഡേൺ മെഡിസിൻ മരുന്നുകളെക്കുറിച്ചു പറയുമ്പോൾ അതിൽ കീമോതെറാപ്പി പോലെയുള്ള വാക്കുകൾകൂടി വരുന്നതിനാൽ കെമിക്കൽ എന്ന വാക്ക് ഏതാണ്ട് വിഷം എന്നതിന് തുല്യമായിട്ടുണ്ട്.
കെമിക്കലിനെ എന്തിനു ഭയക്കണം?
കെമിക്കൽ എന്ന വാക്കിനെ ഇത്രയധികം ഭയക്കേണ്ട കാര്യമുണ്ടോ? അത് മനസ്സിലാക്കണമെങ്കിൽ നമ്മുടെ ശരീരത്തിന്റെ അടിസ്ഥാനഘടന നമ്മൾ മനസ്സിലാക്കണം. നമ്മുടെ ശരീരം അതായത് ശരീരത്തിലെ ഏറ്റവും ചെറിയ കോശങ്ങൾ തുടങ്ങി വലിയ അവയവങ്ങളായ കരൾ, എല്ലുകൾ, മുടി, നഖം എന്നിവയെല്ലാം വിവിധ കെമിക്കലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും അടിസ്ഥാനപരമായി നമ്മൾ അറിയേണ്ട ഒരു കാര്യം. ചുരുക്കിപ്പറഞ്ഞാൽ നാം ജീവനുള്ള കെമിക്കൽ കൂമ്പാരങ്ങളാണ് എന്നുതന്നെ പറയാം.
അതുപോലെതന്നെ നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമെല്ലാം തന്നെ വിവിധ മൂലകങ്ങളാൽ നിർമ്മിതമായ കെമിക്കലുകളാണ്. എന്തിനേറെ നാം ശ്വസിക്കുന്ന ഓക്സിജൻ പോലും ഒരു കെമിക്കലാണ്. നമ്മൾ സ്കൂളിൽ പഠിച്ചിരിക്കുന്ന ബേസിക് കെമിക്കലുകളെ കുറിച്ചുള്ള പീരിയോഡിക് ടേബിൾ ഒന്ന് എടുത്തുനോക്കിയാൽ അതിൽ എട്ടാമത്തെ കോളത്തിൽ ഓക്സിജനുണ്ട്.
പ്രകൃതിയോടിണങ്ങിയുള്ള നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ നാം ബന്ധപ്പെടുന്ന മറ്റൊരു പദാർഥമാണ് മണ്ണ്. മണ്ണും വിവിധ കെമിക്കലുകളാൽ നിർമ്മിതമാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ നാം ചവിട്ടിനടക്കുന്ന മണ്ണിൽ ഏതാണ്ട് 45% സിലിക്ക തുടങ്ങിയ വിവിധ കെമിക്കലുകൾ; 5% ഓർഗാനിക് മാറ്റർ അതും വിവിധ കെമിക്കലുകൾകൊണ്ട് നിർമ്മിതമാണ്. പിന്നെ ഏതാണ്ട് 20% മുതൽ 30% വരെ (H2O) വെള്ളം എന്ന കെമിക്കലാണ്. അതിനാൽ ആരെങ്കിലും നിങ്ങളെ കെമിക്കൽ എന്നുപറഞ്ഞ് നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങൾ ഭയക്കേണ്ട കാര്യമില്ല.
മോഡേൺ മെഡിസിൻ മാത്രമാണോ കെമിക്കൽ?
മോഡേൺ മെഡിസിൻ മാത്രമാണ് കെമിക്കൽ എന്ന് നിങ്ങൾ തെറ്റിധരിക്കുന്നുണ്ടോ? നമ്മുടെ പ്രകൃതിയിലെ എല്ലാംതന്നെ വിവിധ കെമിക്കലുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ കോമ്പിനേഷനിൽ മാത്രമാണ് വ്യത്യാസമുണ്ടാകുക. ഏതെങ്കിലും ഒരു ചെടിയുടെ സത്തോ അല്ലെങ്കിൽ കഷായമോ അല്ലെങ്കിൽ ചെടിയുടെ ചൂർണ്ണമോ എന്തുതന്നെയായാലും അതെല്ലാം ഒരുതരത്തിൽ കെമിക്കലാണെന്ന് കണ്ടെത്താവുന്നതാണ്. ബയോകെമിസ്ട്രി അറിയാത്തവരാണ് മോഡേൺ മെഡിസിൻ മാത്രമാണ് കെമിക്കൽ എന്നും ബാക്കിയുള്ളതൊന്നും കെമിക്കൽ അല്ല എന്നുമുള്ള ആശയം പ്രചരിപ്പിക്കുന്നത്. അവരുടെ അറിവില്ലായ്മ മാത്രമാണെന്നേ ഇതിനെ പറയാനാകൂ.
ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന കെമിക്കലിന് എന്തു സംഭവിക്കും?
നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന മരുന്ന് എന്ന കെമിക്കലിന് എന്ത് സംഭവിക്കും? മരുന്നിലൂടെയും മറ്റു രീതിയിലും ഒരു കെമിക്കൽ പദാർത്ഥം ശരീരത്തിൽ പ്രവേശിച്ചാൽ അതു മുഴുവൻ കരളിലേക്കാണോ എത്തിപ്പെടുക എന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറ്റവും പ്രധാനമായി അടങ്ങിയിരിക്കുന്നത് കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ആണ്. അന്നജത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഗ്ലൂക്കോസാണ്. ഗ്ലൂക്കോസ് എന്നത് ഒരു കെമിക്കലാണ്. ഇംഗ്ലീഷിൽ എഴുതുകയാണെങ്കിൽ C6 h12 O6 എന്ന കെമിക്കൽ ഫോർമുലയിലാണ് എഴുതുക. അതായത് കാർബൺ ഹൈഡ്രജൻ ഓക്സിജൻ എന്നിവയുടെ ഒരു സംയുക്ത രാസപദാർത്ഥമാണ് അന്നജം അഥവാ ഗ്ലൂക്കോസ്. ഈ ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഇതിന് എന്ത് സംഭവിക്കും.
ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിന് അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ കോശങ്ങളിൽ വച്ച് വിവിധ കെമിക്കൽ റിയാക്ഷൻ വഴി വിഘടിക്കപ്പെടുന്നു. ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിന് ഉപകാരപ്രദമാകണമെങ്കിൽ ഈ വിഘടനത്തിലൂടെ കടന്നുപോകേണ്ടതാണ്. ഈ രാസപ്രവർത്തനങ്ങളിലൂടെ ഗ്ലൂക്കോസ് കാർബൺ ഡൈ ഓക്സൈഡും വെള്ളവും എനർജിയുമായി മാറ്റപ്പെടുന്നു. ഇതിൽ കാർബൺ ഡൈ ഓക്സൈഡ് ശ്വാസകോശത്തിലൂടെയും വെള്ളം വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറത്തുപോകുന്നു. എനർജി നമ്മുടെ ശാരീരികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതുപോലെ വിവിധ കെമിക്കൽ റിയാക്ഷനുകൾവഴി നമുക്ക് ഗ്ലൂക്കോസ് ശരീരത്തിൽ വച്ചുതന്നെ ഉണ്ടാക്കാനും മനുഷ്യശരീരമെന്ന കെമിക്കൽ ഫാക്ടറിക്ക് കഴിയും.
ഇത് ഞാൻ പറഞ്ഞത് നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ഏതു വസ്തുവിനും എന്താണ് സംഭവിക്കുക എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്. അതിനാൽ നാം കഴിക്കുന്ന മരുന്ന് എന്ന കെമിക്കലും നാം ഉദ്ദേശിക്കുന്ന ഫലം നൽകണമെങ്കിൽ അത് എത്തിപ്പെടേണ്ട സ്ഥലത്ത് എത്തിക്കഴിയുമ്പോൾ വിവിധ കെമിക്കൽ റിയാക്ഷനുകളിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ ചില മരുന്നുകൾ യാതൊരുവിധ കെമിക്കൽ റിയാക്ഷനുകളും ഇല്ലാതെ പുറത്തേക്ക് പോകാറുണ്ട്. ഉദാഹരണമായി, മൂത്രത്തിൽ ഇൻഫെക്ഷൻ വരുമ്പോൾ നമുക്ക് മൂത്രത്തിലെ മരുന്നിന്റെ കോൺസെൻട്രേഷൻ കൂടുന്നു. അങ്ങനെയുള്ളത് പ്രത്യേകിച്ച് വലിയ പ്രവർത്തനമൊന്നുമില്ലാതെ മൂത്രം വഴി പുറത്തേക്കുപോകുന്നു.
അതുപോലെ നമ്മുടെ ശരീരത്തിൽ ഏതു കെമിക്കൽ പദാർഥം പ്രവേശിച്ചാലും അത് നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിൽ എത്തിപ്പെടുകയും അവിടെവച്ച് പലതരത്തിലുള്ള കെമിക്കൽ റിയാക്ഷനുകളിൽ ഏർപ്പെടുകയും ചെയ്യുന്നു. നമ്മൾ കൊടുക്കുന്ന കെമിക്കൽ എവിടെയാണോ പ്രവർത്തിക്കേണ്ടത് അവിടെവച്ചാണ് അത് പ്രധാനമായും പ്രവർത്തിക്കുന്നത്. വിഘടിപ്പിക്കപ്പെടുന്നതിനുശേഷമുള്ള മറ്റു പദാർഥങ്ങളെല്ലാം തന്നെ കരളിലൂടെയല്ല പോകുന്നത്. കിഡ്നിവഴി പോകുന്നവയും ശ്വാസകോശംവഴി പോകുന്നവയുമുണ്ട്. ചില പദാർഥങ്ങൾ വിയർപ്പായാണ് പുറത്തേക്കു പോകുന്നത്. അതിനാൽ നമ്മൾ കഴിക്കുന്ന എല്ലാ മരുന്നും നേരെ കരളിൽചെന്ന് കരളിൽ പ്രശ്നമുണ്ടാക്കുമെന്നും അല്ലെങ്കിൽ ലിവർ അടിച്ചുപോകുമെന്നും പറയുന്നത് ബയോകെമിസ്ട്രി അറിയാത്തവരാണ്. ജൈവശാസ്ത്രപരമായി നമ്മുടെ ശരീരത്തിൽ നടക്കുന്ന വിവിധ കെമിക്കൽ റിയാക്ഷനുകളെക്കുറിച്ച് അറിവില്ലാത്തവരുടെ തെറ്റിധാരണ മാത്രമാണിത്.
ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്ന മരുന്നുകൾ എന്ന കെമിക്കലുകളെ ഭയപ്പെടേണ്ടതുണ്ടോ?
തീർച്ചയായും ഇല്ല. കാരണം, ആധുനിക വൈദ്യശാസ്ത്രത്തിൽ ഒരു മരുന്ന് കണ്ടെത്തുക എന്നത് ദീർഘകാല പരീക്ഷണങ്ങൾക്കൊടുവിലാണ്. ആദ്യം ഒരു മരുന്നിന്റെ ഇഫക്ട് കൃത്യമായി കണ്ടുപിടിക്കുന്നു. പിന്നീട് അതിന്റെ സേഫ് ഡോസ് എത്രയാണ് അതായത് അപകടമില്ലാതെ ആ മരുന്ന് നൽകാവുന്ന ഡോസ് എത്രയാണ് എന്ന് കണ്ടെത്തുന്നു. മനുഷ്യന് അപകടമുണ്ടാക്കുന്ന ഡോസ് എത്രയാണ്, എത്ര നാളത്തേക്ക് ഇത് അപകടമില്ലാതെ ഒരു മനുഷ്യന് ഉപയോഗിക്കാൻപറ്റും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനം നടത്തിയതിനുശേഷം മാത്രമേ ഒരു മരുന്ന് പുറത്തിറക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞത് 20 വർഷത്തെ എങ്കിലും പഠനങ്ങൾക്കുശേഷമാണ് ഒരു മരുന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ പുറത്തിറക്കുന്നത്. അല്ലാതെ മറ്റുള്ളവർ പറയുന്നതുപോലെ, എന്തെങ്കിലും ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിലോ, അല്ലെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നുള്ള കേട്ടുകേൾവിയിൽ നിന്നോ അല്ല മരുന്ന് പുറത്തിറക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന മരുന്ന് എന്ന കെമിക്കൽ എന്താണെന്നും എന്തിനാണ് അത് ഉപയോഗിക്കുന്നതെന്നും അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് മരുന്ന് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ഓരോ മരുന്നിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ നൽകാനും ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കും. അതുകൊണ്ട് നമുക്ക് ഈ ഒരു കെമിക്കൽ അല്ലെങ്കിൽ മരുന്ന് കഴിക്കുന്നതിനെക്കുറിച്ച് ഒരുതരത്തിലും പേടിക്കേണ്ട കാര്യമില്ല.
മരുന്നുകളെക്കുറിച്ചു പറയുമ്പോൾ, ആധുനിക വൈദ്യശാസ്ത്രം എപ്പോഴും തെളിവുകളുടെ അടിസ്ഥാനത്തിലാണ് എപ്പോഴും മുൻപോട്ട് പോകുക. ഒരു പുതിയ മരുന്ന് മരുന്ന് 20 വർഷങ്ങളോളം വരുന്ന പഠനങ്ങൾക്കൊടുവിലാണ് പ്രയോഗത്തില്‍ കൊണ്ടുവരിക. ഉപയോഗിച്ച് തുടങ്ങിയാലും തുടർന്നും നിരന്തരമായ പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. ഈ മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലയളവുകളിലെ പഠനങ്ങളിൽ അതിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടതുണ്ടെന്ന് തെളിഞ്ഞാൽ അതിൽ ക്രമീകരണങ്ങൾ വരുത്തിയതിനുശേഷമാണ് ആധുനിക വൈദ്യശാസ്ത്രം രോഗികളിലേക്ക് മരുന്നെത്തിക്കുക. ചിലപ്പോൾ കുറെനാൾ ഒരു മരുന്ന് ഉപയോഗിച്ചതിനുശേഷം എന്നെങ്കിലും ഒരുകാലത്ത് അന്നുവരെയും കണ്ടുപിടിക്കാത്ത എന്തെങ്കിലും പാർശ്വഫലങ്ങളെക്കുറിച്ച് കണ്ടെത്തിയാൽ ഉടൻ ആ മരുന്ന് പൂർണ്ണമായും പിൻവലിക്കുകയും അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് തുറവിയോടെ തന്നെ സമൂഹത്തോട് പറയാനും ആധുനിക വൈദ്യശാസ്ത്രം ശ്രമിക്കുന്നു.
എന്തുകൊണ്ടാണ് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് വരുന്നതിന് കാരണം? ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നതുകൊണ്ടാണോ?
മദ്യം കഴിക്കാത്തവരിൽ വരുന്ന ലിവർ സിറോസിസിനുള്ള പ്രധാന കാരണം അതിനുമുമ്പു വരുന്ന ഫാറ്റി ലിവർ അതായത് നോൺ ആൽക്കഹോളിക് തീയറ്റോ ഹെപ്പറ്റൈറ്റിസ് (NACH) എന്നു പറഞ്ഞ ഒരു അവസ്ഥയുടെ അവസാന ഭാഗമായിട്ടാണ്. നാഷ് (NACH) അല്ലെങ്കിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്. അമിത ശരീരഭാരത്തിലേക്ക് നയിക്കുന്ന വ്യായാമം ഇല്ലായ്മയും ജംഗ് ഫുഡ്, ഫാസ്റ്റ് ഫുഡ് മുതലായ ഭക്ഷണപദാർഥങ്ങളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു കാരണമാകും. അതുപോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം വീണ്ടുംവീണ്ടും പാകം ചെയ്തുകഴിക്കുന്നതും സംസ്കരിച്ച മാംസങ്ങൾ ഉപയോഗിച്ചുള്ള പദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഈ രോഗത്തിലേക്ക് നയിക്കുന്നുണ്ട്.
ഫാറ്റി ലിവർ ബാധിതർ ആധുനികകാലത്ത് വളരെ കൂടുതലാണ്. ഇതാണ് നോൺ ആൽക്കഹോളിക് ലിവർ സീറോസോസിലേക്കു നയിക്കുന്ന പ്രധാന കാരണം. അതും മോഡേൺ മെഡിസിൻ ഉപയോഗവുമായി യാതൊരു ബന്ധവുമില്ല. അതിനാൽ മോഡേൺ മെഡിസിൻ മരുന്നുകൾ ഒരു കെമിക്കലാണ് എന്നുപറഞ്ഞ് നിങ്ങളെ ആരെങ്കിലും തെറ്റിധരിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. കാരണം, നാം ഓരോരുത്തരും ജീവിക്കുന്ന ഒരു കെമിക്കൽ കൂമ്പാരമാണ് അല്ലെങ്കിൽ നടക്കുന്ന ഒരു കെമിക്കൽ ഫാക്ടറിയാണ്. വിവിധ കെമിക്കൽ റിയാക്ഷനുകൾ ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിൽ നടക്കുന്നുണ്ട്. ആ കെമിക്കൽ റിയാക്ഷൻ നിരന്തരമായി മുടക്കംകൂടാതെ നടന്നുപോകുന്നതുകൊണ്ടാണ് നമ്മുടെ ജീവൻ നിലനിൽക്കുന്നത്. ഈ കെമിക്കൽ റിയാക്ഷൻ എന്തെങ്കിലുമൊക്കെ തകരാർ പറ്റിയാൽ നമ്മുടെ ജീവൻ തന്നെ നിന്നുപോകും.
എന്തുകൊണ്ടാണ് ഈ ആളുകൾ കെമിക്കൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നത്?
കെമിക്കൽ എന്നാൽ വിഷം എന്ന രീതിയിലാണ് പലപ്പോഴും ഈ പ്രകൃതിചികിത്സകരും ജൈവകൃഷിക്കാരും പറഞ്ഞുഫലിപ്പിക്കുന്നത്. ആദ്യഭാഗത്ത് പറഞ്ഞിരുന്നതുപോലെ, നമ്മുടെ ശരീരം എന്നുപറയുന്നത് ഓക്സിജൻ, ഹൈഡ്രജൻ, നൈട്രജൻ, കാർബൺ, കാത്സ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങൾകൊണ്ട് നിർമ്മിതമാണ്. അതായത് നമ്മുടെ ശരീരം 99 ശതമാനവും കെമിക്കലുകളാലാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു ശതമാനം വൈറ്റമിൻസ്, മിനറൽസ് എന്നൊക്കെ പറയുന്ന കെമിക്കലുകളും അടങ്ങിയിരിക്കുന്നു. പിന്നെയെന്തിനാണ് കെമിക്കൽ എന്ന ഈ വാക്കിനെ കെമിക്കലിന്റെ ഒരു കൂമ്പാരമായ നമ്മൾ ഭയപ്പെടുന്നത്.
ഞാൻ അടുത്തിടെ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയപ്പോൾ മനസ്സിലായത്, വിഷം എന്ന കൺസെപ്റ്റിനെക്കുറിച്ചുള്ള തെറ്റായ ധാണയാണ് കെമിക്കൽ ഒരു വിഷമാണ് എന്ന ചിന്തയിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞു.
വിഷത്തെക്കുറിച്ചു പഠിക്കുന്ന ഒരു വിഭാഗമാണ് ടോക്സിക്കോളജി
ടോക്സിക്കോളജിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട് എന്നത് എല്ലാ വസ്തുക്കളും വിഷമാണ് എന്നാണ്. പക്ഷേ, ഓരോ വസ്തുവും വിഷമാകാൻ അതിന്റെ അളവിൽ വ്യത്യാസമുണ്ട്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഈ ഡോക്ടർ എന്താണ് പറയുന്നത്, എല്ലാം വിഷമാണെന്നോ? ഇതു മനസ്സിലാക്കാൻ ഞാൻ നിങ്ങൾക്കൊരു ഉദാഹരണം പറഞ്ഞുതരാം.
നമുക്ക് വെള്ളമില്ലാതെ, വെള്ളം കുടിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. അതായത് ഒരു മനുഷ്യശരീരത്തിന് വെള്ളം ഒരു അത്യന്താപേക്ഷിത ഘടകമാണ്. എന്നാൽ ഒറ്റയടിക്കിരുന്ന് അഞ്ചുലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ചാൽ നമുക്ക് അപകടം സംഭവിക്കും. അത് മരണത്തിലേക്കുവരെ നയിക്കാം. അതുപോലെ തന്നെയാണ് നമുക്ക് സ്ഥിരമായിട്ട് ഓക്സിജൻ ഇല്ലാതെ എത്ര സെക്കന്റുകൾ ജീവിക്കാൻ സാധിക്കും എന്നതും. നമ്മൾ സാധാരണയായി ശ്വസിക്കുന്ന ഓക്സിജന്റെ അളവ് 25 – 30 ശതമാനമാണ്. എന്നാൽ, ഓക്സിജന്റെ അളവ് ഇതിലും കൂടുതൽ ആയിക്കഴിഞ്ഞാൽ നമ്മിൽ അത് ടോക്സിക് സിംറ്റംസ് ആരംഭിക്കാൻ കാരണമാകും. 30% എന്ന ഓക്സിജന്റെ സാധാരണ അളവിൽ നിന്ന് 50% ആയാൽ അതുമാത്രം മതി നമ്മൾ മരിച്ചുപോകാൻ. അതുകൊണ്ട് ഒരു വസ്തുവിന്റ ഡോസ് ആണ് പ്രധാനമായും ഒരു വസ്തു വിഷമാണോ, അല്ലയോ എന്ന കാര്യത്തിൽ അടിസ്ഥാനമായി നിലകൊള്ളുന്നത്.
അതിനാൽ ഒരു കെമിക്കലിന്റെ അളവനുസരിച്ചാണ് ആ കെമിക്കൽ വിഷം അല്ലെങ്കിൽ അമൃത് ആയിത്തീരുന്നത്. അളവിലുള്ള വ്യത്യാസങ്ങളാണ് നമ്മിൽ ഗുണഫലങ്ങളും ദോഷഫലങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ട് ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയമായിട്ടുള്ള വിശദാംശങ്ങൾ മനസ്സിലാക്കാതെയാണ് കെമിക്കൽ എന്നുകേൾക്കുമ്പോൾ തന്നെ വിഷം എന്ന ചിന്തയിലേക്കു പോകുന്നത്.
മരുന്ന് എന്നാൽ അത് മോഡേൺ മെഡിസിനോ, ആയുർവേദമോ എന്ത്തന്നെയായാലും പ്രധാനമായും ഏതെങ്കിലും ഒരു കെമിക്കലാണ് അല്ലെങ്കിൽ വിവിധ കെമിക്കലുകളുടെ കോമ്പിനേഷനാണ്. അത് നമ്മുടെ ശരീരത്തിന് ഗുണഫലമാണോ, ദോഷഫലം ആണോ ഉണ്ടാക്കുന്നത് എന്നുള്ളത് നാം അവ ഉപയോഗിക്കുന്നതിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ്. മരുന്നിന്റെ കാര്യം എടുക്കുമ്പോൾ ദീർഘകാല പഠനത്തിനുശേഷമാണ് എത്ര അളവ് നമുക്ക് നൽകണമെന്ന് തീരുമാനിക്കുന്നത്. അതിനാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മെഡിസിൻ ഉപയോഗിക്കുമ്പോൾ അതിനെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ല.
തയാറാക്കിയത്: സി. നിമിഷ റോസ് സി.എസ്.എൻ.