Monday, November 25, 2024

ഗ​ഗൻയാൻ ദൗത്യത്തില്‍ ഐഎസ്ആർഒയുടെ ‘വ്യോമമിത്ര’ പങ്കുചേരും

ഇന്ത്യയുടെ ഗ​ഗൻയാൻ ദൗത്യത്തിന്റെ ആദ്യഘട്ട പരീക്ഷണം ഈ (ഒക്ടോബര്‍) മാസം നടക്കുമെന്ന് റിപ്പോര്‍ട്ട്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യത്തിന്‍റെ ആദ്യഘട്ടത്തിൽ ആളില്ലാത്ത പേടകമാണ് പരീക്ഷിക്കുക. രണ്ടാംഘട്ടത്തിൽ ഐഎസ്ആർഒയുടെ ‘വ്യോമമിത്ര’ എന്ന റോബോര്‍ട്ടും ദൗത്യത്തില്‍ പങ്കുചേരും.

വ്യോമമിത്ര

ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യരെ സഹായിക്കുന്നതിനായി ഇസ്രോ നിര്‍മ്മിച്ച സ്ത്രീ രൂപത്തിലുള്ള റോബോട്ടാണ് വ്യോമമിത്ര. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്രക്കുണ്ട്. ഹാഫ് ഹ്യുമനോയിഡ് വിഭാ​ഗത്തിൽ പെടുന്ന ഈ റോബോട്ടിനു ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ സംസാരിക്കാനുള്ള കഴിവുണ്ട്.

ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിലാണ് വ്യോമമിത്രയെ നിര്‍മ്മിച്ചത്. ഒരു വർഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന. മനുഷ്യരെ അനുകരിക്കാനും ഒന്നിലധികം ജോലികൾ ചെയ്യാനുമൊക്കെ വ്യോമമിത്രക്ക് സാധിക്കുമെന്നാണ് വിവരം. റോബോര്‍ട്ടിനു നടക്കാനാകില്ലെങ്കിലും വശങ്ങളിലേക്കും മുന്നോട്ടും വളയാനും ചലിക്കാനുമൊക്കെ സാധിക്കും.

അതേസമയം, മനുഷ്യരെ ബഹിരാകാശ യാത്ര പദ്ധതിയിൽ ആദ്യ യാത്രക്കാരിയായി പോകുന്ന വ്യോമമിത്ര, പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെയും മറ്റും കാര്യക്ഷമത പരിശോധിക്കും. നാസയുടെയും മറ്റും ബഹിരാകാശപേടകങ്ങളിൽ റോബോട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി എന്ന ഖ്യാതി ഇന്ത്യയുടെ വ്യോമമിത്രയ്കക്ക് ലഭിക്കും. ആദ്യ പരീക്ഷണ ഘട്ടങ്ങൾക്ക് ശേഷം മൂന്ന് മനുഷ്യർക്കൊപ്പം നാലാമനായും വ്യോമമിത്രയെ ബഹിരാകാശത്തെത്തിക്കുമെന്നാണ് വിവരം.

Latest News