കാൻ ഫിലിം ഫെസ്റ്റിവൽ വരെ ഇടംപിടിച്ച ഒരു ചെറുസിനിമയാണ് ‘ബലൂൺസ്.’ മയക്കുമരുന്ന് എന്ന മഹാവിപത്തിനെക്കുറിച്ചുള്ള സിനിമയാണിത്. ആ സിനിമയെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് സംവിധായകൻ സജൻ കളത്തിൽ.
“മയക്കുമരുന്ന് സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ, എന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തെ അഭിസംബോധന ചെയ്യണമെന്നു തോന്നി. വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിൽനിന്നും കൗമാരക്കാരെയും കുട്ടികളെയും കരകയറ്റാനുള്ള ഒരേയൊരു മാർഗം അവരെ സ്വാധീനിക്കുന്ന ഒരു സിനിമ നിർമ്മിക്കുക എന്നതായിരുന്നു. ഈ സാഹചര്യത്തിലാണ്, ഒരു സിനിമ ചെയ്യണമെന്ന പ്രൊപ്പൊസൽ ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽനിന്നും എനിക്ക് ലഭിക്കുന്നത്.” ലഹരി എന്ന മഹാവിപത്ത് വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ‘ബലൂൺസ്’ എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംവിധായകൻ സജൻ കളത്തിലിന്റെ വാക്കുകളാണ് ഇത്.
വളരെ ചുരുങ്ങിയ നിമിഷങ്ങൾകൊണ്ട് ലഹരി എന്ന മഹാവിപത്തിനെയും അതിന്റെ ദൂഷ്യഫലങ്ങളെയും സമൂഹമനഃസാക്ഷിക്കുമുന്നിൽ അതിതീവ്രമായ വികാരങ്ങളോടെയും എന്നാൽ വളച്ചുകെട്ടലുകളുടെ പിൻബലമില്ലാതെയും അവതരിപ്പിച്ച് കാൻ ഫെസ്റ്റിവൽ വരെ ഇടംപിടിച്ച ഒരു ചെറുസിനിമയാണ് ‘ബലൂൺസ്.’ 2023 -ലെ കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ നോമിനിയായി തിരഞ്ഞെടുത്ത ‘ബലൂൺസ്’, ഇൻഡി ഷോർട്ട് ഫെസ്റ്റിലെ ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡ് (മൈക്രോഫിലിം), ലോസ് ഏഞ്ചൽസിലെ ഇൻഡിപെൻഡന്റ് ഷോർട്ട്സ് അവാർഡുകളിലെ മികച്ച മൈക്രോഫിലിമിനുള്ള സിൽവർ അവാർഡ് എന്നിവയും കരസ്ഥമാക്കി. ആ സിനിമയെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് ഒരുപിടി നല്ല ചിത്രങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച, ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അധ്യാപകൻ കൂടിയായ സജൻ കളത്തിൽ.
ചിത്രത്തിന്റെ പ്രമേയം: ലഹരിയെക്കുറിച്ച് ഒരു ബോധവൽക്കരണം!
‘തിളക്കം’ സിനിമയിൽ നടൻ ദിലീപ്, തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ച് അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നത് മാതൃകയാക്കിയാകാം പലരും ലഹരിയിലേക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ ഇത് അത്തരത്തിൽ സുഖകരമായ ഒരു കാര്യമല്ല എന്നതാണ് സജൻ സാറിന്റെ പക്ഷം. സാധാരണഗതിയിൽ ലഹരിയുടെ ഉപയോഗത്തിന് കൂടുതൽ ഇരകളാകുന്നതും അടിമകളാകുന്നതും യുവതലമുറയാണ്. ഇക്കൂട്ടരെ ഉപദേശിച്ചുനന്നാക്കാം എന്നാണെങ്കിൽ അത് ഇവർക്ക് തീരെ ഇഷ്ടമല്ലാതാനും.
ഉപദേശത്തിലൂടെയല്ലാതെ യുവജനങ്ങൾക്കിടയിൽ ലഹരിയെക്കുറിച്ച് ഒരു ബോധവൽക്കരണം! അത്തരത്തിലൊരു സാധ്യതയെക്കുറിച്ചുള്ള ചിന്തകൾ സജൻ സാർ ഏറെ നാളുകളായി മനസ്സിൽ സൂക്ഷിച്ചിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തിന്റെ നിരന്തര ചിന്തകളുടെയും ആഗ്രഹത്തിന്റെയും ഫലമാണ് ബലൂൺസ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിലൂടെ, താൻ ആഗ്രഹിച്ച ആശയകൈമാറ്റം മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞതായും അദ്ദേഹം കരുതുന്നു.
സംഭാഷണം പൂർണ്ണമായും ഒഴിവാക്കപ്പെട്ട ഒരു ചിത്രമാണ് ബലൂൺസ്. കടൽത്തീരമാണ് ചിത്രത്തിലെ മുഴുനീളപശ്ചാത്തലം. ബലൂൺവില്പന നടത്തുന്ന ഒരു വ്യക്തിയിൽ കേന്ദ്രീകൃതമായാണ് ഈ ചെറുചിത്രം മുന്നേറുന്നത്. ഈ ഒരു ക്രമീകരണത്തിൽ തനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നതായാണ് സാജൻ കളത്തിൽ പറയുന്നത്. താൻ കമ്മ്യൂണിക്കേറ്റ് ചെയ്യാനിരിക്കുന്നത് അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു വിഷയമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നുവെന്ന് സാരം.
“ചിത്രത്തിൽ അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം അന്താരാഷ്ട്ര അംഗീകാരമുള്ളതിനാൽ ഒരു കച്ചവടക്കാരനെ ഫോക്കസ് ചെയ്തു തുടങ്ങാമെന്നായിരുന്നു ആദ്യം മുതലേ തീരുമാനിച്ചിരുന്നത്. അങ്ങനെയാണ് ഞാൻ ബലൂണിൽ എത്തുന്നത്. സാധാരണ, ബലൂണുകൾ ലഭിക്കുന്നത് ഉത്സവപ്പറമ്പുകളിലും ആഘോഷവേളകളിലുമാണ്. എന്നാൽ ഇതൊഴിവാക്കി ബീച്ചിന്റെ പശ്ചാത്തലം കേന്ദ്രീകരിച്ചത് ഒരു യൂണിവേഴ്സൽ അംഗീകാരം ലഭിക്കുന്നതിനുവേണ്ടിയാണ്” – സജൻ സർ വെളിപ്പെടുത്തുന്നു.
ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത, കടൽത്തീരത്ത് ബലൂൺ വില്പന നടത്തുന്ന പ്രധാന കഥാപാത്രത്തിലേക്കു മാത്രം ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നു എന്നതാണ്. ഒരു ഘട്ടത്തിൽപോലും ബലൂൺ വാങ്ങാനെത്തുന്നവരെയോ, മറ്റു വസ്തുക്കളെയോ ചിത്രത്തിൽ കാണാൻകഴിയില്ല. ഇതെല്ലാം പൂർണ്ണമായും ക്യാമറയ്ക്കു പിന്നിലേക്ക് ഒതുക്കിയിരിക്കുന്നു. ഇതിനും വ്യക്തമായ കാരണമുണ്ടെന്നാണ് ഛായഗ്രഹകനും സംവിധായകനുമായ സജൻ കളത്തിലിന്റെ മറുപടി.
“ഇത് രണ്ടുമിനിറ്റിൽ പറയുന്ന സ്റ്റോറി ആയതുകൊണ്ട് ഓഡിയൻസിന്റെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്കു പോകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എലമെൻറ്സ് കൂടുന്തോറും നമ്മുടെ കണ്ണ് പല ദിശകളിലേക്കും പോകാൻ സാധ്യതയുണ്ട്. അതിനാൽ കഥാപാത്രത്തിലേക്കുതന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എല്ലാം ക്യാമറയ്ക്കു പിന്നിലേക്കാക്കാൻ ഞാൻ ശ്രമിച്ചതും സൗണ്ട് ട്രാക്കിൽ നിലനിർത്തിയതും” – സംവിധായകൻ പറയുന്നു.
രണ്ടുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രമാണ് ബലൂൺസ്. ചിത്രത്തിന്റെ ദൈർഘ്യം കുറച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം പറയുന്നത്, ‘താൻ എപ്പോഴും സിനിമയുടെ ദൈർഘ്യം പരമാവധി ചുരുക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നാണ്’. ഒരു കഥയെ, ചുരുങ്ങിയ സമയത്തിനുള്ളിൽ അതിന്റെ വൈകാരിക തീവ്രത നഷ്ടപ്പെടുത്താതെ ആശയവിനിമയം നടത്തുക എന്നതാണ് ഒരു കലാകാരൻ ചെയ്യേണ്ടതെന്നും സജൻ കളത്തിൽ പറയുന്നു.
ഗുരു സോമസുന്ദരം
മിന്നൽ മുരളി എന്ന സൂപ്പർഹീറോ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ, മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച തമിഴ് നടൻ ഗുരു സോമസുന്ദരമാണ് ബലൂൺസിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായി ഗുരു സോമസുന്ദരത്തിലേക്ക് എത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ സംവിധായകന്റെ മറുപടി ഇങ്ങനെ:
“എനിക്ക് ഗുരുസാറുമായി വ്യക്തിപരമായി പരിചയമില്ല. മിന്നൽ മുരളിയാണ് അദ്ദേഹം അഭിനയിച്ച ആദ്യചിത്രമായി ഞാൻ കാണുന്നത്. കാസ്റ്റിങ് സമയത്ത് അദ്ദേഹത്തിന്റെ ഒരു തമിഴ് ചിത്രവും കണ്ടു. കൂടാതെ, തിയററ്റിക്കൽ ബാക്ക് ഗ്രൗണ്ടുള്ള ഒരു ആക്ടർ ആകണമെന്നും എനിക്കുതോന്നി. പിന്നെ ശരീരഭാഷയുമൊക്കെ ആലോചിച്ചപ്പോൾ ഗുരുസാറിലേക്ക് എത്തുകയായിരുന്നു. അദ്ദേഹം അത് മികച്ചരീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.”
ഗുരുസാറിനെ സമീപിച്ച് തീം പങ്കുവച്ചപ്പോൾ ഡേറ്റ് ഇല്ലാതിരുന്നിട്ടും അദ്ദേഹം കമ്മിറ്റ് ചെയ്യുകയായിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.
‘ബലൂൺസ്’ എന്ന പേര്
ചിത്രത്തിന് ‘ബലൂൺസ്’ എന്ന പേര് നൽകിയതും സജൻ കളത്തിൽ തന്നെയാണ്. അതിനും ചില കാരണങ്ങൾ സംവിധായകൻ പങ്കുവയ്ക്കുന്നുണ്ട്. വ്യത്യസ്ത നിറങ്ങളിൽ ഉളളവയാണ് ബലൂണുകൾ; സുന്ദരമാണവ. പാകത്തിന് ബലൂണുകൾ വീർപ്പിച്ചുകഴിഞ്ഞാൽ അവ മനോഹരമായിമാറും. എന്നാൽ അതിന് ഉൾക്കൊള്ളാൻ കഴിയാവുന്നതിലുമധികമായി വായു നിറച്ചാൽ അത് പൊട്ടിപ്പോകും. വായു നിറയ്ക്കാതെയിരുന്നാൽ അതുകൊണ്ട് പ്രത്യേക ഗുണവുമില്ല. ഓരോ മനുഷ്യജീവനും മനോഹരമായ ബലൂണുകൾ പോലെയാണ്. ഒരു വ്യക്തി നല്ല കാര്യങ്ങൾ ചെയ്ത് മുൻപോട്ടുപോയാൽ ബലൂണുകളിലെ നിറങ്ങൾപോലെ മനോഹരമായിരിക്കും അയാളുടെ ജീവിതവും. മറിച്ച് ലഹരി ഉൾപ്പടെയുള്ളവയിലൂടെ അതിനെ ആഘാതപ്പെടുത്തുന്ന നിമിഷം – എല്ലാ മനോഹാരിതയും നിറവും പോയി അത് ശൂന്യമായിത്തീരുന്നു. ഈ ഒരു ചിന്തയാണ് ചിത്രത്തിനുപിന്നിലെ തത്വമെന്നാണ് സാജൻ സാർ പറയുന്നത്.
ആദ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ഒരു വ്യക്തി, അത് അയാളുടെ ശരീരത്തിന് ദോഷംചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാതെയാണ് ഉപയോഗിക്കാൻ തുടങ്ങുന്നത്. ഒരു സാധാരണ ഉപഭോക്താവ് മാത്രമായതിനാൽ മയക്കുമരുന്ന് ഒരു പ്രശ്നമാകില്ലെന്ന് അയാൾ ചിന്തിക്കുന്നിതിനാലാകാം ഇത്. എന്നാൽ ക്രമേണ ഇത് ലഹരിയുടെ അടിമത്വത്തിലേക്ക് അയാളെ നയിക്കുന്നു. ചിത്രത്തിൽ ബലൂൺവില്പനക്കാരൻ ബലൂൺ ഊതിവീർപ്പിക്കുന്നു. അതിന് താങ്ങാൻ കഴിയാവുന്നതിലുമപ്പുറം എയർ ആകുമ്പോൾ ഉഗ്രശബ്ദത്തോടെ അത് പൊട്ടിപ്പോകുന്നു. ഇതാണ് ലഹരി ഉപയോഗിക്കുന്ന ഓരോ വ്യക്തിയുടെയും അവസ്ഥ.
സംവിധായകനെക്കുറിച്ച് രണ്ടു വാക്ക്
ബലൂൺസ് എന്ന ഹൃസ്വചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ ഒരു വ്യക്തിയല്ല സജൻ കളത്തിൽ. മറിച്ച് ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ നിരവധി ഹിന്ദി – മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ ലോഹിദാസ് ഉൾപ്പടെയുള്ള പ്രതിഭകൾക്കൊപ്പം അസോസിയേറ്റ് ചെയ്തും ചലച്ചിത്രമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.
ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ സാജൻ കളത്തിൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും (എഫ്.ടി.ഐ.ഐ.) ഫിലിം മേക്കിംഗ് പഠിച്ചു. 1996 ബാച്ചിലെ റാങ്ക് ഹോൾഡറായി പുറത്തിറങ്ങിയ അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹകനാണ്. 2002 -ൽ പ്രൊഫ. ശിവപ്രസാദിന്റെ ‘ഭേരി’യിൽ പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ജയറാം നായകനായ മാർക്കോണി മത്തായി, സ്വയം, പറുദീസ, നിവേദ്യം, നിലാവറിയാതെ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
നിലവിൽ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ അധ്യാപകനും കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ മേധാവിയും നിയോ ഫിലിം സ്കൂളിലെ വിസിറ്റിംഗ് ലക്ചറുമാണ് അദ്ദേഹം. 2023 -ലെ കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ നോമിനിയായി തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ ‘ബലൂൺസ്’, ഇൻഡി ഷോർട്ട് ഫെസ്റ്റിലെ ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡ് (മൈക്രോഫിലിം), ലോസ് ഏഞ്ചൽസിലെ ഇൻഡിപെൻഡന്റ് ഷോർട്ട്സ് അവാർഡുകളിലെ മികച്ച മൈക്രോഫിലിമിനുള്ള സിൽവർ അവാർഡ് എന്നിവയും കരസ്ഥമാക്കി.