Tuesday, November 26, 2024

കുട്ടികളുടെ ദന്തപരിചരണം: അറിയേണ്ടവയും ശ്രദ്ധിക്കേണ്ടവയും

മുതിർന്നവരുടെ മാത്രമല്ല, കുട്ടികളുടെ ദന്തപരിചരണവും വളരെയേറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഈ കാലത്ത് ദന്തസംബന്ധമായ പ്രശ്നങ്ങൾ കുട്ടികളിൽ അമിതമായി കണ്ടുവരുന്നു. അവയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളുമാണ് ഈ ലേഖനത്തിൽ.   

കുറച്ചുനാളുകൾക്കുമുൻപ് തന്റെ മൂന്ന് കുഞ്ഞുങ്ങളെയുമായി ഒരു അമ്മ ആശുപത്രിയിൽ വന്നു. രണ്ടര, നാല്, ആറ് വയസ്സുള്ള മൂന്നു കുട്ടികൾ. രണ്ടര വയസ്സുള്ള കുഞ്ഞിന്റെ മുൻനിരപ്പല്ലുകളെല്ലാം നിറംമാറി പൊടിഞ്ഞ്, കുറ്റിപ്പല്ലുകളായിരിക്കുന്നു. നാലര വയസ്സുകാരന്റെ അണപ്പല്ലുകൾക്ക് വേദനയും നീരുമായിട്ടായിരുന്നു വന്നത്. ആറുവയസ്സുകാരന് ഭക്ഷണം കഴിക്കുമ്പോഴും രാത്രിയിലും പല്ലുവേദന: കൂടാതെ ചെറിയ പനിയും രാത്രിയിൽ കരച്ചിലും. രണ്ടര വയസുകാരന്റെ മുൻനിരയിലുള്ള കുറ്റിപ്പല്ലുകൾ എടുക്കുക എന്നതാണ് വന്നതിന്റെ പ്രധാന കാരണം. ഒപ്പം മറ്റു രണ്ടു കുട്ടികളുടെയും പല്ലുകളുടെ പ്രശ്നം പരിഹരിക്കണം.

“ഡോക്ട്ര്‍, ഈ പല്ലൊക്കെ നമുക്ക് എടുത്തു കളഞ്ഞേക്കാം. ഇതൊക്കെ പൊഴിഞ്ഞ് നല്ലത് വരാനുള്ളതല്ലേ.” അമ്മ തന്റെ ആവശ്യവും ആഗ്രഹവും വെളിപ്പെടുത്തി. പക്ഷേ, പല്ലെടുത്തു കളയുക എന്നതല്ല യഥാര്‍ത്ഥത്തിലുള്ള പരിഹാരം. പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി അതേപടി നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതാണ് യഥാര്‍ത്ഥ പരിഹാരം. അക്കാര്യം ഞാന്‍ അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.

വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്‌ കുഞ്ഞുങ്ങളുടെ ദന്ത പരിചരണം. ഇന്ന് പല കുഞ്ഞുങ്ങൾക്കും ദന്തക്ഷയംമൂലം മറ്റുള്ളവരുടെ മുൻപിൽ ചിരിക്കാൻപോലും ബുദ്ധിമുട്ടനുഭവപ്പെടുന്നവരാണ്. അതുമൂലം അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും, മറ്റുള്ളവരുടെ മുൻപിൽ വരാനും സ്കൂളില്‍ പോകാനും മടി കാണിക്കുകയും ചെയ്യുന്നു. വായ തുറന്ന് ഒന്നു ചിരിക്കാന്‍ പോലും അത്തരം കുട്ടികള്‍ക്കു വിഷമമാണ്.

അതിനാല്‍ ഈ വിഷയത്തെക്കുറിച്ച്‌ എല്ലാവരും മനസിലാക്കേണ്ടത് ആവശ്യമാണ്. അതിന്റെ ആദ്യപടിയായി, കുഞ്ഞുങ്ങളിലെ ദന്തക്രമീകരണം എങ്ങനെയാണെന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം.

കുഞ്ഞുങ്ങളിലെ ദന്തക്രമീകരണം

ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾതന്നെ പല്ലിന്റെ മുകുളങ്ങളുടെ വളർച്ച ആരംഭിക്കുന്നു. ആറുമാസം മുതലാണ് പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുക. പാൽപ്പല്ലുകൾ വരുന്ന പ്രായത്തിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ആറാംമാസത്തിൽ തന്നെ പല്ലുവരുന്നില്ല എന്നുകരുതി ഭയപ്പെടേണ്ടതില്ല. ആറുമാസം മുതൽ ഒരുവർഷം വരെയാണ് സാധാരണഗതിയിൽ കുഞ്ഞുങ്ങളിൽ പല്ലുകൾ പൊട്ടിമുളയ്ക്കാറുള്ളത്. അതുപോലെ ആറുവയസ്സു മുതലാണ് പാൽപ്പല്ലുകൾ പൊഴിഞ്ഞ് സ്ഥിരദന്തങ്ങൾ ഉണ്ടായിത്തുടങ്ങുക. ഇതിലും വ്യതിയാനങ്ങൾ വരിക സ്വാഭാവികമാണ്.

സ്ഥിരദന്തങ്ങൾ മുളയ്ക്കാൻ തുടങ്ങുമ്പോഴാണ് സാധാരണ പാൽപ്പല്ലുകൾ ഇളകിത്തുടങ്ങുന്നത്. എന്നാൽ ചില കുഞ്ഞുങ്ങളുടെ വായിൽ, ജനിക്കുമ്പോൾതന്നെ പല്ലുകൾ കാണാറുണ്ട്. ഇങ്ങനെയുള്ള പല്ലുകളെ നേറ്റല്‍ ടീത്ത് (Natal Teeth) എന്നാണ് വിളിക്കാറ്. മുലയൂട്ടലിന് തടസ്സമാകുന്നെങ്കിൽമാത്രം അത് എടുത്തുകളയാവുന്നതാണ്. എന്നാൽ മറ്റുചില കുഞ്ഞുങ്ങളിൽ, ജനിച്ച് മുപ്പതു ദിവസത്തിനുള്ളിൽ പല്ലുകൾ പൊട്ടിമുളച്ചുവരാറുണ്ട്. അവയെ നിയൊ നേറ്റല്‍ ടീത്ത് (Neonatal Teethn) എന്നും വിളിക്കുന്നു. ഇതും സാധാരണഗതിയിൽ ഇളകിപ്പോകാറുണ്ട്.

പല്ലുകൾ മുളയ്ക്കുമ്പോഴുള്ള അസ്വസ്ഥതകൾ

പല്ലുകൾ മുളയ്ക്കുമ്പോൾ കുഞ്ഞുങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകൾ അറിഞ്ഞിരിക്കുന്നത് മാതാപിതാക്കളുടെ ആകുലതകൾ ഒരു പരിധിവരെ ഇല്ലാതാക്കും.

പല്ലുമുളയ്ക്കുന്ന ഘട്ടത്തിൽ മോണ ചുവന്നുതടിക്കുക, പനി, നിർത്താതെയുള്ള കരച്ചിൽ, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, വയറിളക്കം, ഭക്ഷണം കഴിക്കാൻ വിമുഖത, ഉമിനീർ അമിതമായി വരുന്ന അവസ്ഥ എന്നിവ കുഞ്ഞുങ്ങളിൽ കാണാറുണ്ട്. ഇതിനെ ടീതിംഗ് സിക്ക്നെസ്സ് (Teething Sickness) എന്നാണ് വിളിക്കാറ്. അതിൽ നമ്മൾ ഭയപ്പെടേണ്ടതില്ല. ഈ ലക്ഷണങ്ങൾ പല്ല് പൊട്ടിമുളയ്ക്കുന്നതിന്റെ ആരംഭമാണെന്നു മനസ്സിലാക്കുക.

പാൽപ്പല്ലുകൾ

20 പല്ലുകളാണ് പാൽപ്പല്ലുകളുടെ ഗണത്തിൽവരിക. മുകളിൽ പത്തുപല്ലുകളും താഴെ പത്തുപല്ലുകളും. പാൽപ്പല്ലുകൾ പ്രധാനമായും ആഹാരം ചവച്ചരയ്ക്കാനും സംസാരശേഷി വികാസനത്തിനുoവേണ്ടിയാണ്. പല്ലുകൾ വളരുന്നതോടൊപ്പം താടിയെല്ലും വളരുന്നതിനാൽ ചെറിയ വലിപ്പവ്യത്യാസങ്ങളൊന്നും കാര്യമായി പരിഗണിക്കേണ്ടതില്ല. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കില്‍ ഒരു ദന്തരോഗ വിദഗ്ദനെ സമീപിച്ചാല്‍ മതി.

കുഞ്ഞുങ്ങളുടെ പല്ലിന്റെ പ്രശ്നങ്ങൾ 

മുകളിൽ നാം പറഞ്ഞ രണ്ടരവയസ്സുള്ള കുഞ്ഞിൽ മുൻനിരപല്ലുകൾ മുഴുവൻ കളർ വ്യത്യാസം വരുന്നതും പൊടിഞ്ഞുപോകുന്നതുമായിരുന്നു പ്രശ്നം. ഇത്തരം അവസ്ഥയെ ഏർലി ചൈൽഡ്ഹുഡ് കേരീസ് (Early childhood caries) അല്ലെങ്കിൽ നഴ്സിംഗ് ബോട്ടിൽ കേരിസ് (Nursing bottle caries) എന്നാണ് പറയുക. ഇത്തരം അവസ്ഥയ്ക്കു കാരണം, രാത്രിയിലുള്ള മുലയൂട്ടലും കുടിക്കുന്ന മധുരപാനീയങ്ങളുമാണ്. ഇവ പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതുമൂലം ഏറ്റവും പുറമെയുള്ള ഇനാമൽ ദ്രവിക്കാൻ കാരണമാകുന്നു. അങ്ങനെ പല്ലുകളിൽ നിറവ്യത്യാസം വരികയും പൊടിഞ്ഞുപോവുകയും ചെയ്യുന്നു.

മുകളിലെ മുൻനിരപ്പല്ലുകളിളാണ് സാധാരണയായി ഇത് കാണപ്പെടുക. കുഞ്ഞുങ്ങളിൽ ബ്രൗൺനിറത്തിൽ, വേദനയില്ലാതെയും ഇവ കാണപ്പെടാം. എന്നാൽ മറ്റുചിലരിൽ പഴുപ്പ്, വേദന, പനി എന്നിവ ഉണ്ടാകുന്നു. കുട്ടികളുടെ പല്ലുകളിലുണ്ടാകുന്ന കേടുകൾ പലപ്പോഴും വേദന വരുമ്പോഴാണ് തിരിച്ചറിയുക.

പാൽപ്പല്ലുകൾ പൊഴിഞ്ഞുപോയി വേറെ വരാനുള്ളതല്ലേ എന്ന ലാഘവത്തോടെയാണ് പലപ്പോഴും എല്ലാവരും ഈ അവസ്ഥകളെ മനസ്സിലാക്കുന്നത്. ഈ ഉദാസീനത മാറ്റാൻ സമയമായിരിക്കുന്നു.

കുഞ്ഞുങ്ങളുടെ പല്ലുകൾ മുളക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആറുമാസത്തിലൊരിക്കൽ കുഞ്ഞുങ്ങളുടെ പല്ലുകൾ ചെക്കപ്പ് നടത്തണം.
  • എന്തുകഴിച്ചാലും വാ കഴുകിപ്പിക്കുക.
  • മുലയൂട്ടലിനുശേഷവും മധുരമുള്ള പാനീയങ്ങൾ കുടിപ്പിച്ചശേഷവും മൃദുവായ തുണികളോ, പഞ്ഞിയോ ഉപയോഗിച്ച് പല്ലുകൾ തുടച്ചുവൃത്തിയാക്കുന്നത് വളരെ ഉചിതമാണ്.
  • ഫ്ലൂറൈഡ് അപ്ലിക്കേഷന്‍ (Fluoride application) പോലുള്ള ചികിത്സകൾ പല്ലിന് കേടുകൾ വരുന്നതു തടയാൻ സഹായിക്കുന്നു.
  • മോണ മസ്സാജ് ചെയ്തുകൊടുക്കുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു.
  • പല്ലുകൾ മുളച്ചശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് രണ്ടുതവണ കുഞ്ഞുങ്ങളുടെ പല്ലുകൾ ബ്രഷ് ചെയ്യുന്നതും ചെയ്യിപ്പിക്കാൻ ശീലിപ്പിക്കുന്നതും വളരെ നല്ലതാണ്. കുട്ടികൾക്കായിമാത്രം ക്രമീകരിക്കപ്പെട്ടിട്ടുള്ള ടൂത്ത് ബ്രഷുകളുണ്ട്. അവ ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക.
  • മൂന്നുവയസ്സു മുതൽ ടൂത്ത്പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
  • പാൽക്കുപ്പി വായിൽ വച്ച് ഉറക്കുന്ന ശീലം ഒഴിവാക്കുക. മുൻനിര പല്ലുകൾ കേടുബാധിക്കാൻ മാത്രമേ അത് ഗുണം ചെയ്യുകയുള്ളൂ.

ഡോ. സി. സംഗീത SVM

(കിടങ്ങൂർ ലിറ്റൽ ലൂർദ് മിഷന്‍ ഹോസ്പിറ്റലിലെ ചീഫ് ഡന്റല്‍ സര്‍ജനും  വിസിറ്റേഷൻ സഭംഗവുമാണ് സി. ഡോ. സംഗീത)

Latest News