Tuesday, November 26, 2024

ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? അതിനായി സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍

ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ എന്ത് ചെയ്യണം? അതിന് നന്നാവണം എന്ന ചിന്ത ആ വ്യക്തിയില്‍ തന്നെ ഉണ്ടാകണം. ആത്മശോധന ചെയ്യാന്‍ സമയം കണ്ടെത്തണം. തന്റെ ജീവിതത്തിലെ പാളിച്ചകള്‍, പിഴവുകള്‍ ഇവ കണ്ടുപിടിക്കണം. എങ്കിലേ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുകയുള്ളു.

മാറ്റങ്ങള്‍ ഉണ്ടാവുക ഒരു ദിവസം കൊണ്ട് നടക്കുന്നതല്ല. അതിന് നാളുകള്‍ വേണം. ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, നന്നായി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അറിയില്ല, പറ്റില്ല എന്നൊക്കെ. അവര്‍ക്കായി സ്വയം താന്‍ എവിടെ നില്‍ക്കുന്നു എന്ന്  കണ്ടെത്തുവാനും മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

1 . താന്‍ എവിടെ നില്‍ക്കുന്നു എന്ന് കണ്ടെത്തുക 

ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട ആദ്യത്തെ കാര്യമാണ് ഞാന്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് കണ്ടെത്തുക. തന്റെ ഇപ്പോഴത്തെ സ്വഭാവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉത്തമബോധ്യം ഉള്ളവര്‍ക്കേ അവിടെയൊക്കെ മാറ്റം വരുത്തുവാന്‍ കഴിയൂ. അതിനാല്‍ ആദ്യം നാം എന്താണ് എങ്ങനെയാണ് എന്ന് കണ്ടെത്തുക.

ഓരോ ദിവസവും ഞാന്‍ ഇന്ന് എങ്ങനെയാണു എന്റെ ജീവിതം ചിലവഴിച്ചത് എന്ന് സ്വയം ചോദിക്കുവാനും അന്നത്തെ ദിവസത്തെ വിലയിരുത്തുവാനും കഴിയണം. അപ്പോള്‍ തെറ്റുകള്‍ കണ്ടെത്തുവാനും അത് ഒഴിവാക്കി ജീവിക്കുവാനും ഉള്ള പ്രേരണയിലേയ്ക്ക് നയിക്കും.

2 . സ്വയം അംഗീകരിക്കുക 

മാറ്റങ്ങള്‍ വരുത്തണം എന്ന് ആഗ്രഹം ഉള്ളവര്‍ ചെയ്യേണ്ട അടുത്ത കാര്യം സ്വയം അംഗീകരിക്കുക എന്നതാണ്. എന്റെ പ്രശ്‌നങ്ങള്‍ ഇതാണ്, ഞാന്‍ എങ്ങനെയൊക്കെയാണ് പെരുമാറുന്നത് എന്ന സത്യം അംഗീകരിക്കാം. അതിലേയ്ക്ക് നമ്മെ നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കാം. അംഗീകരിക്കാം. നമ്മുടെ പരിധികള്‍ തിരിച്ചറിയാം. അതില്‍ നിന്ന് മാറ്റങ്ങള്‍ കൊണ്ടുവരാം.

3 . മറ്റുള്ളവരില്‍ നിന്ന് നന്മകളും നല്ലതും മാത്രം സ്വീകരിക്കാം 

മറ്റുള്ളവരില്‍ കാണുന്ന നല്ല ഗുണങ്ങള്‍ അംഗീകരിക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്യാം. അവരില്‍ നിന്ന് നന്മ സ്വീകരിക്കാം. ഒരിക്കലും അവരെ അനുകരിക്കാന്‍ ശ്രമിക്കരുത്. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ടെത്തിക്കുകയേ ഉള്ളു.

4 . വിശകലനം ചെയ്യാം 

നമ്മുടെ പ്രവര്‍ത്തികളെ കുറിച്ച് ചിലപ്പോള്‍ നമുക്ക് നല്ലതു മാത്രമേ പറയാന്‍ ഉണ്ടാവൂ. ഒരു പ്രവര്‍ത്തിയെ ശരിയാണെന്ന് സ്ഥാപിക്കുവാനായി പല ന്യായങ്ങളും കണ്ടെത്താം. ഇത്തരം അവസരത്തില്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നാം ചെയ്തത് ശരിയാണോ എന്ന് ചിന്തിക്കാം. ഞാന്‍ ഇങ്ങനെ ജീവിക്കുമ്പോള്‍ അത് എന്റെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന ചിന്ത, അത് അവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചാണോ ഞാന്‍ ജീവിക്കുന്നത് എന്ന ചിന്ത കൂടുതല്‍ നന്മകളിലേയ്ക്ക് നമ്മെ നയിക്കും.

5 . നമ്മിലെ പോസിറ്റീവ്‌സ് കണ്ടെത്താം

മാറ്റങ്ങള്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിലെ തെറ്റുകളെക്കുറിച്ച് മാത്രം അവബോധം ഉണ്ടായാല്‍ പോരാ. നന്മകളെക്കുറിച്ചും അവബോധം ഉണ്ടാകണം. ആ നന്മകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആ നല്ല കാര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണം.

6 . ആലോചിക്കാം രണ്ടു പ്രാവശ്യം  

നന്മ ചെയ്യുവാനുള്ള ഒരാളുടെ ആഗ്രഹം അത് നന്മയിലേക്ക് മാത്രമേ ഒരാളെ നയിക്കൂ. എന്തുകാര്യം ചെയ്യുന്നതിന് മുന്‍പും രണ്ടു പ്രാവശ്യം ചിന്തിക്കണം എന്ന് മുതിര്‍ന്നവര്‍ പറയും. അതിന്റെ അര്‍ഥം ആദ്യത്തേതില്‍ നാം നമ്മുടെ ഭാഗത്തു നിന്ന് മാത്രമേ ചിന്തിക്കൂ. രണ്ടാമത്തെ ചിന്ത കൂടുതല്‍ വിശദമായ ചിന്തയിലേക്ക് നമ്മെ നയിക്കും. ഇവിടെ മറ്റുള്ളവരുടെ വികാരവിചാരങ്ങള്‍ക്കു കൂടി സ്ഥാനം ഉണ്ടാകും. ഒപ്പം നമ്മുടെ നന്മയിലേക്കുള്ള വഴിയും ആവും അത്.

Latest News