Tuesday, November 26, 2024

ആഭ്യന്തര സംഘര്‍ഷം: ജീവിതം നരകതുല്യമായെന്ന് സുഡാന്‍ ജനത

സുഡാനിലെ ആഭ്യന്തരയുദ്ധം ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷവും, തലസ്ഥാനമായ ഖാര്‍ത്തൂമിലെ പലരുടെയും അവസ്ഥ വളരെയധികം മോശമാണ്. ആദ്യ ദിവസങ്ങളില്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടവരും അതിജീവിക്കാന്‍ പാടുപെടുകയാണ്.

സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) തമ്മിലുള്ള പോരാട്ടം ഇത്രയും കാലം നീണ്ടുനില്‍ക്കുമെന്ന് പലരും ആദ്യം കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ നല്ലൊരു ശതമാനം ആളുകള്‍ ഖാര്‍ത്തൂമില്‍ തന്നെ തുടരുകയായിരുന്നു.

‘ഞങ്ങള്‍ ഇപ്പോഴും ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. പോരാട്ടം അവസാനിച്ചിട്ടില്ല. ആര്‍എസ്എഫ് പ്രദേശത്ത് നുഴഞ്ഞുകയറി നാശം വിതച്ചു, അതേസമയം സൈന്യം അവര്‍ക്കെതിരെ ഷെല്ലാക്രമണം നടത്തുന്നു. മരണം ഏത് നിമിഷവും വന്നേക്കാം. ഏകദേശം 5,000 സുഡാനികള്‍ സൈന്യത്തിന്റെ ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതിനകം കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു’. അബ്ദുള്‍ അസീസ് ഹുസൈന്‍ എന്ന വ്യക്തി പറയുന്നു.

അദ്ധ്യാപകനായ ഹുസൈന്, ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. തങ്ങള്‍ താമസിക്കുന്ന പ്രദേശം ഇപ്പോള്‍ ഒരു പ്രേത നഗരമാണമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം രണ്ട് ദിവസമായി ഭക്ഷണം കഴിക്കുന്നില്ല, വെള്ളം പോലും കിട്ടാന്‍ പ്രയാസമാണ്. വൈദ്യുതി ഇപ്പോള്‍ ഒരു ആഡംബര വസ്തുവായി മാറിയിരിക്കുന്നു. ആര്‍എസ്എഫ് സൈനികര്‍ കടകളും ആളുകളുടെ വീടുകളും കൊള്ളയടിക്കുകയാണ്. നരകത്തില്‍ ജീവിക്കുന്നതിന് സമാനമാണ് ഇവിടുത്തെ നിലവിലെ അവസ്ഥ’. ഹുസൈന്‍ പറയുന്നു.

ഖാര്‍ത്തൂമിലെയും ഡാര്‍ഫറിന്റെ പടിഞ്ഞാറന്‍ മേഖലയിലെയും രൂക്ഷമായ പോരാട്ടം സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഗുരുതര തടസ്സം സൃഷ്ടിക്കുന്നതായി യുഎന്‍ പറയുന്നു. അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ സംഘര്‍ഷം മൂലം പലായനം ചെയ്തുവെന്നും 24.7 ദശലക്ഷം ആളുകള്‍ക്ക് അടിയന്തിര മാനുഷിക സഹായം ആവശ്യമാണെന്നും പറയുന്നു. പലര്‍ക്കും ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ കോളറയും മറ്റ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

‘വെടിനിര്‍ത്തല്‍ അത്യാവശ്യമാണ്, ദുരിതബാധിതര്‍ക്ക് മാനുഷിക സഹായം എത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും വിലയിരുത്താനും എങ്കില്‍ മാത്രമേ സാധിക്കൂ. ഏറ്റവും പ്രധാനമായി, ഈ പോരാട്ടം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അങ്ങനെ ആളുകള്‍ക്ക് സഹായം എത്തിക്കാനും സുഡാനികള്‍ക്ക് അവരുടെ സാധാരണ ജീവിതം പുനരാരംഭിക്കാനും കഴിയും’. സുഡാനിലെ യുഎന്‍ ഡെപ്യൂട്ടി പ്രതിനിധി ക്ലെമന്റൈന്‍ എന്‍ക്വേറ്റ-സലാമി പറയുന്നു.

സുഡാന്റെ ഭാവിക്കുവേണ്ടിയും അവിടുത്തെ കുട്ടികള്‍ക്കുവേണ്ടിയും യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുദ്ധം തുടരുകയാണെങ്കില്‍, ഈ വര്‍ഷാവസാനത്തോടെ സ്ഥിതി വിനാശകരമാകുമെന്നും സുഡാനിലെ യുണിസെഫിന്റെ പ്രതിനിധി മന്‍ദീപ് ഒബ്രിയന്‍ പറഞ്ഞു.

ഖാര്‍ത്തൂമില്‍ നിന്ന് രക്ഷപ്പെട്ടവരും അതിജീവിക്കാന്‍ പാടുപെടുകയാണ്. പോര്‍ട്ട് സുഡാനില്‍, നൂറുകണക്കിന് കുടുംബങ്ങള്‍, ഒരു സര്‍വ്വകലാശാല ഡോര്‍മിറ്ററിയില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നു. പലരും അഭയകേന്ദ്രങ്ങളില്‍, ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ വലയുകയാണ്. പകര്‍ച്ചവ്യാധികളും പടരുന്നു.

സുഡാനികള്‍ക്കൊപ്പം, മറ്റ് പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ യുദ്ധം കാരണം ദുരിതമനുഭവിക്കുന്നു. അവരില്‍ സിറിയക്കാരും പാകിസ്ഥാനികളും ഇന്ത്യക്കാരും കൂടാതെ ദക്ഷിണ സുഡാനില്‍ നിന്നുള്ള ധാരാളം അഭയാര്‍ത്ഥികളുമുണ്ട്. സംഘട്ടനത്തിന്റെ ഇരകളില്‍ സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു, യുഎന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ അനേകര്‍ മരണപ്പെട്ടിരുന്നു.

അധികാരികളും വേണ്ടപ്പെട്ടവരും നിഷ്‌ക്രിയരായി തുടരുന്നതിനാല്‍ സാധാരണക്കാര്‍ വലിയ വില നല്‍കേണ്ടി വരുന്നു. അക്രമവും സംഘര്‍ഷവും തടയാന്‍ ഇരു കക്ഷികളോടും അഭ്യര്‍ത്ഥിക്കാനാണ് യുദ്ധത്തിന് ഇരകളായ ഓരോരുത്തര്‍ക്കും ആവശ്യപ്പെടാനുള്ളത്.

 

Latest News