പാലസ്തീന്- ഇസ്രായേല്‍ യുദ്ധത്തെ അപലപിച്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തകയായ മാരം ഹുമൈദ തന്റെ കുഞ്ഞുങ്ങള്‍ക്ക് എഴുതിയ വികാരഭരിതമായ കത്താണ് ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഗാസയില്‍ നല്ലൊരു ഭാവി സ്വപ്നം കണ്ടതില്‍ താന്‍ ഇപ്പോള്‍ താന്‍ ഖേദിക്കുന്നുവെന്ന് മാരം ഹുമൈദ് കത്തില്‍ എഴുതിയിരിക്കുന്നു. ചുറ്റും എന്തൊക്കെയോ തെറ്റായി നടക്കുന്നുണ്ടെന്ന് തന്റെ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിയുന്നുണ്ടെന്നും, ഗാസയില്‍ ജീവിക്കുക എന്ന സ്വപ്നം നിലവിലെ സാഹചര്യമനുസരിച്ച് വളരെ ആര്‍ഭാടമായ ആഗ്രഹമാണെന്നും മാരം ഹുമൈദ് കത്തില്‍ പറയുന്നു. മൂന്ന് മാസം പ്രായമുള്ള മകന് ഇയാസിനും ഒരു മാസം പ്രായമുള്ള തന്റെ സഹോദര പുത്രനായ യെസ്സിനുമാണ് മാരം ഹുമൈദ് കത്തെഴുതിയത്.
മാരം ഹുമൈദിന്റെ കത്ത് ഇങ്ങനെയായിരുന്നു….
പ്രിയപ്പെട്ട ഇയാസ്, യെസ്സിന്…
ചുറ്റും എന്തൊക്കെയോ തെറ്റായി നടക്കുന്നുണ്ടെന്ന് എന്റെ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഓരോ സ്ഫോടനത്തോടും കുഞ്ഞുങ്ങള്‍ കാണിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് എനിക്കത് മനസിലാവുന്നു. ബോംബുകള്‍ വന്നുപതിക്കുന്ന ശബ്ദങ്ങളില്‍ കുഞ്ഞുങ്ങള്‍ നിരന്തരമായി ഞെട്ടുന്നു. ശ്വാസം പോലുമെടുക്കാതെ കരയുന്നു. ചില രാത്രികളില്‍ തലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പായുമ്പോഴും ബോംബുകള്‍ വര്‍ഷിക്കപ്പെടുമ്പോഴും നിങ്ങളുടെ മുഖങ്ങള്‍ അസ്വസ്ഥമാവുന്നുണ്ട്. ആ അസ്വസ്ഥത ഞങ്ങളോട് പല ചോദ്യങ്ങളും ഉത്തരങ്ങളും തേടുന്നതായി എനിക്ക് തോന്നുന്നു.
എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ..ഞാന്‍ ഈ കത്തെഴുതുന്നത് സുരക്ഷിതമായ ഒരു ലോകത്ത് ഇരുന്ന് നിങ്ങള്‍ക്ക് കത്ത് വായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ആ പ്രതീക്ഷ അനിശ്ചിതത്വത്തിലാണെന്ന് എനിക്കറിയാം. നിങ്ങളുടെ കണ്ണിലേക്ക് നോക്കുമ്പോള്‍ പലസ്തീനിലെ അല്‍ ശിഫാ ആശുപത്രിയില്‍ മാസങ്ങളോളം പ്രായമുള്ള കുഞ്ഞുങ്ങളുടെ ജീവന് നഷ്ടപ്പെടുന്നത് ഞാന്‍ ഓര്‍ത്തുപോകുന്നു.
ഏറ്റവും നിഷ്കളങ്കമായ ജീവനുകളുടെ ശ്മാശനമായി ലോകം മാറുകയാണ്. ആക്രമണത്തില്‍ കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്താന്‍ കഴിയാത്ത മാതാപിതാക്കളുടെ വേദനാജനകമായ അവസ്ഥ ഞാന്‍ ഓര്‍ത്തുപോവുന്നു. ചുറ്റുപാടും നടക്കുന്ന വിപത്തുകള്‍ മറന്ന് താത്കാലിക ടെന്റുകളില്‍ ഇരുന്ന് കളിച്ചുചിരിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് നിറയുന്നു. ഈ സാഹചര്യത്തില്‍ ഇയാസിന്റെയും യെസ്സിന്റെയും സുരക്ഷയിലും ക്ഷേമത്തിലും മാതാപിതാക്കളായ ഞങ്ങള്‍ ആശങ്കയിലാണ്.
ഇത് എന്റെ അവസാനത്തെ കത്തായിരിക്കാം. ഗാസയിലെ ജീവിതം എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ജീവിക്കാനും സ്വപ്നം കാണാനും ഞങ്ങള്‍ ശ്രമിച്ചു. ഇപ്പോള്‍ നിങ്ങളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നു. അത് ഫലംചൂടുമോ എന്നറിയില്ല. കാരണം, ഇവിടെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ വിരളമാണ്. ഭാവി കൂടുതല്‍ പീഡനങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.