Sunday, November 24, 2024

ബന്ദികളെ വിട്ടയയ്ക്കല്‍ കരാര്‍ ഇസ്രായേല്‍ കുടുംബങ്ങളില്‍ പ്രതീക്ഷ ഉയര്‍ത്തുന്നു

ഹെന്‍ അവിഗ്ഡോറി ഇസ്രായേലിലെ അറിയപ്പെടുന്ന ടെലിവിഷന്‍ കോമഡി എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ജോലിയാകട്ടെ, ആളുകളെ ചിരിപ്പിക്കുക എന്നതും. എന്നാല്‍ കഴിഞ്ഞ 48 ദിവസമായി അദ്ദേഹം ആകെ ചെയ്യുന്നത് ‘എന്റെ ഭാര്യയേയും മകളേയും തിരികെ കൊണ്ടുവരിക’ എന്ന് ആഹ്വാനം ചെയ്തുള്ള പ്രചാരണമാണ്.

ഹമാസ് ഇസ്രായേല്‍ ആക്രമിച്ച ദിവസം, ഒക്ടോബര്‍ ഏഴിനാണ് ഹെന്‍ ഭാര്യ ഷാരോണിനേയും 12 വയസുകാരിയായ മകള്‍ നോമിനേയും അവസാനമായി ബന്ധപ്പെടുന്നത്. ജോലി സ്ഥലത്തു നിന്ന് രാവിലെ അദ്ദേഹം വിളിച്ചപ്പോള്‍ തങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് പോകുകയാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് ഇസ്രായേലിന്റെ തെക്ക് ഭാഗത്ത്, കിബ്ബത്ത്‌സില്‍ സഹോദരനെ സന്ദര്‍ശിക്കാന്‍ അവര്‍ പോയിരുന്നു. പിന്നീട് അവരെ കാണാതായതായി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവരെ തട്ടിക്കൊണ്ട് പോയതാണെന്ന് വ്യക്തമായി.

ഹെന്‍ അവിഗ്ഡോറിയുടെ കുടുംബവും ബഹുഭൂരിപക്ഷം ബന്ദികളും ജീവിച്ചിരിക്കുന്നതായി തെളിവുകളുമില്ല. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ, മോചിപ്പിക്കപ്പെട്ടവരില്‍ ഭാര്യയും മകളും ഉള്‍പ്പെടുമെന്ന് ഹെന്‍ പ്രതീക്ഷിക്കുന്നു. 12 വയസുകാരനായ മകന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. കഴിഞ്ഞ 48 ദിവസമായി തങ്ങളെ മുന്നോട്ട് നയിക്കുന്ന ഒരേയൊരു കാര്യം പ്രതീക്ഷയാണെന്നും ഹെന്‍ പറയുന്നു.

ബന്ദികളെ ഗാസയ്ക്കുള്ളിലെ സുരക്ഷിത സ്ഥലങ്ങളിലും തുരങ്കങ്ങളിലും ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഹമാസ് പറയുന്നത്. ‘ മോശമായതൊന്നും അവര്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, അങ്ങനെ സ്വയം ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. കാരണം എനിക്ക് ഒരു ദൗത്യമുണ്ട്, അവരെ പുറത്തെത്തിക്കുക എന്ന ദൗത്യം. അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍, ഞാന്‍ കൂടുതല്‍ വിഷാദരോഗിയാകും’. ഹെന്‍ പറഞ്ഞു.

ഇതിനിടെ ഇസ്രായേല്‍ ഗവണ്‍മെന്റിലെ മുതിര്‍ന്ന വ്യക്തികളെയും റെഡ് ക്രോസിനെയും ഹെന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സൈനിക വിജയത്തേക്കാള്‍ ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന്മേല്‍ താന്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഹമാസിന്റെ അസ്തിത്വത്തിന് അന്ത്യം കുറിക്കുന്നതും ഓരോ ബന്ദികളെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഹെന്‍ പറയുന്നു.

 

Latest News