ഈ പുതുവര്‍ഷം ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കേണ്ട പത്ത് രാജ്യങ്ങളുടെ പട്ടിക പൊന്തിഫിക്കല്‍ ഫൗണ്ടേഷന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) തയ്യാറാക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള അക്രമങ്ങള്‍ ബാധിച്ച രാജ്യങ്ങളാണ് ഇവ. ഈ പത്ത് രാജ്യങ്ങളില്‍ സമാധാനവും ശാന്തിയും സംജാതമാകാന്‍ ലോകം മുഴുവന്റേയും ശ്രദ്ധയും കരുതലും ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1. വിശുദ്ധ നാട്
ഈ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചുവിട്ട് ഹമാസ് കൊന്നൊടുക്കിയത് ഡസന്‍കണക്കിന് നിരപരാധികളായ സാധാരണക്കാരെയാണ്. ഇതിന് തിരിച്ചടിക്കാന്‍ ഇസ്രായേലും ആരംഭിച്ചു. ഇതോടെ വിശുദ്ധ നാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ അത്യന്തം രൂക്ഷമായി. ക്രിസ്തുമസിനുപോലും ഇവിടെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നില്ല.
2. ഉക്രൈന്
2014 -ലാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ 2022 -ഓടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധംതന്നെ ആരംഭിച്ചു. ആയിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങളും പട്ടണങ്ങളും നാമാവശേഷമാവുകയും ചെയ്തു.
3. മ്യാന്മര്
2011 -ലെ സൈനിക അട്ടിമറിക്കുശേഷം മ്യാന്മര് അത്യന്തം ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനുശേഷം, ഭരണകക്ഷിയായ സൈനിക ഭരണകൂടം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ തീവ്രമാക്കിയിരിക്കുകയാണ്.
4. സുഡാന്
2019 -ലെ അട്ടിമറിക്കുശേഷം സുഡാനിലും രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് സാഹചര്യങ്ങള്‍ നയിച്ചു.
5. ബുര്‍ക്കിന ഫാസോ
ഈ ആഫ്രിക്കന്‍ രാജ്യത്തിലെ ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ ക്രൈസ്തവരെ വളരെയധികം ബാധിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി നിരപരാധികളായ ക്രൈസ്തവരെയാണ് ഇവിടെ കൊന്നൊടുക്കുന്നത്.
6. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
പതിറ്റാണ്ടുകളായി കോംഗോയിലും, പ്രത്യേകിച്ച് അയല്‍രാജ്യമായ റുവാണ്ടയുമായും വംശീയസംഘര്‍ഷങ്ങള്‍ പതിവാണ്.
7. എത്യോപ്യ
ടൈഗ്രേയിലെ സംഘട്ടനത്തിന്റെ ഫലമായി, എത്യോപ്യ ആഭ്യന്തര പിരിമുറുക്കങ്ങളുള്ള ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2023 -ല്‍, അംഹാരയും ഒറോമിയ മിലിഷ്യകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചുവരികയാണ്. ഇത് രാജ്യത്തിന്റെ അസ്ഥിരതയും പ്രശ്നങ്ങളും തീവ്രമാക്കുന്നു.
8. കാമറൂണ്‍
2016 മുതല്‍ കാമറൂണില്‍ ആഭ്യന്തരയുദ്ധം നടക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ സംഘര്‍ഷത്തില്‍ മരിച്ചു. അര ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി.
9. ഇന്ത്യ
മണിപ്പൂരില്‍ അക്രമം ആരംഭിച്ചതോടെ 2023 -ല്‍ ഇന്ത്യയില്‍ വംശീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ വളരെയധികം രൂക്ഷമായി.
10. ഹെയ്തി
2021 -ല്‍ പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ കൊലപാതകത്തെതുടര്‍ന്ന്, ഹെയ്തി വര്‍ധിച്ചുവരുന്ന അരാജകത്വത്തിലേക്ക് കൂപ്പുകുത്തി; തെരുവുസംഘര്‍ഷങ്ങള്‍ പതിവായി. ദാരിദ്ര്യം, കുറ്റകൃത്യങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ രാജ്യം നേരിടുന്നുണ്ട്.