Sunday, November 24, 2024

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി ലക്ഷദ്വീപ്; അടുത്തറിയാം ഈ വിസ്മയ ദ്വീപിനെ

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരംഗമായിരിക്കുകയാണ് ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളില്‍ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ഗൂഗിളില്‍ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം പേര്‍ ലക്ഷദ്വീപ് ഗൂഗിളില്‍ തിരയുന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്ക് മൈ ട്രിപ്പിലും ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തില്‍ 3,400 ശതമാനം വര്‍ദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം പ്രകൃതി രമണീയമായ ദ്വീപുകളിലേയ്ക്കുള്ള വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കിയെന്ന് മേക്ക് മൈ ട്രിപ്പ് കമ്പനി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ലക്ഷദ്വീപിന്റെ മണല്‍ത്തരികളിലൂടെ പ്രധാനമന്ത്രി നടക്കുന്നതിന്റെയും, കടലിലേക്ക് നോക്കി നില്‍ക്കുന്നതിന്റെയും ,ദ്വീപിന്റെ ആകാശദൃശ്യവുമെല്ലാം വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ലക്ഷദ്വീപിനെക്കുറിച്ച് കൂടുതലറിയാം…

അക്ഷാര്‍ത്ഥത്തില്‍ വിസ്മയം എന്നു പറയാന്‍ കഴിയുന്ന ഇടമാണ് ലക്ഷദ്വീപ്. ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചവര്‍ക്കറിയാവുന്ന കാര്യമാണത്. ആകര്‍ഷകമായ ടൂറിസ്റ്റ് മേഖലയില്‍ വിദേശരാജ്യങ്ങളോട് പോലും കിടപ്പിടിക്കാന്‍ ലക്ഷദ്വീപിന് സാധിക്കുന്നു. പവിഴപ്പുറ്റുകളുടെ കലവറയായ ഇവിടം
കടല്‍ സമ്പത്ത് കൊണ്ടും മികവുറ്റതാണ്.

അറബിക്കടലിലെ 36 ദ്വീപുകളാണ് ലക്ഷദ്വീപ് എന്ന പേരില്‍ അറിയപ്പെടുന്നത്. കവരത്തിയാണ് തലസ്ഥാനം. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്‌ലാത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ 11 ദ്വീപുകളിലാണ് ജനവാസമുള്ളത്. 70,000-താഴെ മാത്രമാണ് ആകെ ജനസംഖ്യ. കേരളത്തിന്റെ അയല്‍ക്കാരനായ ലക്ഷദ്വീപിലും മലയാളം തന്നെയാണ് ഔദ്യോഗികഭാഷ. എന്നാല്‍ മാലദ്വീപ് ഭാഷയായ ദിവോഹിയോട് സാമ്യമുള്ള മഹല്‍ ഭാഷയും മലയാളത്തോട് സാമ്യമുള്ള ജസരി ഭാഷയുമാണ് പ്രാദേശികമായി ഉപയോഗിക്കുന്നത്.

പവിഴപ്പുറ്റുകളുടെ കലവറയാണ് ലക്ഷദ്വീപ്. ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. തീരത്തോട് ചേര്‍ന്ന് ആഴം കുറഞ്ഞ കടലില്‍ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകള്‍, നൂറു കണക്കിന് വിവിധ തരത്തിലുള്ള മല്‍സ്യങ്ങള്‍, ചെറിയ
സസ്യങ്ങള്‍, വിവിധ തരത്തിലുള്ള കടല്‍ക്കുതിരകള്‍ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകള്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണ് പവിഴപ്പുറ്റുകള്‍. 120 കിലോമീറ്ററോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്നതാണ് പവിഴപ്പുറ്റുകള്‍. ഇവിടെ ആള്‍ താമസം
ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. വര്‍ണ്ണമത്സ്യങ്ങള്‍ ഉള്‍പ്പെടെ സമുദ്ര ജീവി വൈവിധ്യം തന്നെ ഇവിടെ കാണാനാകും.

സ്‌കൂബാ ഡൈവിംഗ് ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. കല്‍പ്പേനി, കവരത്തി, അഗത്തി എന്നിവയും മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. നാളികേരവും മത്സ്യസമ്പത്തുമാണ് ലക്ഷദ്വീപുകാരുടെ പ്രധാന വരുമാനമാര്‍ഗം. ബേപ്പൂരും കൊച്ചിയുമാണ് ലക്ഷദ്വീപിന് അടുത്തുള്ള വിപണന കേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ തേങ്ങ ഉണക്കി കയറ്റുമതി ചെയ്യുമായിരുന്നു. ഇപ്പോള്‍ തേങ്ങ പ്രാദേശിക കച്ചവടക്കാര്‍ക്ക് വിറ്റ് അവര്‍ വഴി വിപണനകേന്ദ്രങ്ങളിലേക്കെത്തിക്കുകയാണ് പതിവ്.

പ്രകൃതി ഭംഗിയില്‍ ആകൃഷ്ടരായി നിരവധി സിനിമകളും ലക്ഷദ്വീപില്‍ ചിത്രീകരിച്ചിട്ടുണ്ട്. രാമു കാര്യാട്ട് ചിത്രമായ ‘ദ്വീപ്’ ആണ് ലക്ഷദ്വീപില്‍ ചിത്രീകരിച്ച ആദ്യചിത്രം. ദ്വീപിലെ പ്രാദേശിക ഭാഷയായ ജസരിയില്‍ ‘സിഞ്ചാര്‍’ എന്ന പേരില്‍ ചിത്രം ഇറങ്ങിയിട്ടുണ്ട്.

Latest News