Sunday, November 24, 2024

ഹമാസ് ലോകത്തിനു മുഴുവന്‍ ഭീഷണിയെന്ന് ‘ജറുസലേം പോസ്റ്റ്’ എഡിറ്റോറിയല്‍

ഇസ്രായേലിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഹമാസ് ഒരു ഭീഷണിയാണ്. അതുപോലെതന്നെയാണ് ഇറാനും അവര്‍ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹൂതിസ് തുടങ്ങിയ സംഘടനകളും.

കഴിഞ്ഞ ബുധനാഴ്ച ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) ന്റെ യിഫ്താ ബ്രിഗേഡിലെ റിസര്‍വ് ഫോഴ്സുമായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗന്‍ ഒരു മീറ്റിംഗ് നടത്തിയിരുന്നു. അതിനിടെ ഗാസയിലെ ഷെജെയാ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ലഭിച്ച ഒരു പോസ്റ്റര്‍ ഒരു സൈനികന്‍ പ്രസിഡന്റിന് കൈമാറി. ഈഫല്‍ ഗോപുരത്തിന് മുകളില്‍ ഒരു മിനാരം ചേര്‍ത്തു വച്ച തരത്തിലുള്ള ഒരു ചിത്രമായിരുന്നു അത്. ‘എവിടെയും എത്തിപ്പെടാന്‍ ഹമാസിന് കഴിയും’ എന്ന ഒരു അജ്ഞാത മുന്നറിയിപ്പും ആ പോസ്റ്ററിന്റെ ചുവടെ ചേര്‍ത്തിരുന്നു.

സന്ദേശം വ്യക്തമാണ്. ഇസ്രായേലിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഹമാസ് ഒരു ഭീഷണിയാണ്. അതുപോലെതന്നെയാണ് ഇറാനും അവര്‍ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹൂതിസ് തുടങ്ങിയ സംഘടനകളും.

ഒക്ടോബര്‍ 7 ലെ സംഭവങ്ങള്‍ ഇസ്രായേലിനുമാത്രമല്ല, വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന, നിയമവാഴ്ചയുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കുമുള്ള ഒരു ഉണര്‍ത്തുപാട്ടാണ്. ജനുവരി 28-ാം തീയതി, ജോര്‍ദാനിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍, 3 സൈനികര്‍ കൊല്ലപ്പെടുകയും 40 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഏറ്റവും അവസാനത്തെ ഓര്‍മപ്പെടുത്തലാണ്. ഇറാന്റെ പിന്തുണയുള്ള ഇറാക്കി ഇസ്ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പാണ് അക്രമത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

‘ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന വര്‍ഷങ്ങള്‍ക്കുമുമ്പ് അവരുടെ ഖിലാഫത്ത് സ്ഥാപിച്ചതിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ സ്വാധീനമാണ് ഹമാസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും പ്രവര്‍ത്തനങ്ങള്‍ എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍’ എന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് ഗവണ്‍മെന്റല്‍ അഫയേഴ്സിനായുള്ള സെനറ്റ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ മുന്നറിയിപ്പ് നല്കി.

ഇറാന്‍ പിന്തുണയുള്ള ഭീകരവാദികളുയര്‍ത്തുന്ന ഭീഷണികള്‍

ഹമാസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന, ഹറാകത്ത് അല്‍ മുഖവാമ അല്‍ ഇസ്ലാമിയ്യ (ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ്), 1988-ലെ അതിന്റെ സ്ഥാപക ചാര്‍ട്ടറില്‍ ജൂത രാഷ്ട്രത്തിന്റെ നാശത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ സ്ഥാനത്ത് ഒരു ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിരുന്നു. യുഎസ്, യുകെ, ഇയു അടക്കമുള്ള പ്രമുഖ രാജ്യങ്ങള്‍ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന, ടെഹ്റാന്റെ ‘ആക്സിസ് ഓഫ് റെസിസ്റ്റന്‍സി’ല്‍ അംഗമായ ഹമാസിനെ, സാമ്പത്തികമായും ആയുധങ്ങള്‍ നല്‍കിയും പരിശീലനം കൊടുത്തും ഇറാന്‍ പിന്തുണയ്ക്കുന്നുണ്ട്.

ഇസ്രായേലിനെ മാത്രമല്ല അവരുടെ പങ്കാളികളായ എല്ലാ രാജ്യങ്ങള്‍ക്കു നേരെയും ഹമാസ് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ എല്ലാ സഖ്യകക്ഷികളെയും പ്രത്യേകിച്ചും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളെയും ആക്രമിക്കണമെന്ന് അല്‍ അക്സ ടിവിയോട് സംസാരിക്കവെ ഹമാസിന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ സമി അബു സുഹാരി ആഹ്വാനം ചെയ്തിരുന്നു. ‘ഇസ്രായേലിനെ പിന്തുണയ്ക്കുന്ന എല്ലാരാജ്യങ്ങളുടെയും, പ്രധാനമായി, അമേരിക്കയുടെയും ബ്രിട്ടന്റെയും എല്ലാ സംരഭങ്ങളുടെ നേരെയും വ്യാപകമായി രൂക്ഷമായ അക്രമം ഞങ്ങള്‍ നടത്തും’ എന്ന് സുഹാരി പറഞ്ഞിരുന്നു.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന്റെ തീവ്രതയും സങ്കീര്‍ണതയും കണ്ട ശേഷം, ഹമാസിന്റെ ലക്ഷ്യങ്ങളെയും താത്പര്യങ്ങളെയും ശേഷിയേയും കുറിച്ച് ഇതുവരെയുണ്ടായിരുന്ന അനുമാനങ്ങളെ പുനര്‍വിചിന്തനം ചെയ്യാന്‍ തീവ്രവാദവിരുദ്ധ വിശകലന വിദഗ്ധര്‍ നിര്‍ബന്ധിതരായെന്ന്, ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ആന്റ് സെക്യുരിറ്റി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ റിസര്‍ച്ച് ഡയറക്ടറായ, കോളിന്‍ പി. ക്ലാര്‍ക്ക് ഫോറിന്‍ പോളിസി യില്‍ പ്രസിദ്ധീകരിച്ച അനാലിസില്‍ പറഞ്ഞു. സ്ഥാപിതമായ ശേഷം കഴിഞ്ഞ 36 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തവണ പോലും വിജയകരമായി ഒരു ആക്രമണം പോലും നടത്താന്‍ കഴിയാതെയിരുന്ന ഹമാസ് വെറുമൊരു പ്രാദേശിക ഭീഷണിയായി മാത്രം നില്‍ക്കാതെ ലോകത്തിന് മുഴുവനും ഒരു ഭീഷണിയായി വളരുമോ എന്നതാണ് നിലവില്‍ ഉയരുന്ന ഏറ്റവും നിര്‍ണായകമായ ചോദ്യമെന്നും അദ്ദേഹം എഴുതി.

ഹമാസുമായി ബന്ധമുള്ളതും പരാജയപ്പെട്ടതുമായ നിരവധി ഭീകരാക്രമണ പദ്ധതികള്‍ നടന്നിട്ടുണ്ടെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ യഹൂദ സ്ഥാപനങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു എന്ന സംശയത്തില്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിലെ ഏഴ് അംഗങ്ങളെ ഡിസംബറില്‍ ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിശകലനം പ്രസിദ്ധീകരിച്ചത്.

തങ്ങളുടെ പ്രത്യയശാസ്ത്രവും ആശയങ്ങളും ബ്രാന്‍ഡും ഇസ്ലാമിക് സ്റ്റേറ്റ് പോലെ തന്നെ ആഗോളതലത്തില്‍ എത്തുമെന്ന് ഹമാസ് പ്രതീക്ഷിക്കുന്നതായി തോന്നുന്നു എന്ന് ക്ലാര്‍ക്ക് എഴുതി. ‘പാശ്ചാത്യ ജനങ്ങളുടെയും, പ്രത്യേകിച്ച് യുവജനങ്ങളുടേയും കോളജ് വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ അവരുടെ പ്രചാരണത്തിന്റെ അനുരണനങ്ങള്‍ വലിയ തോതില്‍ കാണുന്നുണ്ട്. ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ അവിടങ്ങളില്‍ ശക്തമായി ഉണ്ടാകാന്‍ അതാണ് കാരണം. ഈ വ്യക്തികളില്‍ ഒരു ചെറിയ ഭാഗം മാത്രം മൗലികവാദികളായി മാറുകയാണെങ്കില്‍പ്പോലും, അത് ആക്രമണങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു’. ക്ലാര്‍ക്ക് പറയുന്നു.

തീവ്രവാദ വിഷയത്തില്‍ പ്രഗത്ഭനായ ഏലി കര്‍മോന്‍ (ഇസ്രായേല്‍) റീച്ച്മാന്‍ യൂണിവേഴ്സിറ്റിയുടെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കൗണ്ടര്‍ ടെററിസത്തിനു വേണ്ടി എഴുതിയ ലേഖനം ഹമാസിന്റെ അന്താരാഷ്ട്രമായ ഭീഷണിയെ വിലയിരുത്തുന്നതാണ്. ഗാസയിലുള്ള ഹമാസിന്റെ എല്ലാ സൈനിക കേന്ദ്രങ്ങളും ആയുധങ്ങളും ഇസ്രായേല്‍ നിശേഷം നശിപ്പിച്ചാലും, ലബനോന്‍, സിറിയ, അള്‍ജീരിയ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് തീവ്രവാദ ആക്രമണം നടത്താന്‍ ഹമാസിന് കഴിയും എന്ന് കര്‍മോന്‍ വാദിക്കുന്നു.

‘നിലവില്‍, ഇസ്രായേലിന്റെ രോഷത്തില്‍ നിന്ന് സുരക്ഷിതമായ ഒരു അഭയം കണ്ടെത്താന്‍ ഹമാസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തില്‍ അവര്‍ക്ക് അഭയം തേടാന്‍ ഏറ്റവും സുരക്ഷിതമായ ഒരു രാജ്യം ഇറാന്‍ ആയിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. അങ്ങനെ സംഭവിച്ചാല്‍, ഇസ്രായേല്‍ വിരുദ്ധ, പാശ്ചാത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം കൈകോര്‍ക്കാനും മുന്നോട്ട് നീങ്ങാനുമുള്ള ഒരു അവസരമായിരിക്കുമത്. അന്താരാഷ്ട്ര തീവ്രവാദത്തിന്റെ ഒരു വലിയകേന്ദ്രമായി ഇറാന്‍ മാറുകയും ചെയ്യും’. കര്‍മോന്‍ മുന്നറിയിപ്പ് നല്കുന്നു.

ഒക്ടോബര്‍ 7 ഇസ്രായേലിന് ലഭിച്ച ഒരു അപായ മണി ആയിരുന്നെങ്കിലും ലോകം മുഴുവനും ജാഗ്രതയോടെ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.

2024 ഫെബ്രുവരി രണ്ടാം തിയതി ‘ജറുസലേം പോസ്റ്റ്’ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ പരിഭാഷ

റോണി ബി.

 

Latest News