ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ക്രൂരതകളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ തോക്കിന്‍ മുനയില്‍ ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നത് കാണാന്‍ ഹമാസ് ഭീകരര്‍ ഇരകളുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും നിര്‍ബന്ധിച്ചതായാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.
ഇസ്രായേലിലെ റേപ്പ് ക്രൈസിസ് സെന്റേര്‍സ് അസോസിയേഷന്‍, ഒക്ടോബര്‍ 7 ന് അരങ്ങേറിയ സംഭവങ്ങളെക്കുറിച്ചുള്ള അവരുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ‘സൈലന്റ് ക്രൈ’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരുന്നു. ഒരു രാഷ്ട്രത്തിന് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നിനെ വിവരിക്കുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്. അതില്‍ രഹസ്യവും പരസ്യവുമായി പലരും നടത്തിയ സാക്ഷ്യപ്പെടുത്തലുകള്‍, ദൃക്‌സാക്ഷി വിവരണങ്ങള്‍, ഇരകളുടെ വെളിപ്പെടുത്തല്‍, സാക്ഷികളുമായുള്ള അഭിമുഖങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നു. അതില്‍ പറയുന്നത്, ഇസ്രായേലിനെ ദ്രോഹിക്കാന്‍ രണ്ട് വഴികളാണ് ഹമാസ് പ്രധാനമായും തിരഞ്ഞെടുത്തതെന്നാണ്. ഒന്ന്, പൗരന്മാരെ തട്ടിക്കൊണ്ടുപോകല്‍, രണ്ട്, ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍.
ഹമാസ് ഭീകരര്‍ ഇരകളെ ഭീഷണിപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ അക്രമാസക്തമായി ബലാത്സംഗം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇരകളുടേയും അവരുടെ വേണ്ടപ്പെട്ടവരുടേയും വേദനയും അപമാനവും വര്‍ധിപ്പിക്കുന്നതിനായി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ വച്ചാണ് അവര്‍ ഈ ക്രൂരത ചെയ്തതും.
ഹമാസ് ഭീകരരാല്‍ ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗവും പിന്നീട് കൊല്ലപ്പെട്ടു. ചിലര്‍ ബലാത്സംഗത്തിനിടയില്‍ തന്നെ മരിച്ചു. മറ്റുള്ളവരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കൂട്ടരില്‍ പലരുടേയും ജനനേന്ദ്രിയങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമാക്കുകയോ ആയുധങ്ങള്‍ ഉപയോഗിച്ച് തുളയ്ക്കുകയോ ചെയ്തിരുന്നു. ഹമാസിന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി ഒരിക്കലും അറിയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നോവ ഫെസ്റ്റിവലില്‍ കൂട്ട ബലാത്സംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ലൈംഗികാതിക്രമങ്ങള്‍ ഒന്നിലധികം തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിബ്ബൂട്ട്‌സിമില്‍, സ്ത്രീകളും പെണ്‍കുട്ടികളും ഒരുപോലെ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു ഇരയുടെ ജനനേന്ദ്രിയത്തില്‍ കത്തി ഒളിപ്പിച്ച ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഡിഎഫ് സൈനികരും ലൈംഗികാതിക്രമത്തിന് ഇരകളായിരുന്നു, അവരുടെ ശരീരങ്ങളിലും അതിന് തെളിവുണ്ടായിരുന്നു. ഗാസയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ദികളും വിചിത്രമായ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
അന്താരാഷ്ട്ര ഫെമിനിസ്റ്റുകള്‍ നിശബ്ദരാണ്
ഇത്രയും ക്രൂരതകള്‍ നേരിടേണ്ടി വന്നെങ്കിലും അന്താരാഷ്ട്ര സമൂഹം നമ്മോട് പുറംതിരിഞ്ഞുവെന്ന് ഇസ്രായേലി സ്ത്രീകള്‍ പറയുന്നു. ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഫെമിനിസം പ്രസംഗിക്കുന്ന സ്ത്രീ സംഘടനകളെയും മനുഷ്യാവകാശ സംഘടനകളെയും എവിടെയും കണ്ടില്ലെന്ന് അവര്‍ നിരാശയോടെ പറയുന്നു.
ഇരകളെ നാം വിശ്വസിക്കണം, കാരണം ലൈംഗികാതിക്രമത്തിനിടെ അവര്‍ അനുഭവിച്ച പീഡനത്തിനു പുറമേ അവര്‍ മുന്നോട്ടുവന്ന് അത് വെളിപ്പെടുത്തുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വെറുപ്പും പരിഹാസവും വലുതാണ്. അപ്പോള്‍ സഹാനുഭൂതിയോടെ അവരോട് പെരുമാറാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ആധുനിക ഫെമിനിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് ‘ഇരയെ വിശ്വസിക്കുക’ എന്നതാണെന്നും ഇസ്രായേലിലെ വനിതകള്‍ ഓര്‍മിപ്പിക്കുന്നു.
‘ഞങ്ങള്‍ എല്ലാവരും ഉപേക്ഷിക്കപ്പെട്ടതായി തോന്നി. പക്ഷേ ഞങ്ങള്‍ ഇസ്രയേലി സ്ത്രീകള്‍ ഒരുമിച്ച് ചേര്‍ന്നു, ഞങ്ങളുടെ സഹോദരിമാര്‍ സങ്കല്‍പ്പിക്കാനാവാത്ത വിധം പീഡിപ്പിക്കപ്പെടുന്നത് കണ്ടപ്പോള്‍, അവരുടെ വേദന ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഞങ്ങളുടെ വേദനകള്‍ക്ക് മുമ്പില്‍ ലോകം മൗനം അവലംബിച്ചാലും ഞങ്ങളുടെ കൂടപ്പിറപ്പുകളെ ഞങ്ങള്‍ക്ക് ഉപേക്ഷിക്കാനാവില്ല. അവര്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരും. ഹാമാസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും’. ഇസ്രായേലി വനിതകള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു.