തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാമോ? 1960കളില്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ അന്നത്തെ ഭരണകൂടം ശ്രമിച്ചു. ഇതാണ് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രധാന സംഭവം.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പാലിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പാര്‍ട്ടിയ്ക്കോ സ്ഥാനാര്‍ത്ഥിയ്ക്കോ എതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.
‘കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തങ്ങളുടെ ഔദ്യോഗിക അധികാരം പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യമെന്ന്,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ എന്തൊക്കെയാണ് നിരോധിക്കപ്പെടുന്നത്?
1. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം സാമ്പത്തിക സഹായം, പ്രത്യേക വാഗ്ദാനം എന്നിവ നടത്തുന്നതില്‍ നിന്ന് മന്ത്രിമാരെയും ഭരണകൂടത്തെയും തടയുന്നു.
2. തറക്കല്ലിടല്‍, പുതിയ പദ്ധതികളുടെ പ്രഖ്യാപനം എന്നിവയില്‍ നിന്നും രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും വിട്ടുനില്‍ക്കണം.
3. മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക അധികാരം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പദ്ധതി പ്രഖ്യാപനങ്ങളും പാടില്ല.
4. തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ക്കണ്ടുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ പാടില്ല.
5. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മന്ത്രിമാരോ അധികാരസ്ഥാനത്തിരിക്കുന്നവരോ വിവേചനാധികാര ഫണ്ടില്‍ നിന്നുള്ള ഗ്രാന്റുകളോ മറ്റ് സഹായങ്ങളോ അനുവദിക്കാന്‍ പാടില്ല.
6. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ പാടില്ല.
7. സര്‍ക്കാര്‍ വസതികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഓഫീസുകളായി ഉപയോഗിക്കാന്‍ പാടില്ല. ഈ വസതികളില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്താനും പാടില്ല.
8. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും പണം മുടക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല.
9. ഭരണകക്ഷിയുടെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാന്‍ പാടില്ല.