ആസാമിലെ സോനിത്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആര് ജയിക്കുമെന്ന് റോണ്‍ ബഹാദൂര്‍ ഥാപ്പയുടെ കുടുംബം തീരുമാനിക്കും. കാരണം 350 വോട്ടര്‍മാരാണ് ഈ കുടുംബത്തിലുള്ളത്. ഇവരുടെ വോട്ട് മണ്ഡലത്തില്‍ നിര്‍ണായകമാവുമെന്ന് ഉറപ്പാണ്. ആസാമിലെ സോനിത്പുര്‍ ജില്ലയിലെ ഫുലോഗുരി നേപ്പാളി പാം എന്ന പ്രദേശത്താണ് അന്തരിച്ച റോണ്‍ ബഹാദൂര്‍ ഥാപ്പയുടെ കുടുംബം. ഏപ്രില്‍ 19ന് ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്.
രംഗപര നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശം ലോക്‌സഭയില്‍ സോനിത്പുരിലാണ് ഉള്‍പ്പെടുന്നത്. കുടുംബത്തിലെ 350 അംഗങ്ങള്‍ ഏപ്രില്‍ 19ന് സോനിത്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്യും. ആകെ 1200 അംഗങ്ങളാണ് റോണ്‍ ബഹാദൂര്‍ ഥാപ്പയുടെ കുടുംബത്തിലുള്ളത്. ഇതില്‍ 350 പേര്‍ക്കാണ് ഇപ്പോള്‍ വോട്ടവകാശം ഉള്ളത്.
അഞ്ച് ഭാര്യമാര്‍ ഉണ്ടായിരുന്ന റോണ്‍ ബഹാദൂറിന് 12 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമാണ് ഉള്ളത്. 150ലധികം കൊച്ചുമക്കളും ഉണ്ട്. ഇവരുടെ കുടുംബ പാരമ്പര്യത്തില്‍ ഉള്ള ഏകദേശം 300ഓളം കുടുംബങ്ങളും ഇവിടെയുണ്ട്. അന്തരിച്ച റോണ്‍ ബഹാദൂറിന്റെ മകനായ ടില്‍ ബഹാദൂര്‍ ഥാപ്പയാണ് നിലവില്‍ ഗ്രാമമുഖ്യന്‍. തന്റെ കുടുംബത്തില്‍ 350 പേര്‍ക്കാണ് ഇപ്പോള്‍ വോട്ടവകാശം ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
”1964ലാണ് എന്റെ അച്ഛന്‍ മുത്തച്ഛനോടൊപ്പം ഇവിടെ എത്തിയത്. അക്കാലം മുതല്‍ ഈ പ്രദേശത്ത് തന്നെയാണ് ജീവിക്കുന്നത്. എന്റെ അച്ഛന് 5 ഭാര്യമാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ 12 സഹോദരന്‍മാരും 9 സഹോദരിമാരുമുണ്ട്. ആണ്‍മക്കളുടെ മാത്രം 56 കൊച്ചുമക്കള്‍ എന്റെ അച്ഛനുണ്ട്. സഹോദരിമാര്‍ വഴിയുള്ള കൊച്ചുമക്കളുടെ എണ്ണം എത്രയെന്ന് എനിക്ക് കൃത്യമായി അറിയില്ല. കുടുംബത്തിലെ മൊത്തം ആളുകളുടെ എണ്ണമെടുത്താല്‍ 1200ലധികം വരും,” ടില്‍ ബഹാദൂര്‍ ഥാപ്പ പറഞ്ഞു.
അതേസമയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുടെ പദ്ധതികളുടെ ഗുണഫലം തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ”ഞങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. ബെംഗളൂരുവിലും മറ്റും പോയി ചിലര്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും കുടുംബത്തിലുണ്ട്. 1989 മുതല്‍ ഞാന്‍ ഇവിടെ ഗ്രാമമുഖ്യനാണ്. എനിക്ക് 8 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോണ്‍ ബഹാദൂര്‍ 1997ലാണ് അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ മറ്റൊരു മകനായ സര്‍കി ബഹാദൂര്‍ ഥാപ്പ പറഞ്ഞു. 64കാരനായ സര്‍കി ബഹാദൂറിന് മൂന്ന് ഭാര്യമാരും അതില്‍ 12 കുട്ടികളുമുണ്ട്.
സോനിത്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏകദേശം 16.25 ലക്ഷം വോട്ടര്‍മാരാണുള്ളത്. 9 അസംബ്ലി മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ആസാമിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19, 26, മെയ് 7 എന്നീ തീയതികളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.