ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ വേറിട്ട മുഖമായിരുന്നു സുസ്മിത സെന്നിന്റേത്. 1994 ല്‍ മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറും 18 വയസ് മാത്രമായിരുന്നു സുസ്മിതയുടെ പ്രായം. ഇപ്പോഴിതാ വിശ്വസുന്ദരിപ്പട്ടം നേടി 30 വര്‍ഷം തികയുമ്പോള്‍ തന്റെ മകള്‍ റെനിയ്‌ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് താരം.
‘എനിക്ക് 18 വയസുള്ളപ്പോഴാണ് ഒരു അനാഥാലയത്തില്‍ വച്ച് ഈ കൊച്ചു പെണ്‍കുട്ടിയെ ഞാന്‍ കാണുന്നത്. ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കവും എന്നാല്‍ ആഴമേറിയതുമായ പാഠങ്ങള്‍ പഠിപ്പിച്ചത് അവളാണ്. ആ പാഠങ്ങളിലൂടെയാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്.
ഈ നിമിഷം പകര്‍ത്തിയിട്ട് 30 വര്‍ഷം തികയുന്നു, മിസ് യൂണിവേഴ്‌സില്‍ ഇന്ത്യയുടെ ആദ്യ വിജയവും. എന്തൊരു യാത്രയായിരുന്നു, അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു…എന്റെ ഏറ്റവും വലിയ ശക്തിയും ഐഡന്റിറ്റിയും ആയതിന് ഇന്ത്യയ്ക്ക് നന്ദി.
ഒരിക്കലും അവസാനിക്കാത്ത സ്‌നേഹത്തിന് ഫിലിപ്പീന്‍സിനും നന്ദി. ലോകമെമ്പാടുമുള്ള എന്റെ എല്ലാ പ്രിയപ്പെട്ട ആരാധകരും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും… അറിയുക, നിങ്ങള്‍ ഓരോരുത്തരും എന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കി, നിങ്ങള്‍ പോലുമറിയാതെ നിങ്ങളെനിക്ക് പ്രചോദനമായി സ്‌നേഹം ഞാനറിയുന്നു! നന്ദി’ – എന്നാണ് സുസ്മിത കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് സുസ്മിതയുടെ കുറിപ്പിന് കമന്റുമായെത്തിയിരിക്കുന്നത്. ‘നല്ല വ്യക്തിത്വത്തിന് ഉടമയായ സ്ത്രീ’, ഇന്ത്യയ്ക്ക് മറ്റൊരു വിശ്വസുന്ദരിയെ ലഭിക്കും, പക്ഷേ മറ്റൊരു സുസ്മിതയെ കണ്ടെത്തുക സാധ്യമല്ല’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
സുസ്മിതയുടെ മകള്‍ റെനിയും അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം, അന്ന് മധുരപതിനെട്ടുകാരിയായിരുന്ന എന്റെ അമ്മ ചരിത്രമെഴുതി. വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേയ്‌ക്കെത്തി. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. മറ്റൊരു മനുഷ്യനിലും കണ്ടിട്ടില്ലാത്ത അനുകമ്പയുടെയും സ്‌നേഹത്തിന്റെയും പ്രതിരൂപമാണ് എന്റെ അമ്മ. ഇങ്ങനെയൊരാളെ എന്റെ അമ്മയായി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ പ്രപഞ്ചം മുഴുവന്‍ അമ്മയ്‌ക്കൊപ്പമുണ്ട്.’. റെനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നീണ്ട നിയമയുദ്ധത്തിലൂടെ 24 ാം വയസ്സില്‍ ആദ്യ പെണ്‍കുട്ടിയെ ദത്തെടുത്ത സുസ്മിത സെന്‍ 2010 ല്‍ മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി ദത്തെടുത്തു. റെനി(24)യുടെയും അലീഷ(14)യുടെയും അമ്മയാണ് സുസ്മിത ഇന്ന്. ‘എന്റെ ഹൃദയത്തില്‍ നിന്ന് പിറന്നവര്‍’ എന്നാണ് മക്കളെക്കുറിച്ച് സുസ്മിത പറഞ്ഞിട്ടുള്ളത്.