Wednesday, November 27, 2024

ഇന്ന് ലോക ക്ഷീര ദിനം

ഇന്ന് ലോക ക്ഷീര ദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ജൂണ്‍ ഒന്നിന് ലോക ക്ഷീര ദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ ദിനം പ്രധാനമാണ്.

ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം തന്നെയാണ് ക്ഷീര വ്യവസായം. ഒപ്പം തന്നെ ഒരു സമീകൃത ആഹാരമായ പാലിന്റെ പ്രാധാന്യത്തെയും ഓര്‍ക്കാതെ വയ്യ. പാല് ഒരു ആഗോള ഭക്ഷണമാണ്. അത് തിരിച്ചറിയുന്നതിന് കൂടിയാണ് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 2001 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ ഒന്നിന് ഇത് ആചരിച്ചു വരുന്നത്

ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നിരവധി ആളുകള്‍ക്ക് ഒരു ജീവനോപാധി കൂടിയാണിത്… കൂടാതെ മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, ഐഡിന്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയ ഗുണഗണങ്ങളുടെ കലവറയാണ് ഈ ഭക്ഷണം.

ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തില്‍ ക്ഷീര വ്യവസായം എത്രത്തോളം സാധാരണക്കാര്‍ക്ക് ഉപകാരപ്രദം ആകും എന്ന് തെളിയിച്ച ധവള വിപ്ലവത്തിന്റെ പിതാവാണ് ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍. ഇന്ന് അമുല്‍ എന്ന പേരില്‍ വളര്‍ന്ന് പടര്‍ന്നുപന്തലിച്ച വ്യവസായ സ്ഥാപനത്തിന് പിന്നില്‍ ആയിരമായിരം ക്ഷീരകര്‍ഷകരുടെയും ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ എന്ന മനുഷ്യന്റെയും വിയര്‍പ്പുണ്ട്.

ഇന്ത്യയിലെ ഡെയറി വ്യവസായത്തെ രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ തൊഴില്‍ദാന പദ്ധതി ആക്കി മാറ്റാന്‍ കഴിഞ്ഞതിനൊപ്പം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള വ്യവസായ സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും അദ്ദേഹത്തിന് സാധിച്ചു. ആഹാരത്തിന്റെ ഗുണനിലവാരത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതല്‍ പാലുല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ഇന്ന് ആവശ്യക്കാര്‍ ഏറുകയാണ്. ഒരു പക്ഷേ ചെറുകിട വ്യവസായ സംരംഭകരെയടക്കം മികച്ച നിലയിലേക്ക് ഉയര്‍ത്താന്‍ ക്ഷീര വ്യവസായത്തിന് സാധിച്ചു എന്നതാണ് സത്യം.

ഏറ്റവും മികച്ച പോഷകാഹാരങ്ങളുടെ മിശ്രിതം എന്ന സവിശേഷതയുള്ള പാലിന്റെ ഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്…

ശരീരത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജമേകുന്ന പാനീയമാണ് പാല്‍. 100 മില്ലി ലീറ്റര്‍ പശുവിന്‍ പാലില്‍ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 120 മില്ലിഗ്രാം കാല്‍സ്യം, 14 മില്ലിഗ്രാം കൊളസ്‌ട്രോള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 100 മില്ലിലീറ്റര്‍ പശുവിന്‍ പാലില്‍ 66 കലോറിയുണ്ട്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം.

രണ്ട്…

പാലിലെ കാല്‍സ്യത്തിന്റെ സാന്നിധ്യം എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡി എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു.

മൂന്ന്…

എല്ലാത്തരം അമീനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും.

നാല്…

രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അഞ്ച്…

പാല്‍ പുളിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. പുളിപ്പിച്ചെടുക്കുന്ന പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാല്‍ ഉത്പന്നങ്ങള്‍ക്ക് പ്രോബയോട്ടിക് ഗുണങ്ങള്‍ ഏറെയാണ്. തൈര്, വെണ്ണ, പാല്‍ക്കട്ടി എന്നിവയൊക്കെ കഴിക്കാന്‍ നല്ലതാണ്.

എന്താണ് പാലിന്റെ കുറവ്?

പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊളസ്‌ട്രോളും ചിലരുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ അളവ് നോക്കി മാത്രം പാല്‍ കുടിക്കാം. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവര്‍ പാല്‍ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കണം.

 

Latest News