Tuesday, November 26, 2024

കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന ഒരു അമ്മയുടെ സ്തനങ്ങൾ പട്ടാളക്കാർ മുറിച്ചുകളഞ്ഞു: ഉക്രൈനിലെ റഷ്യൻ ക്രൂരത

ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 58 ദിവസങ്ങൾ പിന്നിടുകയാണ്. ഇവിടെ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് അവരുടെ മരണകാരണം ആക്രമണം മാത്രമല്ല. ഭക്ഷണവും വെള്ളവും കിട്ടാതെയും ഇവിടെ ആളുകൾ മരിക്കുന്നുണ്ട്. മരിയുപോളിൽ ആയിരങ്ങൾ രക്ഷപെടാനായി ഒളിച്ചു താമസിക്കുന്നിടത്തേക്കു പോലും ബോംബുകൾ വർഷിക്കപ്പെടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചതുകൊണ്ടും കാണാതായതുകൊണ്ടും ജീവിച്ചിരിക്കുന്നവർ പാതിമരിച്ചവരെപ്പോലെയാണ് ഇന്ന്. ഭീതിയും ദാരിദ്ര്യവും വേദനയും മൂലം പാതിമരിച്ച കുറേ ജീവിതങ്ങൾ. ഉക്രൈനിൽ നിന്നും മലയാളി സന്യാസിനിയായ സി. ലിജി ‘എഡിറ്റ് കേരള’യോട് സംസാരിക്കുന്നു. തുടർന്ന് വായിക്കുക…

ഉക്രൈൻ മുഴുവനായി നശിപ്പിക്കണം, അവിടുത്തെ ജനങ്ങളെ മുഴുവനായി കൊലപ്പെടുത്തണം എന്ന ഒരു അവസ്ഥയിലേക്കാണ് റഷ്യ നീങ്ങുന്നത് എന്ന രീതിയിലാണ് അവരുടെ നടപടികൾ. കാരണം, രാജ്യത്തുടനീളം അവർ ബോംബും മിസൈലും വർഷിച്ചുകൊണ്ട് എല്ലാം നാമാവശേഷമാക്കുന്നു. സാധാരണ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും വരെ ഇവർ ആക്രമണത്തിന് ഇരയാക്കുന്നു. നിരപരാധികളും നിസ്സഹായരുമായ സ്ത്രീകളെയും കുട്ടികളെയും വരെ അതിഭീകരമായി ആക്രമിച്ചു കൊലപ്പെടുത്തുന്നു. സാധാരണ ആൾക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ കയറി അവരെ കൊള്ളയടിക്കുക, സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തുക, അന്യായമായി ഉപദ്രവിക്കുക എന്നിവയൊക്കെ ഉക്രൈനിലെ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു.

അടുത്തിടെ കേട്ട ചില കരളലിയിക്കുന്ന സംഭവങ്ങൾ സി. ലിജി വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന ഒരു അമ്മയുടെ സ്തനങ്ങൾ പട്ടാളക്കാർ മുറിച്ചുകളഞ്ഞു. മറ്റൊന്ന്, അമ്മ മരിച്ചുകിടക്കുന്നു; സമീപത്തായി രണ്ടു കൈയ്യും കൂട്ടിക്കെട്ടിയിട്ട നിലയിൽ കുഞ്ഞു മാത്രം ജീവനോടെ അവശേഷിക്കുന്നു. അവരുടെ അവസ്ഥ അതിദയനീയമാണ്. അമ്മമാരുടെ മുന്നിലിട്ട് മക്കളെ മാനഭംഗപ്പെടുത്തുക, മക്കളുടെ മുന്നിലിട്ട് അമ്മമാരെ മാനഭംഗപ്പെടുത്തുക. ഒരു മനുഷ്യർക്കും ചെയ്യാൻ സാധിക്കാത്തത്ര ക്രൂരതയാണ് റഷ്യൻ പട്ടാളം ഈ പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ ചെയ്യാൻ സാധിക്കാത്ത ക്രൂരത” – സിസ്റ്റർ ലിജി പറയുന്നു.

റഷ്യൻ പട്ടാളക്കാർ, ഉക്രൈനിൽ പല സ്ഥലത്തും എഴുതിവച്ചിരിക്കുന്നത് ഇപ്രകാരമാണ്. “നിങ്ങൾ ഞങ്ങളേക്കാൾ നന്നായി ജീവിക്കുന്നു. ആരാണ് നിങ്ങളെ ഇങ്ങനെ നന്നായി ജീവിക്കാൻ അനുവദിക്കുന്നത്.”

വഴിയേ പോകുന്ന സാധാരണക്കാരായ ആളുകളെ നിഷ്ടൂരമായി കൊന്നുകളയുകയാണ് റഷ്യൻ പട്ടാളക്കാർ. പരമാവധി ഉക്രൈൻകാരെ കൊലപ്പെടുത്തി ഈ രാജ്യം ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ, രാജ്യം ഒന്നടങ്കമാണ് ഈ പ്രതിസന്ധികാലത്തിൽ പ്രസിഡന്റ് സെലെൻസ്കിയെ സപ്പോർട്ട് ചെയ്യുന്നത്. ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഈ രാജ്യം ഇത്രയും നാൾ പിടിച്ചുനിന്നതെന്നാണ് സി. ലിജി പറയുന്നത്.

“ആദ്യമായിട്ടാണ് ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഇത്രയും സ്പിരിച്വൽ ആയി സംസാരിക്കുന്നത് കണ്ടിരിക്കുന്നത്. റഷ്യൻ പട്ടാളത്തോട് ഉക്രൈന്റെ പ്രസിഡന്റ് പറയുകയാണ് ‘നിങ്ങളെ വധിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല. നിങ്ങൾക്കും കുടുംബവും മാതാപിതാക്കളും കുട്ടികളുമുണ്ട്. നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക. നിങ്ങളും ജീവിച്ചിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കില്ല’- പ്രസിഡന്റ് സെലിൻസ്കി പറയുന്നു. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം ‘നിങ്ങൾക്ക് ദൈവാലയങ്ങൾ നശിപ്പിക്കാൻ സാധിക്കും. പക്ഷേ, ഞങ്ങളുടെ ദൈവത്തിലുള്ള വിശ്വാസം നശിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഞങ്ങൾ നിങ്ങളെ വിധിക്കുന്നില്ല. എന്നാൽ, വിധിക്കുന്ന ഒരു ദൈവം എല്ലാം കാണുന്നുണ്ട്.”

അദ്ദേഹത്തിന്റെ ഈ വാക്കുകളൊക്കെ കേൾക്കുമ്പോൾ ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹത്തോട് വളരെ ആദരവാണ് തോന്നുന്നത്. ഉക്രൈനു വേണ്ടി മരിക്കാൻ സന്നദ്ധനായ ഒരു പ്രസിഡന്റാണ് സെലിൻസ്കി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ഉക്രൈനിൽ തന്നെ ഇപ്പോഴും തുടരുന്നുണ്ട്.

മരിയുപോളിലൊക്കെ നിരവധിപേർ മരിച്ചെങ്കിലും അവിടെ അവശേഷിക്കുന്നവരുടെ ആത്മവിശ്വാസവും ധൈര്യവും എടുത്തുപറയേണ്ടതു തന്നെയാണ്. അവരുടെ വാക്കുകൾ ഇപ്രകാരമാണ്: “ഞങ്ങൾ മരിച്ചാലും കുഴപ്പമില്ല; രാജ്യം റഷ്യക്ക് വിട്ടുകൊടുക്കരുത്.” കാരണം, 1992 വരെ ഉക്രൈൻ റഷ്യയുടെ കീഴിലായിരുന്നു. അതിനാൽ ഇവിടെയുള്ളവർക്കറിയാം, രാജ്യം റഷ്യയുടെ കീഴിലായിരുന്നാലുള്ള അവസ്ഥ എന്താകുമെന്ന്.

ഇത്രയും ചെറിയ ഒരു രാജ്യം റഷ്യ എന്ന വലിയ രാഷ്ട്രത്തോട് ഇന്നും പൊരുതിനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഉക്രേനിയൻ ജനതയുടെയും ലോകം മുഴുവന്റെയും പ്രാർത്ഥന ഒന്നുകൊണ്ടു മാത്രമാണെന്ന് സി. ലിജി ഉറച്ചു വിശ്വസിക്കുന്നു.

Latest News