Wednesday, November 27, 2024

പോര്‍വിളികളുമായി ഹിസ്ബുള്ളയും ഇസ്രായേലും: എന്താണ് ഹിസ്ബുള്ള?

എട്ട് മാസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം സമ്പൂര്‍ണ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും ലെബനന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ഹമാസിനേക്കാള്‍ ശക്തമായ ശത്രുവിനെ ലെബനനില്‍ ഇസ്രായേല്‍ നേരിടും.

തന്റെ ഗ്രൂപ്പിന് പുതിയ ആയുധങ്ങളും കഴിവുകളും ഉണ്ടെന്ന് ഹിസ്ബുള്ള സ്ഥാപക നേതാവ് ഹസന്‍ നസ്റല്ല കഴിഞ്ഞ ആഴ്ച ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഇസ്രായേലിനുള്ളില്‍ നിന്ന് എടുത്ത നിരീക്ഷണ ഡ്രോണ്‍ ഫൂട്ടേജില്‍ ഹൈഫ തുറമുഖവും ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് അകലെയുള്ള മറ്റ് സ്ഥലങ്ങളും കാണിക്കുകയും ചെയ്തു.

എന്താണ് ഹിസ്ബുള്ള

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിതമായ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുള്ള. ഒരു മതാധിഷ്ടിത പ്രസ്ഥാനം എന്നതിന് പുറമെ ലെബനനിലെ പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ വിഭാഗവും സായുധ വിഭാഗവും ഹിസ്ബുള്ളയ്ക്കുണ്ട്. ഏകദേശം ഒരുലക്ഷത്തോളം സായുധ പോരാളികള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അവരുടെ അവകാശവാദം. വിവിധ അന്തരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 30,000 സജീവ പോരാളികളും 20,000 വരെ റിസേര്‍വ് സൈനികരുമാണ് ഹിസ്ബുള്ളയ്ക്കുള്ളത്. ഒരുകാര്യം ഉറപ്പിച്ചുപറയാന്‍ കഴിയുന്നത്, ഒരു രാജ്യത്തിന്റെ സൈന്യമല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ സായുധ സംഘടനകളില്‍ ഒന്നാണ് ഹിസ്ബുള്ള എന്നതാണ്.

ഇറാന്റെ പിന്തുണയുള്ള, ഷിയാ വിഭാഗം സംഘടനയായ ഹിസ്ബുള്ള, പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്രയേലിന്റെ പ്രധാന വെല്ലുവിളിയാണ്. മുന്‍പ് 2006-ലാണ് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു ഫുള്‍ സ്‌കെയില്‍ യുദ്ധമുണ്ടായത്. അതിലാകട്ടെ വിജയം നേടാന്‍ ഇസ്രയേലിന് സാധിച്ചിരുന്നില്ല. ഇസ്രയേലിന്റെ ലക്ഷ്യം ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു എങ്കിലും ലെബനന്‍ സംഘം കൂടുതല്‍ ശക്തമായി വരികയും ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ ഒരു പ്രധാന സൈനിക, രാഷ്ട്രീയ ശക്തിയായി മാറുകയുമായിരുന്നു.

ഇന്ന് ഏകദേശം 1,20,000-ത്തോളം കരുതല്‍ ശേഖര ആയുധങ്ങള്‍ സിറിയയിലും ലെബനനിലുമായി ഹിസ്ബുള്ള സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇറാന്റെ പിന്തുണയും, സിറിയയിലും ഇറാഖിലും ഇറാനിലുമായി പ്രോക്സി സായുധ സംഘടനകളും ഹിസ്ബുള്ളയ്ക്കുണ്ട്.

ഹിസ്ബുള്ളയുടെ സൈനിക ശേഷി

ഇസ്രായേലുമായുള്ള പുതിയ പോരാട്ടത്തിലുടനീളം, ഹിസ്ബുള്ള പുത്തന്‍ ആയുധങ്ങള്‍ അവതരിപ്പിച്ചു. ഹിസ്ബുള്ള തുടക്കത്തില്‍ കോര്‍നെറ്റ് ടാങ്ക് വിരുദ്ധ മിസൈലുകളും കത്യുഷ റോക്കറ്റുകളുടെ സാല്‍വോകളും വിക്ഷേപിച്ചു, പിന്നീട് അവര്‍ കനത്ത പോര്‍മുനകളുള്ള റോക്കറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി, ഒടുവില്‍ സ്ഫോടനാത്മക ഡ്രോണുകളും ആകാശ മിസൈലുകളും അവതരിപ്പിച്ചു.

ഡ്രോണുകള്‍ തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നും മറ്റ് പലതും തങ്ങളുടെ പക്കലുണ്ടെന്നും ഹിസ്ബുള്ള പറഞ്ഞു. ഹൈഫയില്‍ നിന്നും വടക്കന്‍ ഇസ്രായേലിലെ മറ്റ് സൈറ്റുകളില്‍ നിന്നുമുള്ള ഡ്രോണുകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ രണ്ട് വീഡിയോകള്‍ അവര്‍ പുറത്തുവിട്ടു, പുതിയ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇസ്രായേലി ആക്രമണത്തെ തടയാനും ഉദ്ദേശിച്ചുള്ള നിര്‍ണായക സിവിലിയന്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ കാണിക്കുന്നതാണിത്. തങ്ങള്‍ ഈ തന്ത്രം അവലംബിക്കുന്നത് തുടരുമെന്ന് ടെലിവിഷന്‍ പ്രസംഗത്തില്‍ ഹിസ്ബുള്ള സ്ഥാപകരില്‍ ഒരാളായ നസ്റല്ല പറഞ്ഞിരുന്നു.

അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അര്‍ദ്ധസൈനിക വിഭാഗമാണ് ഹിസ്ബുള്ള, ശക്തമായ ആന്തരിക ഘടനയും അതുപോലെ തന്നെ വലിയ ആയുധശേഖരവും അവര്‍ക്ക് ഉണ്ട്. ഇസ്രായേല്‍ അതിനെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നു, കൂടാതെ കൃത്യമായ ഗൈഡഡ് മിസൈലുകള്‍ ഉള്‍പ്പെടെ 150,000 റോക്കറ്റുകളുടെയും മിസൈലുകളുടെയും ആയുധശേഖരം അവരുടെ പക്കലുണ്ടെന്ന് കണക്കാക്കുന്നു.

ആരാണ് ഹസ്സന്‍ നസ്‌റല്ല

1960 ല്‍ ബെയ്റൂട്ട് പ്രാന്തപ്രദേശമായ ബൂര്‍ജ് ഹമ്മൂദിലെ ഒരു ദരിദ്ര ഷിയ കുടുംബത്തില്‍ ജനിച്ച നസ്റല്ല, പിന്നീട് തെക്കന്‍ ലെബനനിലേക്ക് കുടിയേറി. പിന്നീട് ദൈവശാസ്ത്രം പഠിക്കുകയും ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളാകുന്നതിന് മുമ്പ് ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക സംഘടനയായ അമല്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു.

തന്റെ മുന്‍ഗാമി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 1992 ല്‍ ഹിസ്ബുള്ളയുടെ നേതാവായി. തെക്ക് നിന്ന് ഇസ്രയേലിന്റെ പിന്‍വാങ്ങലിന് നേതൃത്വം നല്‍കിയതിനും 2006 ലെ യുദ്ധത്തിന് നേതൃത്വം നല്‍കിയതിനും പിന്നാവെ നിരവധിപേരുടെ ആരാധനാ പാത്രമായി. ലെബനനിലെയും സിറിയയിലെയും അറബ് ലോകത്തെ മറ്റ് രാജ്യങ്ങളിലെയും സുവനീര്‍ ഷോപ്പുകളിലെ ബില്‍ബോര്‍ഡുകളിലും ഗാഡ്ജെറ്റുകളിലും അദ്ദേഹത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇസ്രയേലിനെ ഭയന്ന് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന നസ്‌റല്ല അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണ് പ്രസംഗങ്ങള്‍ തയ്യാറാക്കി പുറത്തുവിടുന്നത്.

 

Latest News