Monday, November 25, 2024

99 ലെ വെള്ളപ്പൊക്കത്തിന് 100 വയസ്

കൊല്ലവര്‍ഷം 1099 വെള്ളപ്പൊക്കത്തിന് നൂറ് വയസ്. നൂറ്റാണ്ട് മുമ്പ്, 1924 ജൂലൈ 15 ന് ആയിരുന്നു ആ പെരുമഴ പെയ്തു തുടങ്ങിയത്. കേരളം വീണ്ടും മറ്റൊരു കടുത്ത മഴപ്പേടിയിലേക്ക് നീങ്ങുമ്പോള്‍ ’99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മഹാപ്രളയത്തെ ഓര്‍ത്തെടുക്കുകയാണ് മലയാളികള്‍. കൊല്ലവര്‍ഷം 1099 കര്‍ക്കിടക മാസത്തിലെ ഈ മഴയില്‍ എത്ര പേര്‍ മരിച്ചെന്നോ, എത്ര നാശമുണ്ടായെന്നതിനോ കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ല.

1924 ജൂലൈ രണ്ടാം വാരം മലബാറില്‍ തുടങ്ങിയ മഴ അവസാനിച്ചത് ഏകദേശം മൂന്നാഴ്ചയോളം കഴിഞ്ഞ് കേരളത്തെ മുഴുവന്‍ വെള്ളത്തിലാക്കിയ ശേഷമാണ്. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കാലവര്‍ഷത്തിന്റെയും (3,451 മില്ലീ മീറ്റര്‍) ജൂലൈ മാസത്തിന്റെയും (1,527 മില്ലീ മീറ്റര്‍) സര്‍വകാല റെക്കോര്‍ഡും 1924ന് സ്വന്തം.

ദിവസങ്ങളോളം നിലയ്ക്കാതെ പെയ്ത പെരുമഴ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം പൂര്‍ണമായി മുക്കിക്കളഞ്ഞു. ആ മഴക്കെടുതിയേക്കാളും ഏവരേയും ഞെട്ടിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 5,000 മുതല്‍ 6,500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളേയും വെള്ളപ്പൊക്കം ബാധിച്ചു എന്നതാണ്. അന്ന് മൂന്നാറിലുണ്ടായിരുന്ന വൈദ്യുതിയും റോപ്പ് വേയും മോണോ റെയില്‍ തീവണ്ടിയും റെയ്ല്‍ പാതയുമടക്കം പേമാരിയില്‍ ഒലിച്ചുപോയി. ഇന്നത്തെ എറണാകുളം, ആലപ്പുഴ ജില്ലകള്‍ ഏറിയ ഭാഗവും 99 ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി.

തെക്കന്‍ തിരുവിതാംകൂറിന്റേയും വടക്കന്‍ മലബാറിന്റേയും താഴ്ന്ന പ്രദേശങ്ങളില്‍ ഇരുപതടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി എന്നാണ് ചരിത്ര രേഖകള്‍. എത്ര പേര്‍ മരിച്ചു എന്നതിന് കണക്കില്ല. വെള്ളം പൊങ്ങിയ പല നാടുകളില്‍ നിന്നും ജനം ഉയര്‍ന്ന മേഖലകളിലേക്ക് പലായനം ചെയ്തു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. തപാല്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു.

വെള്ളത്തോടൊപ്പം പട്ടിണിയും രോഗങ്ങളും ജനങ്ങളെ വലച്ചു. മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു എന്ന് അന്നത്തെ പത്ര വാര്‍ത്തകളില്‍ കാണാം. ഒരു വാര്‍ത്ത ഇങ്ങനെ: ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങള്‍ ഭയവിഹ്വലരായിത്തീര്‍ന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളത്ത് ആറില്‍കൂടി അനവധി ശവങ്ങള്‍, പുരകള്‍, മൃഗങ്ങള്‍ മുതലായവയും ഒഴികിപ്പോയ്‌ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളില്‍ അത്യധികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കാണുന്നു. ചാരുപ്പാടം എന്ന പുഞ്ചയില്‍ അനവധി മൃതശരീരങ്ങള്‍ പൊങ്ങി. പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാല്‍ അനേകം പോത്തുവണ്ടികള്‍ക്കും വണ്ടിക്കാര്‍ക്കും അപകടം പറ്റി. അങ്ങനെ നീളുന്നു വാര്‍ത്ത.

അതിനു ശേഷം കേരളത്തെ പിടിച്ചുലച്ച പല വെള്ളപ്പൊക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തിയ ആ മഹാപ്രളയം തന്നെയാണ് ആധുനിക കാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്നു പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 2018ലെ കാലവര്‍ഷവും മഹാ പ്രളയമായി മാറിയെങ്കിലും മഴക്കണക്കില്‍ ആ കാലഘട്ടത്തിന് 13ാം സ്ഥാനം മാത്രമാണ്. 2,516 മില്ലീ മീറ്റര്‍ മഴയാണ് അന്ന് ലഭിച്ചത്. അതേസമയം, പ്രളയഭീതിയൊന്നും നിലവിലില്ലെങ്കിലും സംസ്ഥാനത്ത് ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വിദഗ്ധരും പ്രധാന ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത്.

 

 

Latest News