ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടുമുതലേ കേട്ടുശീലിച്ചവരാണ് നമ്മള്. ചിരി മനസ്സിനെയും ശരീരത്തെയും എത്രത്തോളം ഊര്ജമുള്ളതാക്കിവെക്കുമെന്നതിന് ശാസ്ത്രീയതെളിവുകളും പുറത്തുവന്നിട്ടുണ്ട്. ലോകത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ മുമ്പില്‍ നില്ക്കുന്ന ജപ്പാനിലെ യമഗത എന്ന പ്രവിശ്യ എന്തായാലും ചിരിവിഷയം കാര്യമായിത്തന്നെ എടുത്തിരിക്കുകയാണിപ്പോള്‍. സ്വന്തം ആരോഗ്യത്തെയോര്‍ത്ത് ദിവസം ഒരുതവണയെങ്കിലും ജനങ്ങള്‍ പൊട്ടിച്ചിരിക്കണമെന്ന് നിര്‍ദേശിക്കുന്ന ബില്‍ പാസാക്കിയിരിക്കുകയാണ് ഈ പ്രവിശ്യ.
പ്രാദേശിക സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ ചിരി ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ശാസ്ത്രീയ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടം.
പഠനം നടത്തിയ യമഗത യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള സംഘം ചിരിക്ക് ഒരു കൂട്ടം ഗുണങ്ങളുണ്ടെന്നന്നതിന് ശക്തമായ തെളിവുകള്‍ നിരത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
പുതിയ ചട്ടം അനുസരിച്ച്, പൗരന്മാര് ദിവസത്തില്‍ ഒരിക്കലെങ്കിലും ചിരിക്കേണ്ടതുണ്ട്. യമഗത പൗരന്മാര് ചിരിയുടെ പ്രയോജനകരമായ ആരോഗ്യഗുണങ്ങളെപ്പറ്റി മനസ്സിലാക്കണമെന്നും ദിവസത്തില്‍ ഒരിക്കല്‍ ചിരിക്കുന്നതുപോലുള്ള മാര്‍ഗങ്ങളിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തണമെന്നും ചിരി നിയമം പറയുന്നു.
ജോലിസ്ഥലങ്ങളില്‍ ചിരി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. എല്ലാ മാസവും എട്ടാം തീയതി ചിരി പ്രോത്സാഹിപ്പിക്കാനുള്ള ചിരി ദിനമായി ആഘോഷിക്കാനും തീരുമാനിച്ചു.