ഡോണ്‍ബാസ് മേഖലയുടെ വടക്ക് ഭാഗത്ത്, ഉപരോധിക്കപ്പെട്ട കുന്നിന്‍ മുകളിലെ കാര്‍ഷിക പട്ടണമായ ലിസിചാന്‍സ്‌ക് നിരവധി തന്ത്രപ്രധാന നഗരങ്ങളില്‍ ഒന്നാണ്. കാടുകള്‍ക്കും ഉരുള്‍പൊട്ടുന്ന കുന്നുകള്‍ക്കും ഭീമാകാരമായ കല്‍ക്കരി ഖനികള്‍ക്കും ഇടയിലാണ് ഈ നഗരം. ഇപ്പോള്‍ റഷ്യ ലക്ഷ്യമിടുന്നത്, ഡോണ്‍ബാസിന്റെ ഈ ബാക്കി ഭാഗങ്ങള്‍ പിടിച്ചെടുക്കാനാണ്.
റോക്കറ്റുകളും പീരങ്കി ഷെല്ലുകളും തലങ്ങും വിലങ്ങും പായുകയാണ് ഈ നഗരത്തില്‍. ‘എല്ലാ ദിവസവും ഇവിടെ രക്തം മാത്രമാണ് കാണാനുള്ളത്’. പ്രദേശത്തെ സൈന്യത്തിന്റെ മെഡിക്കല്‍ ടീമുകളുടെ തലവനായ മേജര്‍ ക്രാവ്‌ചെങ്കോ പറഞ്ഞു. കുന്നിന്‍ മുകളില്‍, ഒരു പഴയ കെട്ടിടത്തിലാണ് മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുന്നത്. സോവിയറ്റ് കാലഘട്ടത്തിലെ ആശുപത്രിയായിരുന്നു അത്. അവിടെ ആംബുലന്‍സുകള്‍ കാത്തു കിടക്കുന്നു. ഗുരുതര പരിക്കുള്ളവരെ കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. ആശുപത്രിയില്‍ വെള്ളം പോലുമില്ലെങ്കിലും ശസ്ത്രക്രിയകള്‍ തുടരുകയാണ്.
‘പോരാട്ടം ഇപ്പോള്‍ വളരെ തീവ്രവും അപകടകരവുമാണ്. യുദ്ധമേഖലകളില്‍ പരിക്കേല്‍ക്കുന്നവരെ ഉടനെ ഇവിടെ എത്തിച്ച് ചികിത്സ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സൈനികര്‍ വലിയ രീതിയില്‍ പോരാട്ടം നടത്തുന്നു’. മേജര്‍ ക്രാവ്‌ചെങ്കോ പറഞ്ഞു.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍, ഇരുള്‍ നിറഞ്ഞ ആശുപത്രി വാര്‍ഡുകള്‍, ധാരാളം യുവ സൈനികരാല്‍ നിറഞ്ഞിരുന്നു. പലരും മസ്തിഷ്‌കാഘാതത്താല്‍ തളര്‍ന്ന് കിടക്കകളില്‍ കിടക്കുന്നു.
മിക്ക സാധാരണക്കാരും ഇതിനകം തന്നെ ലിസിചാന്‍സ്‌കും അടുത്തുള്ള പട്ടണമായ സെവെറോഡോനെറ്റ്‌സ്‌കും ഉപേക്ഷിച്ചു. എന്നാല്‍ ചിലര്‍ കുടുംബസമേതം സമീപത്തെ സെല്ലാറുകള്‍ എന്നറിയപ്പെടുന്ന നിലവറകളിലേയ്ക്ക് അവശ്യ സാധനങ്ങളുമായി താമസം മാറുകയാണ്.
‘ഞങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. മറ്റ് സ്ഥലങ്ങളില്‍ ബന്ധുക്കളില്ല. കൂടാതെ, മറ്റെവിടെയെങ്കിലും താമസിക്കാന്‍ പണം വേണം, അങ്ങനെ ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ ഞങ്ങളുടെ പണമെല്ലാം തീരും’. സെല്ലാറിലേയ്ക്ക് താമസം മാറ്റിയ അനസ്താസിയ ലിയോണ്ടിയോവ തന്റെ നാല് വയസ്സുള്ള മകന്റെയും ഒമ്പത് വയസ്സുകാരിയായ മകളുടേയും കൈയില്‍ പിടിച്ചു പറഞ്ഞു.
ഒരു വലിയ ഭരണനിര്‍വഹണ കെട്ടിടത്തിന്റെ നിലവറയില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 17 സാധാരണക്കാര്‍ താമസിച്ചിരുന്നു. വൈദ്യുതി ലഭ്യമായിരുന്നെങ്കിലും അവര്‍ക്ക് അവിടെ വെള്ളം ഇല്ലായിരുന്നു.
‘ഞങ്ങള്‍ക്ക് ഭയമുണ്ട്, ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഞങ്ങള്‍ ഇവിടെ ലിസിചാന്‍സ്‌കില്‍ തന്നെ നില്‍ക്കും, കാരണം ഞങ്ങളുടെ ജീവിതം മുഴുവന്‍ ഇവിടെയായിരുന്നു’. വിരമിച്ച ദമ്പതികളായ ലുബോവ ഗുബിനും ഭര്‍ത്താവ് അലക്‌സിയും, സെല്ലാറിലെ ചെറിയ കിടക്കയിലിരുന്ന് ദുഖഭാരത്തോടെ പറഞ്ഞു.