45-ാമത് അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പ, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിൽ എത്തിക്കഴിഞ്ഞു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പാപ്പ സന്ദർശിക്കും. മതസൗഹാർദത്തിനും സമാധാനത്തിനും സഹവർത്തിത്വത്തിനും മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒന്നാണ് ഈ അപ്പസ്തോലിക സന്ദർശനം. പാപ്പ സന്ദർശിക്കുന്ന ഈ രാജ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ വായിച്ചറിയാം.
1. മൂന്നു ശതമാനം മാത്രം കത്തോലിക്കാ വിശ്വാസികളുള്ള രാജ്യം
270 ദശലക്ഷം പൗരന്മാരുള്ളതിൽ 29 ദശലക്ഷം ക്രിസ്ത്യാനികളും അതിൽത്തന്നെ എട്ടു ദശലക്ഷം, അതായത് ആകെ ജനസംഖ്യയുടെ 3.1 % മാത്രം കത്തോലിക്കരുമാണ് ഇവിടെയുള്ളത്. 87 ശതമാനത്തിലധികം ആളുകളും മുസ്ലീം മതവിശ്വാസികളാണ്. ജക്കാർത്തയിലെ ആർച്ച്ബിഷപ്പ് കർദിനാൾ ഇഗ്‌നേഷ്യസ് സുഹ്‌റായ, പാപ്പയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യത്തെ കത്തോലിക്കർക്ക് അവരുടെ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാൻ ഈ അപ്പസ്തോലിക സന്ദർശനം സഹായിക്കുമെന്ന് ആർച്ച്ബിഷപ്പ് പ്രത്യാശിക്കുന്നു.
2. കത്തോലിക്കാ വിശ്വാസം നിരോധിച്ചിരുന്ന രാജ്യം
ഇന്തോനേഷ്യയിൽ ഏഴാം നൂറ്റാണ്ടിലാണ് ആദ്യമായി കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നത്. എന്നാൽ, 16-ാം നൂറ്റാണ്ടുവരെ രാജ്യത്ത് ക്രൈസ്തവ വിശ്വാസം ആഴത്തിൽ വേരോടിയിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷനറിമാർ ഇവിടെ എത്തിച്ചേരുകയും മിഷൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ 1605-ൽ ഡച്ചുകാർ വരികയും പോർച്ചുഗീസുകാരെ രാജ്യത്തുനിന്ന് പുറത്താക്കുകയും കാൽവിനിസ്റ് പ്രൊട്ടസ്റ്റന്റിസം രാജ്യത്ത് കൊണ്ടുവരികയും ചെയ്തു. ഈ സാഹചര്യത്തിൽ 1806 വരെ ഇന്തോനേഷ്യയിൽ ക്രൈസ്തവമതത്തിന് നിരോധനമേർപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു വർഷത്തിനുശേഷം കത്തോലിക്കാ വിശ്വാസം രാജ്യത്ത് തിരികെയെത്തുകയും 19-ാം നൂറ്റാണ്ടോടുകൂടി ശക്തമാവുകയും ചെയ്തു.
3. പപ്പുവ ന്യൂ ഗിനിയ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയല്ല ഫ്രാൻസിസ് പാപ്പ
പപ്പുവ ന്യൂ ഗിനിയ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയല്ല ഫ്രാൻസിസ് പാപ്പ. 1984 മെയ് മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പപ്പുവ ന്യൂ ഗിനിയ സന്ദർശിച്ചിരുന്നു. ഇവിടുത്തെ ക്രൈസ്തവർ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാനും കൂടുതൽ ദൈവവിളികൾ ലഭിക്കുന്നതിനുമായി അവിടെ അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ പാപ്പ പ്രാർഥിച്ചിരുന്നു. ഈ സന്ദർശനവേളയിൽ അവിടുത്തെ സാധാരണക്കാരെയും യുവജനങ്ങളെയും അത്മായരെയും ബിഷപ്പുമാരെയും എല്ലാം പാപ്പ അഭിസംബോധന ചെയ്തു സംസാരിച്ചു.
4. പപ്പുവ ന്യൂ ഗിനിയയ്ക്ക് സ്വന്തമായ വാഴ്ത്തപ്പെട്ട രക്തസാക്ഷി
രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പനീസ് കോൺസൻട്രേഷൻ ക്യാമ്പിൽ 33-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച പീറ്റർ ട്ടോ റോട് പപ്പുവ ന്യൂ ഗിനിയയിൽ വിശുദ്ധവഴിയിലൂടെ സഞ്ചരിച്ച ആദ്യത്തെ വ്യക്തിയാണ്. ബഹുഭാര്യത്വത്തെ എതിർത്തതുകൊണ്ട് കത്തോലിക്കാ വിശ്വാസത്തെ മുറുകെപ്പിടിച്ച വാഴത്തപ്പെട്ട പീറ്ററായിരുന്നു 2008-ലെ ആഗോള യുവജനസമ്മേളനത്തിന്റെ പ്രത്യേക മധ്യസ്ഥൻ.
5. ഈസ്റ്റ് തിമോറിന്റെ സ്വാതന്ത്ര്യത്തിൽ ക്രൈസ്തവ വിശ്വാസം വഹിച്ച പങ്ക്
16-ാം നൂറ്റാണ്ടുവരെ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന ഈസ്റ്റ് തിമോർ 1975 നവംബർ എട്ടിന് സ്വതന്ത്രമായി. എന്നാൽ അതിനുശേഷം പട്ടാള അധിനിവേശം രാജ്യത്തെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വിലങ്ങുതടിയായി. എന്നാൽ 1989-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ സന്ദർശനത്തോടെ ഈസ്റ്റ് തിമോറിന്റെ കഷ്ടതകളും വിഷമതകളും ലോകശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം 2002-ൽ രാജ്യം സ്വതന്ത്രമായി.
6. സിംഗപ്പൂരിലെ കത്തോലിക്കാ മതപീഡനം
രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് അധിനിവേശകാലത്ത് (1942-1945) പ്രാദേശികസഭ ഭയാനകമായ പീഡനങ്ങൾ അനുഭവിച്ചു. 1950-ൽ സിംഗപ്പൂരിൽ കത്തോലിക്കാ സമൂഹം പുനഃസ്ഥാപിക്കുകയും വിദ്യാഭ്യാസ – ആരോഗ്യ – സാമൂഹികമേഖലകളിൽ സഭ അതിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.
7. സിംഗപ്പൂരിലെ മതേതരത്വം
സിംഗപ്പൂർ ഒരു മതേതര, ബഹു-വംശീയ, ബഹുസ്വര രാഷ്ട്രമാണ്. ഈ മേഖലയിലെ മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി സിംഗപ്പൂർ ഒരു മതേതര രാഷ്ട്രമാണ്. മതപരമായ പ്രവർത്തനങ്ങൾ പൊതുക്രമത്തെയോ, ധാർമ്മികതയെയോ മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തെയോ ലംഘിക്കാത്തിടത്തോളം കാലം – മതവിശ്വാസങ്ങൾ ഏറ്റുപറയുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും – ഭരണഘടന പൂർണ്ണമായ മതസ്വാതന്ത്ര്യം ഇവിടെ ഉറപ്പുനൽകുന്നു.
രാജ്യത്തെ 5.6 ദശലക്ഷം ജനങ്ങളിൽ 43% ബുദ്ധമത വിശ്വാസികളാണ്. ഒരു പ്രധാന ക്രിസ്ത്യൻ (ഏകദേശം 20%), മുസ്ലീം (ഏകദേശം 14%) സാന്നിധ്യവും ഒരു ചെറിയ ഹിന്ദുസമൂഹവും ഇവിടെയുണ്ട്. ഈ ബഹുസ്വരത, ഭരണകൂടവും മതങ്ങളും തമ്മിലുള്ള ബന്ധത്തെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
സുനിഷ വി. എഫ്.