Tuesday, November 26, 2024

അമിതചിന്തകൾ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടോ?

ഒരു കാര്യത്തെക്കുറിച്ച് അനാവശ്യമായി ചിന്തിച്ച് ഒരുപാട് സമയം കളയുന്നവരാണോ നിങ്ങൾ? നാളെ നടക്കാൻ പോകുന്ന പരീക്ഷയെ ഓർത്ത് ടെൻഷനടിച്ചുകൊണ്ട് പഠിക്കാൻവരെ സാധിക്കാതെ തോറ്റുപോകുന്ന ആളുകളെ നിങ്ങൾക്കറിയാമായിരിക്കും. ഒരുപക്ഷേ, അത് നിങ്ങൾതന്നെ ആയിരിക്കും. അല്ലെങ്കിൽ ജീവിതത്തിൽ സംഭവിച്ച ഏതെങ്കിലും മോശം കാര്യങ്ങളെ മനസ്സിൽനിന്നും കളയാതെ വീണ്ടുംവീണ്ടും അത് മനസ്സിലേക്കു കൊണ്ടുവന്ന് വിഷമിക്കുന്നവരുമുണ്ടാകാം. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാകാം ഇവയൊക്കെയും. എന്നാൽ ഇക്കൂട്ടർ അതോർത്ത് വളരെക്കാലം വേവലാതിപ്പെടുന്നു; അത് അവരുടെ എല്ലാ ഏകാഗ്രതയും നഷ്ടപ്പെടുത്തുന്നു.

അമിതമായി ചിന്തിക്കുന്നവർ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ ശ്രദ്ധിക്കാറില്ല എന്നുള്ളത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. ചിലപ്പോൾ, ഈ അമിതചിന്ത അവരുടെ ആശങ്കകൾ ഇരട്ടിയാക്കുന്നു. തങ്ങളുടെ പോരായ്മകൾ, തെറ്റുകൾ, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നത് ഓരോരുത്തരുടെയും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കും.

അമിതമായി ചിന്തിക്കുന്നത് ഗുരുതരമായ വൈകാരിക അസ്വസ്ഥതകളിലേക്കു നയിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. അത്തരം ദുരിതങ്ങളിൽനിന്നു രക്ഷപെടാൻ പലരും മദ്യമോ, ഭക്ഷണമോ പോലുള്ള അനാരോഗ്യകരമായ കാര്യങ്ങളിലേക്കു തിരിയാറുണ്ട്.

അമിതചിന്തകൾക്ക് കടിഞ്ഞാണിടാനുള്ള വഴികൾ 

1. അമിതമായി ചിന്തിക്കുന്നു എന്ന നിമിഷം തിരിച്ചറിയുക

അമിതമായി ചിന്തിക്കുന്നത് നിർത്താനുള്ള ആദ്യപടിയാണ് അവബോധം. നിങ്ങൾ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്ന രീതിയിൽ ശ്രദ്ധിക്കാൻ തുടങ്ങുക. ഒരു പ്രത്യേക വിഷയത്തിൽ നിങ്ങളുടെ മനസ്സിൽ പലതവണ സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ, അത് തികച്ചും ഉപയോഗശൂന്യമായ കാര്യമാണെന്ന് മനസ്സിലാക്കുക.

2. നിങ്ങളുടെ ചിന്തകളെ വെല്ലുവിളിക്കുക

നമ്മുടെ മനസ്സിൽ അനാവശ്യമായ ചിന്തകൾ കടന്നുകയറാൻ വളരെ എളുപ്പമാണ്. ചിന്തകളിലെ കുഴപ്പങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും അതിലെ പിശകുകൾ തിരിച്ചറിയാനും അത് മാറ്റിയെടുക്കാനും പഠിക്കുക.

3. സജീവമായ പ്രശ്നപരിഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങൾ ഒരു കുഴപ്പത്തിലായിരിക്കുമ്പോൾ പരിഹാരം തേടുന്നത് വളരെ നല്ലതാണ്. എന്നാൽ നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു അമിതമായി ചിന്തിക്കുന്നത് പ്രശ്നപരിഹാരത്തിന് ഒരിക്കലും സഹായകരമാകില്ല. ഭാവിയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സ്വീകരിക്കാവുന്ന നടപടികൾ സ്വയം കണ്ടെത്തുക. ‘എനിക്കെന്താണ് പറ്റിയത്’ എന്ന് ചോദിക്കുന്നതിനുപകരം, അതിനെ മറികടക്കാൻ ‘എനിക്ക് എന്തുചെയ്യാനാകുമെന്ന്’ ചിന്തിക്കാം.

4. ദിവസത്തെ ഷെഡ്യൂൾ ചെയ്യുക

ഓരോ ദിവസവും വിവിധ തരത്തിലുള്ള പ്രശ്നങ്ങളെയാണ് നാം അഭിമുഖീകരിക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിന ഷെഡ്യൂളിനെക്കുറിച്ചു ചിന്തിക്കാൻ അധികസമയം എടുത്തേക്കാം. ആ സമയത്ത്, നിങ്ങൾക്ക് ആകുലപ്പെടുകയോ അമിതമായി ചിന്തിക്കുകയോ ചെയ്യാവുന്നതാണ്. തുടർന്ന്, നിങ്ങളുടെ സമയം കഴിയുമ്പോൾ, കൂടുതൽ ക്രിയാത്മകമായ കാര്യങ്ങളിലേക്കു നീങ്ങുക. ചിലപ്പോഴൊക്കെ അമിതമായി ചിന്തിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, അതിനെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നു നിങ്ങളുടെ മനസ്സിനോടു പറയുക.

Latest News