മഞ്ഞുവിരിച്ചു നിൽക്കുന്ന അന്റാർട്ടിക്ക അതിവേഗം പച്ചപ്പാർന്ന ഒരു ഭൂഖണ്ഡമായി മാറിക്കൊണ്ടിരിക്കുകയാണ്. 1986 മുതൽ 2021 വരെ ഇവിടെ സസ്യങ്ങളുടെ ആവരണം പതിന്മടങ്ങ് വർധിച്ചതായി കാണപ്പെടുന്നു. ഇവിടം നാളുകളായി മഞ്ഞുരുകി മറ്റ് ആവരണങ്ങളില്ലാതെ കിടക്കുകയും പിന്നീട് സസ്യജാലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് വൻതോതിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തിര പ്രത്യാഘാതങ്ങൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്ന് ദശകങ്ങളെ അപേക്ഷിച്ച് സമീപവർഷങ്ങളിൽ ഈ മാറ്റത്തിന്റെ നിരക്ക് 30 ശതമാനത്തിലധികം കൂടിയതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 1986-നും 2021-നുമിടയിൽ, അന്റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങളുടെ അമ്പരപ്പിക്കുന്ന വർധനവ് ഗവേഷകർ നിരീക്ഷിച്ചു. ഒരു ചതുരശ്ര കിലോമീറ്ററിൽനിന്ന് ഏകദേശം 12 ചതുരശ്ര കിലോമീറ്റർ വർധനവാണുള്ളത്. ലോകത്തിന്റെ അവസാന അതിർത്തികളിലൊന്നിലെ ഈ പത്തിരട്ടി വർധനവ് കാണിക്കുന്നത്, വരാൻപോകുന്ന വലിയ കാലാവസ്ഥാ വ്യതിയാനത്തെയാണ്.
ഉപഗ്രഹങ്ങൾ വഴിയാണ് യു. കെ. എക്‌സെറ്റർ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധർ ഉൾപ്പെടെയുള്ള ഗവേഷണസംഘം താപനില കൂടിവരുന്ന അന്റാർട്ടിക്കയുടെ ‘പച്ചനിറം’ കണ്ടെത്തിയത്.
“സസ്യങ്ങളുടെ ആവരണത്തിലെ (2016-2021) ഈ സമീപകാല വർധനവ്, അതേ കാലയളവിൽ അന്റാർട്ടിക്കയിലെ കടൽ-ഹിമവിസ്തൃതിയിൽ പ്രകടമായ കുറവുമായി പൊരുത്തപ്പെടുന്നു” – നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ എഴുതി.