ഏറെ സ്വപ്നം കണ്ടാണ് കിഴക്കൻ ഉക്രെയ്നിലെ ചെറിയ ഖനന നഗരമായ വുഹ്ലെഡാറിൽ മറീന പെരെഡേരി തങ്ങളുടെ ഭവനം സ്വന്തമാക്കിയത്. മറീനയും ഭർത്താവും അത് വാങ്ങുമ്പോൾ 17 സഡോവയ സ്ട്രീറ്റ് ഒരു ഷെല്ലിനെക്കാൾ അല്പം കൂടുതലായിരുന്നു. എന്നാൽ, പരിമിതികൾക്കും പരിധികൾക്കുമിടയിൽ നിന്നുകൊണ്ട് അവർ ആ ഭവനത്തെ ഒരു ചെറിയ സ്വർഗമാക്കി. സ്നേഹത്തിന്റെയും ക്ഷേമത്തിന്റെയും പ്രതീകങ്ങളായ ചെറിയ പൂക്കളും പ്രാവുകളും അവരുടെ കിടപ്പുമുറിയിൽ വരച്ച് അവർ സ്നേഹപൂർവം ആ വീട് നവീകരിച്ചു. അവർ പൂന്തോട്ടത്തിൽ ഒരു നീന്തൽക്കുളവും അടിത്തട്ടിൽ ഒരു കിണറും ക്രമീകരിച്ചു.
“ആ വീടിന്റെ നവീകരണവും അലങ്കാരവുമെല്ലാം വളരെ ആവേശത്തോടെയായിരുന്നു ഞങ്ങൾ നടത്തിയിരുന്നത്. എന്നാൽ, ആ സമാധാവും സന്തോഷവും അധികനാൾ നീണ്ടുനിന്നില്ല” – മറീന ബി. ബി. സി. യോടു പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചു. മറീനയുടെ ഭർത്താവ് യുദ്ധത്തിനുപോയപ്പോൾ അവർ അവരുടെ കുട്ടികളെ എടുത്ത് അവിടെനിന്നും പോയി. പോകുന്നതിനുമുമ്പ്, തങ്ങളുടെ വീടിന്റെ അവസാനത്തെ കാഴ്ചയായിരിക്കാം ഇതെന്നു കരുതി ആ വീടിന്റെ ദൃശ്യങ്ങളെല്ലാം അവർ വീഡിയോ ആക്കി സൂക്ഷിച്ചു.
“ഇത് എന്റെ പ്രിയപ്പെട്ട ഭവനം. ഇത് ഇവിടെ നിലനിൽക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഞങ്ങൾ ഇതിലേക്ക് തിരികെ വരുമോ, അതോ നിലനിൽക്കാൻ കഴിയാത്ത വിധം ആയിത്തീരുമോ എന്നും അറിയില്ല” – അന്ന് അവൾ ആ ദൃശ്യങ്ങളിൽ പറഞ്ഞു.
എന്നാൽ, ഒരു വർഷത്തിനുശേഷം അവൾ തന്റെ വീട് വീണ്ടും കണ്ടു. 2023 ഫെബ്രുവരിയിലായിരുന്നു അത്; അതും ഒരു റഷ്യൻ സൈനികന്റെ കണ്ണിലൂടെ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബോഡിക്യാം ഫൂട്ടേജുകളിലാണ് ആ വീട് പതിഞ്ഞതും ആളുകളിലേക്ക് എത്തിയതും. ഫിമ എന്ന് പേരുള്ള ഒരു നാവികൻ അവളുടെ സ്വീകരണമുറിയിൽ മറീനയുടെയും അവളുടെ കുടുംബത്തിന്റെയും ചിത്രങ്ങൾ നോക്കി ‘മനോഹരം’ എന്നു പറയുന്ന ദൃശ്യങ്ങൾ അതിൽ ഉണ്ടായിരുന്നു. അന്നാദ്യമായി ആ ചിത്രങ്ങൾ കൂടെ കൊണ്ടുപോന്നിരുന്നെങ്കിലെന്ന് അവൾ ചിന്തിച്ചു.
2023 ജനുവരി അവസാനത്തോടെ ഫിമ സഡോവയ സ്ട്രീറ്റിൽ കനത്ത പോരാട്ടത്തിൽ ഏർപ്പെടുകയും അയാളും മറ്റു ചിലരും മറീനയുടെ വീട്ടിൽ പ്രവേശിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ, മുറിവേറ്റ് വൈദ്യസഹായം ആവശ്യമായ ഒരു ഉക്രേനിയൻ സൈനികനെ ബേസ്മെന്റിൽ തടവിലാക്കിയിരുന്നത് അവർ കാണിച്ചിരുന്നില്ല. എന്നാൽ, പിന്നീടുവന്ന ദൃശ്യങ്ങളിൽ മറീനയുടെ കാർപെറ്റിൽ പൊതിഞ്ഞ നിലയിൽ ഒരു സൈനികനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പേര് ഒലെക്സി എന്നായിരുന്നു. യുദ്ധത്തിനുമുമ്പ് ഒലെക്സി ഒരു ഐ. ടി. സ്പെഷ്യലിസ്റ്റായിരുന്നു. റഷ്യ തന്റെ രാജ്യം ആക്രമിച്ചപ്പോൾ അദ്ദേഹം യുദ്ധത്തിനു സന്നദ്ധനാകുകയും പിന്നീട് വുഹ്ലെദാറിൽ ഒരു ഡ്രോൺ ഓപ്പറേറ്ററായി മാറുകയും ചെയ്തു. 2023 ജനുവരി അവസാനത്തോടെ റഷ്യക്കാർ ഉക്രേനിയൻ അതിർത്തി ലംഘിച്ചപ്പോൾ ഇയാൾ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും കാലിന് പരിക്കേറ്റതിനാൽ റഷ്യൻ സൈനികരുടെ പിടിയിലകപ്പെടുകയുമായിരുന്നു. ഒലെക്സിയെയും റഷ്യക്കാർ തടവിൽ പാർപ്പിക്കുന്നതിനായി ഈ വീട്ടിൽ കൊണ്ടുവന്നിരുന്നു.
ഏകദേശം ഒരുമാസത്തോളം അദ്ദേഹത്തെ റഷ്യക്കാർ മറീനയുടെ വീട്ടിൽ തടവിലാക്കി. വുഹ്ലെദാറിനായുള്ള യുദ്ധത്തിൽ റഷ്യൻ സൈനികർ പിൻവാങ്ങുകയും അവർ ഒലെക്സിയെ ഉപേക്ഷിക്കുകയും ചെയ്ത ഒരു ഘട്ടമുണ്ടായിരുന്നു. മൊത്തത്തിൽ അദ്ദേഹം 46 ദിവസം മറീനയുടെ വീട്ടിൽ ചെലവഴിച്ചു. ആ സമയത്ത് ഒലെക്സിക്ക് ഭക്ഷണമോ, വെള്ളമോ ഇല്ലായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെയും മുറിവ് മാരകമാവുകയും ചെയ്ത അവസരത്തിലാണ് ഉക്രേനിയൻ സൈന്യം വുഹ്ലെദാറിന്റെ ചില ഭാഗങ്ങൾ തിരിച്ചുപിടിച്ച് സഡോവയ സ്ട്രീറ്റിൽ എത്തിയത്. ഈ സമയംതന്നെ ഫിമയുടെ ദൃശ്യം ഉക്രേനിയൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ അവിടെയെത്തി ഒലെക്സിയെ രക്ഷപെടുത്തുകയും ചെയ്തു.
പിന്നീട് ഫിമയെ അനേഷിച്ച് ബി. ബി. സി. എത്തിയിരുന്നു. റഷ്യയിലെ ഫാർ ഈസ്റ്റിൽ ജനിച്ച 28-കാരനായ ആൻഡ്രേ എഫിംകിൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. അദ്ദേഹത്തോട് ആ വീടിനെക്കുറിച്ച് അവർ ആരാഞ്ഞു. ആ വീട്ടിലായിരുന്നപ്പോൾ താൻ അവിടെ മുൻപ് താമസിച്ചിരുന്നവരെക്കുറിച്ച് ചിന്തിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
മറീന ഇപ്പോൾ ജർമ്മനിയിലാണ്. കാലം കഴിയുന്തോറും, അവൾ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനും ഒരു പുതിയ ഭാഷ പഠിക്കാനും അവിടെയും ഇവിടെയും കുറച്ച് ജോലികൾ കണ്ടെത്താനും ശ്രമിക്കുന്നു. എങ്കിൽത്തന്നെയും വുഹ്ലെദാറിലെ നഷ്ടപ്പെട്ട ആ വീടിനെക്കുറിച്ചുള്ള ഓർമകൾ അവളെ വേദനിപ്പിക്കുന്നു. “എനിക്ക് ഇപ്പോഴും സ്വപ്നങ്ങളിൽ എന്റെ വീട് കാണാൻ കഴിയും. അത് എല്ലായ്പ്പോഴും എന്റെ ഉള്ളിലുണ്ട്. ഉക്രെയ്ൻ വിജയിക്കുമെന്നും എല്ലാം ശരിയാകുമെന്നും ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഞങ്ങൾ തിരിച്ചുവരും” – അവർ പറയുന്നു.
എന്നാൽ, ആ പ്രതീക്ഷകളെയൊക്കെ തകിടംമറിക്കുന്നതാണ് യാഥാർഥ്യം. സഡോവയ സ്ട്രീറ്റിൽ അവളുടെ പ്രിയപ്പെട്ട വീട്ടിൽ മിക്കവാറും ഒന്നും അവശേഷിക്കുന്നില്ല. ഡ്രോൺ ഫൂട്ടേജുകളിൽ ചാരനിറത്തിൽ നിലനിൽക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ അവളുടെ വീടുമുണ്ട്.