ആറ് തവണ ഒളിമ്പിക് സൈക്ലിംഗ് ചാമ്പ്യനായ സർ ക്രിസ് ഹോയ് സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ജീവിക്കാൻ രണ്ട് മുതൽ നാല് വർഷം വരെ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി വെളിപ്പെടുത്തിയപ്പോൾ ലോകം ആശ്ചര്യപ്പെട്ടു. കാൻസർ രോഗം സ്ഥിരീകരിച്ച ഒരാളിൽ നിന്നുള്ള ഏറ്റവും പോസിറ്റീവ് ആയ ഒരു സന്ദേശം ആയാണ് ഈ വെളിപ്പെടുത്തലിനെ ലോകം കണ്ടത്.
തന്റെ രോഗവിവരം സർ ക്രിസ് ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം കായികതാരങ്ങളും രാഷ്ട്രീയക്കാരും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് പ്രാർഥനകൾ നേർന്നുകൊണ്ടെത്തിയത്. സ്കോട്ട്ലൻഡിന്റെ പ്രധാനമന്ത്രി ലോകം ഈ നാൽപ്പത്തെട്ടുകാരന്റെ പിന്നിലുണ്ടെന്ന് പറഞ്ഞപ്പോൾ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതിസന്ധികൾക്കിടയിലും ഹോയ് പ്രകടിപ്പിക്കുന്ന ധൈര്യം വിസ്മയകരമാണെന്നു വെളിപ്പെടുത്തി.
പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചിരുന്നു അദ്ദേഹത്തിന് രോഗം ഇപ്പോൾ എല്ലുകളിലേയ്ക്കും വ്യാപിച്ച അവസ്ഥയിലാണ്. കാൻസർ അതിന്റെ നാലാം സ്റ്റേജിൽ നിൽക്കുമ്പോഴും പ്രതീക്ഷയോടെ ഹോയ് പോരാടുകയാണ്. തനിക്ക് കാൻസർ ബാധിച്ചിരുന്നതായി ഇതിഹാസ അത്‌ലറ്റ് ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും കാൻസറിന്റെ തരം അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നില്ല.
തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയ അഭിമുഖം പുറത്തുവരുമ്പോൾ ലോക ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് കവർ ചെയ്യുന്ന ബിബിസി സ്പോർട്ട് ടീമിനൊപ്പം കോപ്പൻഹേഗനിൽ ആയിരുന്നു അദ്ദേഹം. ചാമ്പ്യൻഷിപ്പുകൾ കവർ ചെയ്യുന്ന ബിബിസി സംഘത്തിൽ ഹോയ്‌യും നാളുകളായി പ്രവർത്തിച്ചു വരികയായിരുന്നു.
“ഈ വാരാന്ത്യത്തിൽ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ലേഖനങ്ങൾ നിങ്ങൾ വാർത്തകളിൽ കണ്ടേക്കാം, അതിനാൽ ഞാൻ ആരോഗ്യവാനും ശക്തനും പോസിറ്റീവും ആണെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബത്തിനും എനിക്കും നൽകിയ എല്ലാ സ്നേഹവും പിന്തുണയും എന്നെ ആകർഷിച്ചു”, അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി.