“അവർ എന്റെ വാഹനങ്ങളും മോട്ടോർ സൈക്കിളും എല്ലാം കൊണ്ടുപോയി. എന്നെ ഉപദ്രവിക്കുന്നതുകണ്ട് തടയാനെത്തിയ ഭാര്യയെ മർദിച്ചു. എല്ലാം കൊണ്ടുപോയതിനുശേഷം അവർ മടങ്ങിവന്ന്, ഞങ്ങൾക്ക് നിന്റെ മകളെ വേണമെന്നും മകളെ കൊടുത്തില്ലെങ്കിൽ എന്നെ കൊല്ലുമെന്നും പറഞ്ഞു. ആ രാത്രിതന്നെ മകളുമായി അവിടെനിന്നും ഞാൻ രക്ഷപെട്ടു” – സുഡാനിലെ സെൻട്രൽ ഗെസിറ സംസ്ഥാനത്ത് അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നടത്തിയ ക്രൂരതകൾ വേദനയോടെ വിവരിക്കുകയാണ് ഒരു അപ്പൻ. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. അന്നാട്ടിൽ പല മാതാപിതാക്കളിടെയും കണ്ണുനീർ ഇനിയും തോർന്നിട്ടില്ല.
നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നാൽപതോളം സ്ത്രീകളും പെൺകുട്ടികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് അംഗങ്ങൾ നടത്തിയ ക്രൂരമായ ബലാൽസംഗത്തിനും പീഡനത്തിനും ഇരകളായതുമായുള്ള കണക്കുകളാണ് പുറത്തുവരുന്നത്. ബലാൽസംഗം ചെയ്തതിനെത്തുടർന്ന് നിരവധി സ്ത്രീകൾ ജീവനൊടുക്കിയതായി മനുഷ്യാവകാശസംഘടനകളും പ്രവർത്തകരും പറഞ്ഞു; ഒപ്പം ആർ. എസ്. എഫിന്റെ ക്രൂരതകൾമൂലം തങ്ങളും ലൈംഗികപീഡനത്തിന് ഇരകളായേക്കാമെന്ന ഭീതിയിൽ മറ്റു ധാരാളം യുവതികളും ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയതായി മനുഷ്യവകാശ സംഘടനകൾ പറയുന്നു.
“എന്റെ സഹോദരി എവിടെയാണെന്ന് എനിക്കറിയില്ല. ആർ. എസ്. എഫിന്റെ ക്രൂരതകൾ ഭയന്ന് ഒരു രാത്രി ഞങ്ങൾ രക്ഷപെടുകയായിരുന്നു. ആ രക്ഷപെടലിനിടയിലാണ് എന്റെ സഹോദരിയെ കാണാതാകുന്നത്. അവൾക്ക് എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല. ഞങ്ങളുടെ ബന്ധുവായ ഒരു യുവതിയെയും കാണാനുണ്ട്” – കണ്ണീരോടെ ഒരു യുവാവ് വെളിപ്പെടുത്തുകയാണ്. അവരുടെ പ്രിയപ്പെട്ടവർക്ക് എന്ത് സംഭവിച്ചു എന്ന ചിന്ത അവരെ തളർത്തുന്നു.
2023 ഏപ്രിലിൽ സംഘർഷം ആരംഭിച്ചതിനുശേഷമാണ് സൈന്യവും ആർ. എസ്. എഫും തമ്മിൽ അധികാരത്തിനായുള്ള ക്രൂരമായ പോരാട്ടം ആരംഭിക്കുന്നത്. ഈ പോരാട്ടം പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയും 11 ദശലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കുകയും ചെയ്തു. യു. എൻ. റിപ്പോർട്ടനുസരിച്ച്, സംഘർഷം തുടങ്ങിയതിനുശേഷം 14 മില്യൺ ജനങ്ങളാണ് പലായനം ചെയ്യാൻ നിർബന്ധിതരായത്.
“ജനങ്ങൾ വിശന്നും പട്ടിണികിടന്നും മരിക്കുകയാണ്. ഞങ്ങൾ രക്ഷപെട്ടോടുമ്പോൾ വഴിയരികുകളിൽ മൃതദേഹങ്ങൾ കിടന്നിരുന്നു. സ്ത്രീകൾ വഴിയിൽ മരിച്ചുകിടന്നിരുന്നു. അവർ എവിടെ നിന്നുള്ളവരാണെന്നു തിരിച്ചറിയാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. എവിടെ നിന്നൊക്കെയോ പലായനം ചെയ്തെത്തിയവരാണ്. സംഘർഷം മൂലം എല്ലാവരും വലയുകയാണ്. ഞങ്ങൾ ഓടി മടുത്തിരിക്കുന്നു” – സുഡാനിലെ ഒരു ചെറുപ്പക്കാരൻ പറയുമ്പോൾ ആ വാക്കുകളിൽ ആ രാജ്യം കടന്നുപോകുന്ന അവസ്ഥ വെളിപ്പെടുന്നു.
യു. എൻ. വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി സിണ്ടി മക്കെയ്ൻ ഈ ആഴ്ച പോർട്ട് സുഡാനിലെ സഹായകേന്ദ്രം സന്ദർശിച്ചിരുന്നു. വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ രാജ്യം ലോകത്തിലെ ഏറ്റവും വലിയ മാനുഷികപ്രതിസന്ധി കാണുമെന്നു പറഞ്ഞതായി ബി. ബി. സി. റിപ്പോർട്ട് ചെയ്തു.