Saturday, February 1, 2025

ചരിത്രത്തിൽ ഈ ദിനം: നവംബർ 03

ചരിത്രം ഈ ദിനത്തോടു ചേർന്നുനിൽക്കുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ കടന്നുപോകാം.

ആധുനിക ജർമനിയിൽ സ്ഥിതിചെയ്യുന്ന റെയ്‌ചെനൗവിലെ ബെനഡിക്റ്റൈൻ ആശ്രമത്തിന്റെ ആദ്യ മഠാധിപതിയായ വി. പിർമിനൂസിന്റെ മരണം 753 നവംബർ മൂന്നിനായിരുന്നു. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം പ്രാർഥന ഉൾക്കൊള്ളുന്ന ‘സ്‌കാരാപ്‌സസ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. വിശ്വാസപ്രമാണത്തിന് ഇപ്പോഴുള്ള ഘടനയുടെ ആദ്യരൂപം നൽകിയത് ഈ വിശുദ്ധനാണ്.

1957 നവംബർ മൂന്നിനായിരുന്നു ഒരു ജീവി ആദ്യമായി ഭൂമിക്കുചുറ്റും ഭ്രമണം ചെയ്തത്. സോവിയറ്റ് യൂണിയന്റെ സ്പുട്നിക് 2 എന്ന ബഹിരാകാശപേടകത്തിൽ ലെയ്ക്ക എന്ന തെരുവുനായയാണ് ആദ്യമായി ഭൂമിയെ വലംവച്ചത്. ബഹിരാകാശയാത്രയിൽ നേരിടേണ്ടിവരുന്ന വിശപ്പ്, തണുപ്പ് തുടങ്ങിയ അവസ്ഥകളെ അതിജീവിക്കാൻ തെരുവിൽ ജീവിക്കുന്ന നായയാകും നല്ലത് എന്ന ചിന്തയിലാണ് മോസ്കോയുടെ തെരുവിൽനിന്നും കണ്ടെടുത്ത ലെയ്ക്ക എന്ന നായയെ ഈ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശീലനങ്ങൾക്കുശേഷമാണ് ലെയ്ക്കയെ ബഹിരാകാശയാത്രയ്ക്കായി സജ്ജമാക്കിയത്. ജീവൻ നിലനിർത്താനും വായു ശുദ്ധീകരിക്കാനും ചൂട് നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളും ഏഴു ദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും പേടകത്തിൽ കരുതിയിരുന്നെങ്കിലും ഭൂമിയിൽ തിരിച്ചിറങ്ങുന്നതിനുമുമ്പ് ബഹിരാകാശത്തുവച്ചുതന്നെ ലെയ്ക്ക മരണപ്പെട്ടു.

ഡൊമിനിക്കൻ റിപ്പബ്ലിക് സ്വതന്ത്രമായത് 1978 നവംബർ മൂന്നിനാണ്. കരീബിയൻ കടലിലുള്ള ദ്വീപുരാഷ്ട്രമാണ് ഡൊമിനിക്ക. യാത്രികനായ ക്രിസ്റ്റഫർ കൊളംബസായിരുന്നു ദ്വീപിന് ഡൊമിനിക്ക എന്ന പേര് നൽകിയത്. 1759 വരെ ഫ്രഞ്ച് കോളനിയായിരുന്ന രാജ്യം ബ്രിട്ടീഷുകാർ എത്തിയതോടെ ബ്രിട്ടന്റെ കോളനിയായി മാറി. 1967 ൽ ബ്രിട്ടൻ പാസാക്കിയ വെസ്റ്റ് ഇൻഡീസ് ആക്ട് അനുസരിച്ച്, ഡൊമിനിക്ക സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി മാറി. 1978 നവംബർ മൂന്നിനാണ് രാജ്യം പൂർണ്ണസ്വാതന്ത്ര്യം പ്രാപിച്ചത്. പാട്രിക് റൊണാൾഡ് ജോൺ ആയിരുന്നു ആദ്യ പ്രധാനമന്ത്രി.

സെപ്റ്റംബർ 11 ലെ ആക്രമണത്തിനുശേഷം പുതുക്കിനിർമിച്ച ലോകവ്യാപാരകേന്ദ്രത്തിന്റെ (World Trade Centre ) പുതിയ കെട്ടിടം തുറന്ന്  പ്രവർത്തനമാരംഭിച്ചത് 2014 നവംബർ മൂന്നിനായിരുന്നു. ആക്രമണം നടന്ന് 13 വർഷങ്ങൾക്കുശേഷമാണ് വേൾഡ് ട്രേഡ് സെന്റർ വീണ്ടും തുറന്നത്. തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകൾ നിലനിന്നിരുന്ന അതേ സ്ഥലത്താണ് 104 നിലകളിൽ പുതിയ കെട്ടിടം പണിതുയർത്തിയത്. 1776 അടിയാണ് കെട്ടിടത്തിന്റെ ഉയരം. പുതിയ കെട്ടിടം അറിയപ്പെടുന്നത് വൺ വേൾഡ് ട്രേഡ് സെന്റർ എന്നാണ്.

Latest News