യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് റഷ്യക്ക് ഇതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഫെബ്രുവരി മുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണ് റഷ്യയ്ക്ക് തിരിച്ചടിയായത്.
ആ ആഘാതം റഷ്യയിലെ ഓഹരി വിപണിയെ താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ബന്ധിതരാക്കി. കൂടാതെ ആളുകള്‍ തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് ആശങ്കാകുലരായി ക്യാഷ് മെഷീനുകളില്‍ ക്യൂ നില്‍ക്കുന്നതും കണ്ടു. എന്നിരുന്നാലും, റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന്റെ ശ്രദ്ധാപൂര്‍വ്വമായ മാനേജ്‌മെന്റ് കാരണം റൂബിള്‍, യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് മടങ്ങി.
ആളുകള്‍ക്ക് വിദേശത്തേക്ക് കൈമാറ്റം ചെയ്യാവുന്ന പണത്തിന്റെ അളവ് പരിമിതപ്പെടുത്തിയും വിദേശ വരുമാനത്തിന്റെ 80% റഷ്യന്‍ കറന്‍സിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുകയുമൊക്കെ ചെയ്തുകൊണ്ടായിരുന്നു റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഇടപെടലുകള്‍. വിദേശ കടങ്ങള്‍ കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനും രാജ്യത്തിന് കഴിഞ്ഞു. ഇക്കാരണങ്ങളാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ‘സാമ്പത്തിക മിന്നല്‍ ആക്രമണം’ പരാജയപ്പെട്ടുവെന്ന് പ്രസിഡന്റ് പുടിന്‍ തറപ്പിച്ചുപറഞ്ഞു.
എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സിലെ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റായ എലീന റിബക്കോവ പറയുന്നത്, ഈ ഉപരിതല സൂചകങ്ങള്‍, റഷ്യന്‍ ജനതയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ കാര്യമായൊന്നും ഗുണം ചെയ്യുന്നില്ല എന്നാണ്.
റഷ്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍, കാര്‍ കമ്പനികള്‍ എന്നിവ മറ്റു രാജ്യങ്ങളുടെ ഉപരോധത്തിന്റെ ആഘാതം ഇതിനകം അനുഭവിച്ചിട്ടുണ്ട്. റഷ്യയിലെ സെന്‍ട്രല്‍ ബാങ്ക് തന്നെ 13,000-ലധികം ബിസിനസ് സംരഭങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തിയത്, മൈക്രോചിപ്പുകള്‍, കാര്‍ ഭാഗങ്ങള്‍, പാക്കേജിംഗ് അല്ലെങ്കില്‍ ബട്ടണുകള്‍ പോലുള്ള സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതില്‍ പലരും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ്.
അസംസ്‌കൃത വസ്തുക്കളുടെയോ യന്ത്രങ്ങളുടേയോ ദൗര്‍ലഭ്യം ചില സ്ഥാപനങ്ങളെ തങ്ങളുടെ ഫാക്ടറികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനോ മറ്റെവിടെയെങ്കിലും നോക്കാനോ പ്രേരിപ്പിക്കുന്നു.
ഉദാഹരണത്തിന്, ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട, റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതി നിര്‍ത്തി. മാര്‍ച്ചില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിതരണ ശൃംഖലാ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അത്.
മൊത്തത്തിലുള്ള ഉപരോധങ്ങള്‍ പലരും പ്രതീക്ഷിച്ചതിലും വളരെ ആക്രമണാത്മകമാണെന്ന് ബ്ലൂബേ അസറ്റ് മാനേജ്മെന്റ് സാമ്പത്തിക വിദഗ്ധന്‍ തിമോത്തി ആഷ് പറയുന്നു. ‘റഷ്യയ്ക്കുനേരെയുള്ള ദീര്‍ഘകാല ആഘാതം വിനാശകരമാകുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം ബിബിസിയോട് പറഞ്ഞു. ‘അവിശ്വസനീയ പങ്കാളി എന്നു മുത്രകുത്തി റഷ്യയെ പാശ്ചാത്യ വിതരണ ശൃംഖലയില്‍ നിന്ന് ഒഴിവാക്കുന്നത്’ രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ‘വിപരീത വ്യവസായവല്‍ക്കരണ’ കാലഘട്ടത്തെ അഭിമുഖീകരിക്കുമെന്ന് ബാങ്ക് ഓഫ് റഷ്യ പോലും സമ്മതിച്ചിട്ടുണ്ട്.
‘യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്ക് സാമ്പത്തിക വിപണികളിലേക്ക് പരിമിതമായ പ്രവേശനവും, താഴ്ന്ന വളര്‍ച്ചയും, താഴ്ന്ന ജീവിത നിലവാരവും, ഉയര്‍ന്ന ചിലവും ഉണ്ടാകും,’ ആഷ് കൂട്ടിച്ചേര്‍ക്കുന്നു.
പല സാധാരണ റഷ്യക്കാരും, തൊഴില്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയിലാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരുപാട് ആളുകള്‍ക്ക് ഒരു ധാരണയുമില്ല.
മുപ്പതുകാരിയായ ഓള്‍ഗ മോസ്‌കോ ബാങ്ക് ജീവനക്കാരിയാണ്. യുദ്ധത്തിനു മുമ്പുള്ള അവളുടെ ജീവിതനിലവാരത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവള്‍ ശ്രമിക്കുന്നു, പക്ഷേ ഈ സാഹചര്യത്തില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടാണ്. എങ്കിലും ഈ മാസം ആദ്യം, അവധിക്കാലം ആഘോഷിക്കാന്‍ തുര്‍ക്കിയിലേക്ക് അവള്‍ ഒരു ഫ്‌ലൈറ്റ് ബുക്ക് ചെയ്തു – റഷ്യക്കാര്‍ക്ക് ഇപ്പോഴും തുറന്നിരിക്കുന്ന വളരെ കുറച്ച് വിദേശ രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. യുദ്ധത്തിന് മുമ്പ് ഒരു വിമാന ടിക്കറ്റിന് 15,000 റൂബിള്‍സാണ് നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ 55,000 റൂബിള്‍സ് നല്‍കണം.
മോസ്‌കോയില്‍ നിന്ന് 500 കിലോമീറ്റര്‍ തെക്ക് അകലെയുള്ള വൊറോനെഷ് നഗരത്തില്‍ നിന്നുള്ള 79-കാരിയായ ല്യൂഡ്മിലയ്ക്ക്, അടിസ്ഥാന ആവശ്യങ്ങള്‍ പോലും കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു. ‘ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാര്‍ക്കറ്റില്‍ പോകും. ഓരോ തവണയും സാധനങ്ങള്‍ക്ക് വില കൂടും. കഴിഞ്ഞ തവണ പാലിന് അഞ്ച് റൂബിളും തക്കാളിക്ക് 10 ഉം വര്‍ധിച്ചു.’
33 കാരനായ ദിമിത്രി, ചെറിയ സൈബീരിയന്‍ പട്ടണമായ റുബ്സോവ്സ്‌കില്‍ നിന്നുള്ള ഒരു മസാജറാണ്. യുദ്ധത്തിന് മുമ്പ്, അദ്ദേഹത്തിന് നല്ല ജീവിതനിലവാരം ഉണ്ടായിരുന്നു. പക്ഷേ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍, അദ്ദേഹത്തിന്റെ ചെലവുകള്‍ 50% വര്‍ദ്ധിച്ചു.
ഇതൊക്കെയാണെങ്കിലും മിക്ക റഷ്യക്കാരും ഇപ്പോഴും ഈ യുദ്ധത്തെ ശക്തമായി പിന്തുണയ്ക്കുന്നു. മിക്കവീടുകളിലേയും ഫ്രിഡ്ജ് ഒഴിഞ്ഞുകിടക്കുമ്പോഴും ഔദ്യോഗിക പ്രചരണങ്ങള്‍ കൊണ്ട് നിറഞ്ഞ ടി വി സെറ്റ് അവര്‍ എപ്പോഴും ഓണ്‍ ചെയ്ത് വയ്ക്കുന്നു.
മക്ഡൊണാള്‍ഡ്സ്, ലെവീസ് തുടങ്ങിയ പാശ്ചാത്യ ബ്രാന്‍ഡുകള്‍, രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടും ആയിരക്കണക്കിന് റഷ്യന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തുടരുന്നു. എന്നാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ തൊഴില്‍ നഷ്ടം വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്ന് ആശങ്കയുണ്ട്.
മോസ്‌കോയുടെ മേയര്‍ സെര്‍ജി സോബിയാനിന്‍, നഗരത്തില്‍ മാത്രം ഏകദേശം 200,000 തൊഴിലവസരങ്ങള്‍ അപകടത്തിലാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ട്രേഡിംഗ് ഇക്കണോമിക്‌സ് പ്രവചിക്കുന്നത് റഷ്യയിലുടനീളമുള്ള തൊഴിലില്ലായ്മ നിരക്ക് 2024 ഓടെ 7% ആയി ഉയരുമെന്നാണ്.
ഐടി തൊഴിലാളികളുടെയും മറ്റ് പ്രൊഫഷണലുകളുടെയും ഒരു വലിയ പലായനം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്. ‘മസ്തിഷ്‌ക ചോര്‍ച്ച’ എന്നാണ് ഇത് അറിയപ്പെടുന്നത്.
നിരവധി കണ്‍സള്‍ട്ടന്‍സികള്‍ തൊഴിലാളികളെ രാജ്യത്ത് നിന്ന് പിന്‍വലിച്ചു, അതേസമയം ലാത്വിയ ആസ്ഥാനമായുള്ള സ്വതന്ത്ര റഷ്യന്‍ വാര്‍ത്താ വെബ്സൈറ്റായ മെഡൂസയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,000 Yandex ജീവനക്കാര്‍ റഷ്യ വിട്ടുപോയി. ശേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നത് വലിയ ആശങ്കയാണ്.
യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പാചക എണ്ണകള്‍ പോലുള്ളവയുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ ഇപ്പോള്‍ വീണ്ടും സാധനങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എല്ലാത്തിനും വില കൂടുതലാണ്. പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും കുതിച്ചുയരുന്ന വിലയുമായി പൊരുതുന്ന സാഹചര്യത്തിലാണ് വീണ്ടും വിലക്കയറ്റം.
എന്നാല്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരായ റഷ്യക്കാരായാണ്. അഭൂതപൂര്‍വമായ ഉപരോധം നിലവിലുണ്ടെങ്കിലും റഷ്യന്‍ സര്‍ക്കാരിന് അതിന്റേതായ സാമ്പത്തിക ലൈഫ്ലൈന്‍ ഉണ്ടെന്നത് മാത്രമാണ് ചെറിയ ആശ്വാസം. കാരണം അവര്‍ക്ക് ഇപ്പോഴും ധാരാളം എണ്ണയും വാതകവും വില്‍ക്കാന്‍ കഴിയും.