രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ യു. എസ്. യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടെത്തിയതായി വെളിപ്പെടുത്തി യു. എസ്. – ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ. ജാപ്പനീസ് നാവികസേനയുമായുള്ള അവസാന പോരാട്ടത്തിനിടെ മുങ്ങിയ ‘ഡാൻസിംഗ് മൗസ്’ എന്നറിയപ്പെടുന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
1942 ൽ ലഫ്റ്റനന്റ് ജോഷ്വ നിക്സിന്റെ നേതൃത്വത്തിൽ യുദ്ധത്തിലേർപ്പെട്ടിരുന്ന കപ്പൽ, ഓസ്ട്രേലിയൻ തീരത്തുവച്ചാണ് മുങ്ങിയത്. ഓസ്ട്രേലിയയിലെ യു. എസ്. അംബാസഡർ കരോളിൻ കെന്നഡി തിങ്കളാഴ്ചയാണ് എഡ്സലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. മുങ്ങുന്നതിനുമുൻപ് ജാപ്പനീസ് യുദ്ധക്കപ്പലുകളിൽനിന്നും ക്രൂയിസറുകളിൽനിന്നുമുള്ള 1,400 ഷെല്ലുകൾ ഒഴിവാക്കിക്കൊണ്ട് ജോഷ്വ നിക്സും സംഘവും ധീരമായി പോരാടിയിരുന്നു എന്നും യു. എസ്. അംബാസഡർ ചൂണ്ടിക്കാട്ടി.
നാവിക സഹായകപ്പലായ എം. വി. സ്റ്റോക്കറിൽ അത്യാധുനിക ഹൈഡ്രോഗ്രാഫിക് സർവേ ശേഷിയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ഓസ്ട്രേലിയൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട് പറഞ്ഞു. 1942 മാർച്ച് ഒന്നിന് കപ്പൽ മുങ്ങുന്നതിനുമുമ്പ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഓസ്ട്രേലിയയെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് നിരവധി യുദ്ധങ്ങൾ നടത്തിയതിന് എഡ്സാൽ ക്രൂവിനെ ഹാമണ്ട് പ്രശംസിച്ചു.
ആ ദിവസം, ജാപ്പനീസ് കാരിയർ അധിഷ്ഠിത വിമാനം ക്രിസ്മസ് ദ്വീപിന് 200 മൈൽ തെക്ക് – തെക്കുകിഴക്കായി യു. എസ്. ഡിസ്ട്രോയറിനെ കണ്ടെത്തിയതായി യു. എസ്. നേവൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് കമാൻഡിന്റെ വെബ്സൈറ്റിലെ എഡ്സലിന്റെ അവസാന യുദ്ധത്തിന്റെ വിവരണം വെളിപ്പെടുത്തുന്നു. ജാപ്പനീസ് വൈസ് അഡ്മിറൽ ചുയിച്ചി നാഗുമോ തന്റെ സേനയുടെ 16 മൈലിനുള്ളിൽ യു. എസ്. യുദ്ധക്കപ്പൽ കണ്ടെത്തിയതിൽ പ്രകോപിതനായെന്നും ഉടൻതന്നെ തടയാൻ ഉത്തരവിട്ടതായും എൻ. എച്ച്. എച്ച്. സി. ഡയറക്ടർ സാമുവൽ കോക്സ് പറഞ്ഞു.
അന്ന് ആധുനിക സംവിധാനങ്ങളുണ്ടായിരുന്ന ജാപ്പാനീസ് യുദ്ധസംവിധാനങ്ങളോട് കിടപിടിക്കാൻ ഈ കപ്പലിനു കഴിഞ്ഞില്ല എങ്കിലും ധീരമായി പോരാടാൻ ഈ കപ്പലും അതിലെ ടീമും തീരുമാനിക്കുകയായിരുന്നു. 14 ഇഞ്ച്, 8 ഇഞ്ച് ഷെല്ലുകളിൽനിന്ന് എഡ്സാൽ രക്ഷപ്പെടുന്നത് കണ്ടതിനുശേഷം, ജാപ്പനീസ് കമാൻഡർമാർ അവരുടെ മൂന്ന് വിമാനവാഹിനി കപ്പലുകളിൽനിന്ന് ഡസൻകണക്കിന് ഡൈവ് ബോംബറുകളുമായി കപ്പലിനെ ആക്രമിക്കാൻ ഉത്തരവിട്ടു. ഈ ആക്രമണത്തെ ആദ്യം അതിജീവിച്ചുവെങ്കിലും വൈകാതെ തകർന്ന കപ്പൽ ആഴങ്ങളിലേക്കു മുങ്ങുകയായിരുന്നു.
“ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ ഒരു വിശുദ്ധസ്ഥലമാണ്. അക്കാലത്ത് 185 U.S. നേവി ഉദ്യോഗസ്ഥർക്കും 31 U.S. ആർമി എയർഫോഴ്സ് പൈലറ്റുമാർക്കും ഒരു അടയാളമായി പ്രവർത്തിക്കുന്നു. എഡ്സൽ യുദ്ധത്തിൽ തകർന്നപ്പോൾ അതിനുള്ളിലെ എല്ലാവരും മരണത്തെ പുല്കിയിരുന്നു. വളരെയധികം പ്രതികൂലസാഹചര്യങ്ങൾ നേരിടുമ്പോൾപോലും കപ്പൽ ഉപേക്ഷിക്കരുത് എന്ന U.S. നേവി സിദ്ധാന്തത്തിന് അനുസൃതമായി എഡ്സലിന്റെ കമാൻഡിംഗ് ഓഫീസർ പ്രവർത്തിച്ചു” – യു. എസ്. നാവിക ഓപ്പറേഷൻസ് മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റി തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.