Thursday, January 30, 2025

സീലാൻഡിയ: കടലിൽ മറഞ്ഞ എട്ടാമത്തെ വൻകര

ലോകത്ത് ഏഴു ഭൂഖണ്ഡങ്ങളുണ്ടെന്ന് നമുക്കറിയാം. എന്നാൽ എട്ടാമതൊരു ഭൂഖണ്ഡമുണ്ടോ? ഉണ്ട് എന്നാണ് ശാസ്ത്രലോകം തെളിയിക്കുന്നത്. എന്നാൽ, ഈ ഭൂഖണ്ഡത്തിന്റെ 94 ശതമാനവും വെള്ളത്തിനടിയിലാണെന്നുമാത്രം. അതാണ് സീലാൻഡിയ എന്നപേരിൽ അറിയപ്പെടുന്നതും കടലിൽ മറഞ്ഞതുമായ ഭൂഖണ്ഡം.

ന്യൂസിലൻഡ് എന്ന രാജ്യത്തെക്കുറിച്ച് നമുക്കറിയാം. സീലാൻഡിയയുടെ ഇന്നത്തെ ശേഷിപ്പാണ് ഈ ന്യൂസിലൻഡ്. നിലവിൽ ഭൂമുഖത്ത് ന്യൂസിലൻഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്റേതായി നിലനിൽക്കുന്നുള്ളൂ. ബാക്കി ഭാഗമെല്ലാം വെള്ളത്തിനടിയിലാണ്. 375 വർഷത്തെ ഊഹാപോഹങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും ശേഷമാണ് ഇത്തരത്തിലൊരു ഭൂഖണ്ഡമുണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുന്നത്.

ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭൂഖണ്ഡമായിരുന്നു സീലാൻഡിയ. 500 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പടിഞ്ഞാറൻ അൻറാർട്ടിക്കയും കിഴക്കൻ ഓസ്‌ട്രേലിയയും ഉൾപ്പെട്ടിരുന്ന ‘ഗോണ്ട്വാന’ എന്ന പുരാതന സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ 105 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് സീലാൻഡിയ ഗോണ്ട്വാനയിൽനിന്ന് വിഭജിക്കപ്പെട്ടു. അതിന്റെ കാരണങ്ങൾ ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യന്മാർ ഇങ്ങനെയൊരു ഭൂഖണ്ഡം ഭൂമിയുടെ തെക്കേയറ്റത്ത് ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു. അന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും അവരുടെ വിശ്വാസപ്രകാരം ഉണ്ടാകുമെന്നു കരുതിയ ആ ഭൂഖണ്ഡത്തിന് ടെറാ ഓസ്‌ട്രേലിസ് എന്ന പേര് നൽകിയിരുന്നു. പിന്നീട് 1642 ൽ ആബെൽ ടാസ്മാൻ എന്ന ഡച്ച് നാവിക പര്യവേക്ഷകൻ ഈ ഭൂഖണ്ഡം തേടി യാത്ര തുടങ്ങി. എന്നാൽ ഈ കര കണ്ടെത്തുന്നതിൽ ടാസ്മാൻ പരാജയപ്പെട്ടു. ന്യൂസിലാണ്ടിലെ തെക്കൻ ദ്വീപിൽ ആബെൽ ടാസ്മാൻ ഇറങ്ങിയപ്പോൾ, പ്രാദേശികരായ മാവോറികളെ അദ്ദേഹം കണ്ടുമുട്ടി. അവരുമായി ഏറ്റുമുട്ടേണ്ടതായും വന്നു അദ്ദേഹത്തിന്. എങ്കിലും കിഴക്ക് ഒരു വലിയ ഭൂപ്രദേശം ഉണ്ടായിരുന്നുവെന്ന നിർണ്ണായകവിവരം അദ്ദേഹത്തിന് സ്ഥിരീകരിക്കാനായി.

പിന്നീട് പലരും ഈ മേഖലയിൽ ഗവേഷണങ്ങൾ നടത്തി എങ്കിലും ശാത്രജ്ഞന്മാർക്കിടയിൽ ഇപ്രകാരം ഒരു ഭൂഖണ്ഡം നിലനിന്നിരുന്നു എന്ന അഭിപ്രായം ഏകീകരിക്കപ്പെടുന്നതിന് വർഷങ്ങളെടുത്തു. ഒടുവിൽ 2017 ലാണ്, ജി. എൻ. എസ്. ജിയോളജിസ്റ്റുകൾ സിലാൻഡിയയുടെ അസ്തിത്വം സ്ഥിരീകരിക്കുന്നത്.

Latest News