Friday, November 22, 2024

‘ഇവിടെ ശ്വസിക്കുക അസാധ്യമാണ് ‘: ലോകത്തിലെ ഏറ്റവും മലിനമായ നഗരത്തിലെ ജീവിതം

“എനിക്ക് ശ്വാസം മുട്ടുന്നു. ശ്വസിക്കാൻ സാധിക്കുന്നില്ല. ശ്വസിക്കുമ്പോൾ ചുമ വർധിക്കുകയും അത് മോശമാകുകയും ചെയ്യുന്നു” – ഡൽഹിയിൽനിന്നുള്ള 64 കാരനായ ദീപക് രജക് ഏറെ ബുദ്ധിമുട്ടിയാണ് തന്റെ വാക്കുകൾ പൂർത്തിയാക്കിയത്. വായുമലിനീകരണത്തോത് വർധിച്ച, ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ആസ്തമയും മറ്റുമുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനാൽ ബന്ധുക്കൾ ആശങ്കാകുലരാണ്. ഇന്ന് ഡൽഹിയിലെ പലരുടെയും അവസ്ഥ ഇതാണ്.

ഇന്ത്യൻ തലസ്ഥാനത്ത് ഓരോ ശൈത്യകാലത്തും വഷളാകുന്ന അപകടകരമായ വായുമലിനീകരണം മൂലം വർധിച്ചുവരുന്ന രോഗികളെ ചികിത്സിക്കുന്നതിനായി ഡൽഹിയിലെ റാം മനോഹർ ലോഹിയ (ആർ. എം. എൽ.) ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്ക് കഴിഞ്ഞ വർഷമാണ് സ്ഥാപിക്കുന്നത്. ഇതിനുശേഷം ധാരാളം ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഇവിടെയെത്തുന്ന ഭൂരിഭാഗം ആളുകളും മോശമായ വായുമലിനീകരണത്തിന്റെ അന്തരഫലമായി രോഗികളായി മാറിയവരായിരുന്നു എന്ന് ഇവിടുത്തെ ഡോക്ടർമാർ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മാസം അവസാനം മുതൽ ഡൽഹിയിൽ മലിനമായ മൂടൽമഞ്ഞ് പടരുകയും പകൽപോലും രാത്രിയായി തോന്നുകയും വിമാനസർവീസുകളെ തടസ്സപ്പെടുകയും കാഴ്ച മറയ്ക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു. ആഗോള വായുഗുണനിലവാര നിരീക്ഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച്, മനുഷ്യന്റെ ആരോഗ്യത്തിന് ഇത്ര അപകടകരമായ വായു മറ്റെവിടെയും ഇല്ല.

അധികൃതർ സ്കൂളുകൾ അടച്ചുപൂട്ടുകയും ആളുകളോട് വീട്ടിൽ തന്നെ തുടരാൻ അഭ്യർഥിക്കുകയും ചെയ്തതോടെ ഡൽഹി മുഖ്യമന്ത്രി അതിഷി ‘മെഡിക്കൽ എമർജൻസി’ പ്രഖ്യാപിച്ചു. എന്നാൽ, പലപ്പോഴും ഇത് ഒരു പ്രായോഗികമല്ലാത്ത രീതിയായി മാറുകയാണ്. ദൈനംദിന ജോലികൾക്കും ആവശ്യങ്ങൾക്കുമൊക്കെയായി പുറത്തിറങ്ങുന്നവരിൽ ഈ മലിനമായ കാലാവസ്ഥ അപകടം വരുത്തുന്നുണ്ട്.

“എനിക്ക് എന്താണ് ചെയ്യാൻ കഴിയുക? എനിക്ക് ജോലിക്കു പോകണമെങ്കിൽ വീടിനു പുറത്തിറങ്ങണം. അല്ലെങ്കിൽ വീട്ടിൽ ഭക്ഷണം കാണില്ല. ഞാൻ വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ എന്റെ തൊണ്ട പൂർണ്ണമായും അടയുന്നു. വൈകുന്നേരമാകുമ്പോഴേക്കും ശ്വാസമെടുക്കാനാകാതെ ഞാൻ തളരുന്നു” – ഡ്രൈ ക്ലീനിംഗ് ജോലിയെ ആശ്രയിക്കുന്ന രജക് വെളിപ്പെടുത്തുന്നു.

ഡൽഹിയിൽ താമസിക്കുന്ന ധാരാളം ആളുകൾക്കും വായുമലിനീകരണത്തിന്റെ ഫലമായി നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. പലർക്കും കണ്ണുകളിൽ നീറ്റലും തോണ്ടയ്ക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നു. ശ്വാസംമുട്ടലുള്ളവർക്ക് അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്രായമായവരിൽ പലർക്കും ആരോഗ്യം മോശമാകുന്നുമുണ്ട്.

രണ്ടു പതിറ്റാണ്ടിലേറെയായി ഉയർന്ന തോതിലുള്ള വായുമലിനീകരണവുമായി മല്ലിടുകയാണ് ഡൽഹി. വേനൽക്കാലത്തെ ചൂട്, തണുപ്പുള്ള മാസങ്ങൾക്ക് വേഗത്തിൽ വഴിയൊരുക്കുന്നതിനാൽ ഓരോ വർഷവും വായുവിന്റെ ഗുണനിലവാരം വഷളാകുന്നു. കാറ്റില്ലാത്ത ദിവസങ്ങൾ കൂടുന്നു. ഇതിനെ തടയാൻ ഗതാഗതനിയന്ത്രണം, നിർമാണപ്രവർത്തനങ്ങളിലെ നിയന്ത്രണം അങ്ങനെ പലതും കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഡൽഹി ഭരണകൂടം. എന്നാൽ, ഇതിനൊക്കെ അപ്പുറം കൂടുതൽ കാര്യങ്ങൾ ചെയ്തെങ്കിൽ മാത്രമേ വരുംവർഷങ്ങളിലും ഈ പ്രതിസന്ധിക്ക് ഒരു ശമനമുണ്ടാവുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News